തന്നെ ഇടതനെന്നു വിളിച്ച പീയൂഷ് ഗോയലിനെതിരെ ആഞ്ഞടിച്ച് അഭിജിത് ബാനർജി

By Web TeamFirst Published Oct 20, 2019, 1:06 PM IST
Highlights

നരേന്ദ്ര മോദി സർക്കാരിന്റെ നോട്ടുനിരോധനത്തെ ഏറ്റവും നിശിതമായി വിമർശിച്ചവരിലൊരാൾ അഭിജിത് ബാനർജിയാണ്. അതുമാത്രമല്ല, 2019 -ലെ പൊതു തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ വിദഗ്ധ ഉപദേശത്തിന്റെ സഹായത്തോടെയാണ് കോൺഗ്രസിന്റെ പ്രകടനപത്രികയിലെ ന്യായ് പദ്ധതി വിഭാവനം ചെയ്യപ്പെട്ടത്. 

ദില്ലി: അഭിജിത് ബാനർജി എന്ന സാമ്പത്തികശാസ്ത്രജ്ഞൻ ഇടതുപക്ഷ ചായ്‌വുള്ള ആളാണ് എന്ന് പറഞ്ഞ കേന്ദ്ര റെയിൽവേ വാണിജ്യ വകുപ്പുമന്ത്രി പീയൂഷ് ഗോയലിന് ചുട്ട മറുപടിയുമായി അഭിജിത് ബാനർജി. 'എന്റെ പ്രൊഫഷണലിസത്തെയാണ് മന്ത്രി ചോദ്യം ചെയ്തിരിക്കുന്നത്' എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യപ്രതികരണം. "കോൺഗ്രസുകാർ എന്നോട് ചോദിച്ചത് ഒരു പ്രത്യേകവരുമാനപരിധിക്ക് താഴെയുള്ള ജനങ്ങളെപ്പറ്റിയുള്ള കണക്കുകളാണ്. അതാണ് എന്റെ ഈ മേഖലയിലെ പരിജ്ഞാനം വെച്ച് ഞാൻ അവർക്ക് നൽകിയത്. അതേ കണക്കുകൾ ബിജെപി വന്നു ചോദിച്ചാൽ ഞാനെന്താ അവർക്ക് കൊടുക്കില്ലേ..? തീർച്ചയായും കൊടുക്കും. ഞാൻ ഒരു സാമ്പത്തികശാസ്ത്ര പ്രൊഫഷണലാണ്. ഞാൻ എല്ലാ പാർട്ടികളോടും ഒരേ പ്രൊഫഷണലിസം തന്നെയാണ് കാണിക്കുന്നത്" എന്നും ബാനർജി പ്രതികരിച്ചു.

അഭിജിത് ബാനർജി ജനിച്ചതും, വളർന്നതുമൊക്കെ ഇന്ത്യയിൽ തന്നെയാണ്. അദ്ദേഹം സാമ്പത്തികശാസ്ത്രത്തിലുള്ള തന്റെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത് ജെഎൻയുവിൽ നിന്നാണ്. അവിടെ അദ്ദേഹം ഇടതുപക്ഷസംഘടനകളുമായി അഭിമുഖ്യം പുലർത്തിയിരുന്നു എന്ന രീതിയിലുള്ള വിമർശനങ്ങൾ വലതുപക്ഷ സംഘടനകളിൽ നിന്നുയർന്നുവന്നിരുന്നു. ബിജെപിക്ക് ജെഎൻയുവിലെ ഇടതുപക്ഷ സംഘടനകളോടുള്ള എതിർപ്പും ഈ വിമർശനങ്ങൾക്ക് ഒരു പരിധിവരെ കാരണമാണ്.

നരേന്ദ്ര മോദി സർക്കാരിന്റെ നോട്ടുനിരോധനത്തെ ഏറ്റവും നിശിതമായി വിമർശിച്ചവരിലൊരാൾ അഭിജിത് ബാനർജിയാണ്. അതുമാത്രമല്ല, 2019 -ലെ പൊതു തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ വിദഗ്ധ ഉപദേശത്തിന്റെ സഹായത്തോടെയാണ് കോൺഗ്രസിന്റെ പ്രകടനപത്രികയിലെ ന്യായ് പദ്ധതി വിഭാവനം ചെയ്യപ്പെട്ടത്. ഇതൊക്കെ ചേർന്നാണ് അഭിജിത് ബാനർജി എന്ന സാമ്പത്തികശാസ്ത്രജ്ഞനെ ബിജെപി നേതാക്കൾക്ക് അപ്രിയനാക്കിയത്. പീയുഷ് ഗോയലിന്റെ പ്രസ്താവനയുടെ പിന്നിലെ വികാരവും ഏറെക്കുറെ ഇതുതന്നെ. ബാനർജിക്ക് തന്റെ പുവർ എക്കണോമിക്സ് സംബന്ധിയായ പഠനങ്ങളെ ആസ്പദമാക്കി നൊബേൽ സമ്മാനം കിട്ടിയപ്പോൾ മോദിയുടെ ട്വിറ്റർ ഹാൻഡിലിൽ നിന്ന് ഒരു അഭിനന്ദനസന്ദേശം വന്നു എന്നതൊഴിച്ചാൽ കേന്ദ്രസർക്കാരിന്റെ പ്രതികരണം ഏറെ തണുപ്പൻ മട്ടിലുള്ളതായിരുന്നു. അതിനിടെയാണ് അദ്ദേഹത്തെ വിമർശിച്ചുകൊണ്ട് പീയൂഷ് ഗോയലിന്റെ പ്രസ്താവന വരുന്നത്.

