ഇന്ത്യയില്‍ ധീരതയ്ക്കുള്ള ആദ്യത്തെ അവാര്‍ഡ് ലഭിച്ചത് നെഹ്റുവിന്‍റെ ജീവന്‍ രക്ഷിച്ച വിദ്യാര്‍ത്ഥിക്കാണോ?

By Web TeamFirst Published Oct 20, 2019, 5:21 PM IST
Highlights

ഹരീഷിന്‍റെ ധീരതയും സമര്‍പ്പണമനോഭാവവും കണ്ട നെഹ്റുവിന് അവന് അര്‍ഹമായ തരത്തിലുള്ള ആദരവ് നല്‍കണം എന്ന് തോന്നി. 

ഇന്ത്യയില്‍ എല്ലാ വര്‍ഷവും ധീരതയ്ക്കുള്ള അവാര്‍ഡുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കാറുണ്ട്. പതിനാറ് വയസ്സില്‍ താഴെയുള്ള 25 പേര്‍ക്കാണ് അവാര്‍ഡ് സമ്മാനിക്കാറ്. എങ്ങനെയാണ്, എന്നാണ് ഇത്തരമൊരവാര്‍ഡ് നിലവില്‍ വന്നത്? ആര്‍ക്കാണ് ഈ അവാര്‍ഡ് ആദ്യമായി ലഭിച്ചത്? ഹരീഷ് ചന്ദ്ര മെഹ്‍റ അതാണ് ഇന്ത്യയില്‍ ആദ്യമായി ധീരതയ്ക്കുള്ള അവാര്‍ഡ് ലഭിച്ച ആളുടെ പേര്. ദില്ലിയിലെ ചാന്ദ്നി ചൗക്കിലുള്ളയാളാണ് ഹരീഷ്. ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ജീവന്‍ രക്ഷിച്ചതിനാണ് ഹരീഷിനെ ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. 

1957 -ലാണ്. നെഹ്‍റു രാംലീലയില്‍ രാംലീല ആഘോഷങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നു. അന്ന് 14 വയസ്സുള്ള ഹരീഷ് അവിടെ സ്‍കൗട്ട് അംഗമായി പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നു. പെട്ടെന്നാണ് നെഹ്റുവുണ്ടായിരുന്ന ടെന്‍റിന് തീപ്പിടിച്ചത്. അവിടെക്കൂടിയിരിക്കുന്ന ആരും അത് ശ്രദ്ധിച്ചില്ലെന്ന് മനസ്സിലായ ഹരീഷ് ഉടനെത്തന്നെ സ്വന്തം ജീവന്‍ പോലും കാര്യമാക്കാതെ ടെന്‍റിനകത്തേക്ക് കടന്നുചെന്ന് നെഹ്റുവിന്‍റെ കൈപിടിച്ചുവലിച്ച് അദ്ദേഹത്തെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. തീര്‍ന്നില്ല, എല്ലാവരും ടെന്‍റ് ഉപേക്ഷിക്കുമ്പോഴും തന്‍റെ കൂടെയുണ്ടായിരുന്നവരുടെ സഹായത്തോടെ ടെന്‍റിലേക്ക് കടന്നുചെന്ന് തീപ്പിടിച്ചിരിക്കുന്ന തുണി മുറിച്ചുമാറ്റി അവിടെയുണ്ടായിരുന്നവരെയൊക്കെ പുറത്തുകടക്കാന്‍ സഹായിച്ചു ആ വിദ്യാര്‍ത്ഥി. ആ ദിവസത്തെ തന്നെ രക്ഷിച്ചത് ഹരീഷാണ്. 

യാതൊരുതരത്തിലുള്ള സുരക്ഷാസംവിധാനവുമില്ലാതെയാണ് ഹരീഷിത് ചെയ്‍തത്. ഹരീഷിന്‍റെ കയ്യില്‍ നല്ല പൊള്ളലേറ്റിരുന്നു. ഹരീഷിന്‍റെ ധീരതയും സമര്‍പ്പണമനോഭാവവും കണ്ട നെഹ്റുവിന് അവന് അര്‍ഹമായ തരത്തിലുള്ള ആദരവ് നല്‍കണം എന്ന് തോന്നി. അത് ഇന്ത്യയാകെ അറിയുന്ന തരത്തിലുള്ള ആദരവാകണം എന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ മകള്‍ ഇന്ദിര തന്നെ നേരിട്ട് ഹരീഷിന്‍റെ സ്കൂളില്‍ ചെന്ന് ഇതിനെക്കുറിച്ച് അറിയിച്ചു. 

1958 ഫെബ്രുവരി മൂന്നിന് ധീരതയ്ക്കുള്ള ആദ്യത്തെ നാഷണല്‍ അവാര്‍ഡ് സമ്മാനിച്ചു. പ്രധാനമന്ത്രി തന്‍റെ കൈകൊണ്ട് തന്നെയാണ് അത് നല്‍കിയത്. പിന്നീട് ഓരോ വര്‍ഷവും ഈ അവാര്‍ഡ് നല്‍കിത്തുടങ്ങി. അതേ വര്‍ഷം തന്നെ റിപ്പബ്ലിക് ദിന പരേഡ് നയിക്കാനുള്ള അവസരവും ഹരീഷിന് ലഭിച്ചു. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍, അഞ്ചുവര്‍ഷത്തിനുശേഷം പഠനമുപേക്ഷിച്ച് തന്‍റെ വീട്ടുകാരെ നോക്കാനായി ജോലിക്ക് പോകേണ്ടിവന്നു ഹരീഷിന്. ചാന്ദ്നി ചൗക്കില്‍ 'നെഹ്റുവിന്‍റെ ജീവന്‍ രക്ഷിച്ച കുട്ടി' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 


 

click me!