 

വെള്ളിയാഴ്ച പീയൂഷ് ഗോയൽ ഒരു പ്രസ്സ് മീറ്റിനിടെ അഭിജിത് ബാനർജിയെപ്പറ്റി പറഞ്ഞത് ഇങ്ങനെയാണ്, " അഭിജിത് ബാനർജിയുടെ നൊബേൽ സമ്മാനലബ്ധിയിൽ അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. എന്നാൽ, അദ്ദേഹം ഒരു ഇടതുപക്ഷചിന്തകനാണ് എന്ന വസ്തുത നിങ്ങൾക്കൊക്കെ അറിവുള്ളതാണല്ലോ. അദ്ദേഹം കൂടി സഹായിച്ചിട്ടാണ് കോൺഗ്രസ് പ്രകടനപത്രികയിലൂടെ ന്യായ് പദ്ധതി അവതരിപ്പിച്ചത്. അതിനെ പൊതുജനം തെരഞ്ഞെടുപ്പിൽ പുറംകാലുകൊണ്ട് തട്ടിയെറിയുകയാണ് ഉണ്ടായത്."

മന്ത്രിയുടെ ഈ പ്രസ്താവനയ്ക്കുള്ള മറുപടിയാണ് തന്റെ 'ഗുഡ് എക്കണോമിക്സ് ഫോർ ഹാർഡ് ടൈംസ് - ബെറ്റർ ആൻസർ ടു അവർ ബിഗ്ഗെസ്റ്റ് പ്രോബ്ലംസ്'  എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ സംബന്ധിക്കാനായി ദില്ലിയിലെത്തിയപ്പോൾ അദ്ദേഹം നൽകിയത്. തന്നോട് പീയൂഷിന്റെ പ്രസ്താവനയെപ്പറ്റി ചോദിച്ച എൻഡിടിവിയോടാണ് അദ്ദേഹം തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്. "ഇങ്ങനെയൊക്കെ പറയുന്നത് ക്രിയാത്മകമായ ഒരു സമീപനമാണെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് നൊബേൽ സമ്മാനം കിട്ടിയിരിക്കുന്നത് എന്റെ ഗവേഷണത്തിന്റെ മെറിറ്റിലാണ്. അതിന്റെ ക്രെഡിബിലിറ്റി ചോദ്യം ചെയ്തിട്ട് എന്താണ് കാര്യം? കോൺഗ്രസ് എന്നോട് ചോദിച്ചപ്പോൾ നല്‍കിയതുപോലെ ബിജെപി വന്നു ചോദിച്ചാലും ഞാൻ സാമ്പത്തികശാസ്ത്രത്തെ സംബന്ധിക്കുന്ന എന്തുചോദ്യത്തിനും ഉത്തരം നൽകും. അത് എന്റെ ജോലിയാണ്. ഞാൻ ഒരു സാമ്പത്തികശാസ്ത്ര വിദഗ്ധനാണ്. അത് ഒരു പാർട്ടിയ്ക്ക് മാത്രമായി സീമിതമല്ല. സാമ്പത്തികശാസ്ത്രത്തെപ്പറ്റിയുളള എന്റെ ധാരണകൾ പാർട്ടിക്കനുസരിച്ച് മാറുന്ന ഒന്നല്ല. ആരെങ്കിലും എന്നോട് ചോദ്യങ്ങൾ ചോദിച്ചാൽ, നിങ്ങൾ എന്തിനു ചോദിച്ചു എന്ന് ഞാൻ ഒരിക്കലും ചോദിക്കില്ല. ഞാൻ എന്നെക്കൊണ്ടാകും വിധം ആ ചോദ്യങ്ങൾക്ക് മറുപടി നൽകാനേ ശ്രമിക്കൂ..." അദ്ദേഹം പറഞ്ഞു.

"എന്റെ സാമ്പത്തികശാസ്ത്ര സംബന്ധിയായ പഠനങ്ങളിൽ എനിക്ക് പാർട്ടിഭേദമില്ല. അവിടെ വസ്തുതകൾക്കും സ്ഥിതിവിവരക്കണക്കുകൾക്കും മാത്രമേ സ്ഥാനമുള്ളൂ. എത്രയോ സംസ്ഥാനസർക്കാരുകൾക്കുവേണ്ടി ഞാൻ എന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. അവയിൽ പലതും ബിജെപി സർക്കാരുകളായിരുന്നു. ഞങ്ങൾ ഗുജറാത്ത് മലിനീകരണ നിയന്ത്രണ ബോർഡിനുവേണ്ടി പ്രവർത്തിച്ച സമയത്ത് ഗുജറാത്ത് ഭരിച്ചിരുന്നത് നരേന്ദ്രമോദി സർക്കാരായിരുന്നല്ലോ. അന്ന് ഞങ്ങൾക്ക് അവിടെ നിന്ന് സ്തുത്യർഹമായ സഹകരണമാണ് കിട്ടിയത്. ഞങ്ങളുടെ പഠനങ്ങളുടെ ഫലങ്ങളെ മുഖവിലയ്‌ക്കെടുക്കാനും, അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മലിനീകരണനിയന്ത്രണ നയങ്ങളിൽ മാറ്റങ്ങൾ വരുത്താനും അന്ന് അവർ തയ്യാറായിരുന്നു. അതൊക്കെ വളരെ അഭിനന്ദനീയമായ കാര്യങ്ങളാണ്.. " ബാനർജി തുടർന്നു.

അതിനിടെ അഭിജിത് ബാനർജിയും പീയൂഷ് ഗോയലും തമ്മിലുണ്ടായ അസ്വാരസ്യത്തെപറ്റിയുള്ള തന്റെ അഭിപ്രായം ട്വീറ്റ് ചെയ്തുകൊണ്ട് രാഹുൽ ഗാന്ധിയും രംഗത്തെത്തി. "വെറുപ്പുകൊണ്ട് കണ്ണുകാണാതായ ഈ മർക്കടമുഷ്ടിക്കാർക്ക് എന്ത് പ്രൊഫഷണലിസം? പത്തുവർഷമെടുത്താലും അതൊന്നും അവരുടെ തലയിൽ കയറില്ല. അങ്ങയുടെ നേട്ടങ്ങളിൽ ഞങ്ങൾക്ക് തികഞ്ഞ അഭിമാനമേയുള്ളൂ.. " എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. 

Dear Mr Banerjee,

These bigots are blinded by hatred and have no idea what a professional is. You cannot explain it to them, even if you tried for a decade.

Please be certain that millions of Indians are proud of your work. https://t.co/dwJS8QtXvG

— Rahul Gandhi (@RahulGandhi)

ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ ബാധിച്ചിരിക്കുന്ന മാന്ദ്യത്തെപ്പറ്റിയും അഭിജിത് ബാനർജി തന്റെ അഭിപ്രായം വ്യക്തമാക്കി. "ഇത് റോക്കറ്റ് സയൻസൊന്നും അല്ല. ഇന്ത്യൻ സാമ്പത്തികരംഗത്ത് സംഭവിക്കുന്ന മാറ്റങ്ങളെപ്പറ്റി പഠിച്ചുകൊണ്ടാണ് ഞാൻ എന്റെ അഭിപ്രായങ്ങൾ പറയുന്നത്. സാമ്പത്തികരംഗത്തെ മാന്ദ്യത്തിന് കാരണം ഡിമാൻഡിൽ ഉള്ള കുറവാണ്. ഡിമാൻഡ് കുറയാൻ കാരണമോ ജനങ്ങളുടെ കയ്യിൽ പണമില്ലാതെയായതും. ബിസ്കറ്റ് വാങ്ങാൻ പണം ജനങ്ങളുടെ കയ്യിൽ ഇല്ലെങ്കിൽ അവർ ബിസ്കറ്റ് വാങ്ങുന്നത് നിർത്തും. ഒരുപാട് പേർ ഇതേ തീരുമാനമെടുത്താൽ ബിസ്കറ്റ് കമ്പനി പൂട്ടിപ്പോകും. അപ്പോൾ എന്താണ് ചെയ്യേണ്ടത്? ജനങ്ങളുടെ കയ്യിൽ ചെലവഴിക്കാൻ വേണ്ടുന്ന പണമെത്തിക്കാൻ വേണ്ടത് ചെയ്യണം. അമേരിക്കയിൽ മാന്ദ്യമുണ്ടായപ്പോൾ ഒബാമ സർക്കാർ ചെയ്തത് അതാണ്. അങ്ങനെ ചെയ്യുന്നത് തികച്ചും സാമ്പത്തികശാസ്ത്രത്തിൽ അധിഷ്ഠിതമായ തീരുമാനമാണ്, അതിന് ഒരു വ്യക്തിയുടെ രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളുമായി യാതൊരു ബന്ധവുമില്ല. അദ്ദേഹം പറഞ്ഞു.
 

click me!