4 മീ.നീളവും 1 ടണ്‍ ഭാരവുമുള്ള കൂറ്റന്‍മുതലയെ ഒരാള്‍ ഒറ്റയ്ക്ക് കയറുകൊണ്ട് പിടിച്ചുകെട്ടി!

Published : Jun 27, 2022, 06:15 PM ISTUpdated : Jun 27, 2022, 06:17 PM IST
4 മീ.നീളവും 1 ടണ്‍ ഭാരവുമുള്ള കൂറ്റന്‍മുതലയെ  ഒരാള്‍ ഒറ്റയ്ക്ക് കയറുകൊണ്ട് പിടിച്ചുകെട്ടി!

Synopsis

ഒരു ടണ്ണിലേറെ ഭാരമുള്ള കൂറ്റന്‍ മുതലയെ 20 പേര്‍ ചേര്‍ന്നാണ്  ഫോറസ്റ്റുകാരുടെ വാഹനത്തില്‍ കയറ്റിയത്.

നാലു മീറ്ററിലേറെ നീളവും ഒരു ടണ്ണിലേറെ ഭാരവുമുള്ള കൂറ്റന്‍ മുതലയെ വെറുമൊരു കയറുകൊണ്ട് അതിസാഹസികമായി പിടിച്ചുകെട്ടി. ഇന്തോനേഷ്യയിലെ സുലാവേസിയിലെ ബുടാന്‍ റീജന്‍സിയിലാണ് സംഭവം. ഉസ്മാന്‍ എന്ന 53-കാരനാണ്, പെരുമഴയത്ത് വെള്ളം കയറിയിറങ്ങിപ്പോയ പാടത്തുവെച്ച് കൂറ്റന്‍ മുതലയെ ഒറ്റയ്ക്ക് കീഴ്‌പ്പെടുത്തിയത്. അമ്പോഇന്ദ് ഗ്രാമവാസിയായ ഉസ്മാന്‍ ഒരു മണിക്കൂര്‍ എടുത്താണ് മുതലയെ പിടിച്ചുകെട്ടിയതെന്ന് ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ശനിയാഴ്ചയാണ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പാടത്ത് ഈ കൂറ്റന്‍ മുതല എത്തിയത്. ഇതതിനടുത്തുള്ള നദിയില്‍ മുതലകള്‍ ധാരാളമായി കാണപ്പെടാറുണ്ട്. മുതലകള്‍ മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങളും ഈ പ്രദേശത്ത് നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ നല്ല മഴ പെയ്യുകയും ഈ പാടം അടക്കമുള്ള പ്രദേശങ്ങളില്‍ വെള്ളം കയറുകയും ചെയ്തിരുന്നു. ആ സമയത്താണ് ഈ കൂറ്റന്‍ മുതല ഇവിടെ കയറിക്കൂടിയത് എന്നാണ് കരുതുന്നത്. 

ഈ വഴിയിലൂടെ നടന്നുവരുമ്പോഴാണ് താന്‍ മുതലയെ കണ്ടതെന്ന് ഉസ്മാന്‍ പിന്നീട് പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞു. പാടത്തിനോട് ചേര്‍ന്ന് ഓവു ചാലുകളുണ്ട്. സമീപത്തായി തന്നെ ധാരാളം മീനുകളുള്ള തോടുകളുമുണ്ട്. മുതല അവിടേക്ക് രക്ഷപ്പെട്ടാല്‍ സമീപവാസികള്‍ക്കെല്ലാം അപകടമാണ്. അതിനാലാണ്, പാടത്ത് കണ്ട വലിയ കയര്‍ ഉപയോഗിച്ച് മുതലയെ പിടിച്ചു കെട്ടാന്‍ തുനിഞ്ഞതെന്ന് ഉസ്മാന്‍ പറയുന്നു. 

ഉസ്മാന്‍ തനിച്ചാണ് മുതലയെ പിടിച്ചതെന്ന് സംഭവത്തിന് ദൃക്‌സാക്ഷികളായ നാട്ടുകാര്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. മുതലയെ കയറു കൊണ്ട് കെട്ടിയ ശേഷം സമീപത്തെ തെങ്ങില്‍ തളച്ചിടുകയായിരുന്നു. അതിനുശേഷം, മറ്റൊരു കയറുകൊണ്ട് അതിന്റെ തലഭാഗവും കെട്ടിയിട്ടു. ഇതിനെല്ലാമായി ഒരു മണിക്കൂറോളം സമയമെടുത്തതായി ഉസ്മാന്‍ പറയുന്നു. സംഭവത്തിനു ശേഷം നാട്ടുകാര്‍ വന്യജീവി വകുപ്പിനെ വിവരമറിയിച്ചു. അവിടെനിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തി പിന്നീട് ഇതിനെ കൊണ്ടുപോവുകയായിരുന്നു. 

ഒരു ടണ്ണിലേറെ ഭാരമുള്ള കൂറ്റന്‍ മുതലയെ കൊണ്ടുപോവാന്‍ ഉദ്യോഗസ്ഥര്‍ ഏറെ പാടുപെട്ടതായി നാട്ടുകാരെ ഉദ്ധരിച്ച് പ്രദേശിക മാധ്യമമായ കംപോസ.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 20 പേര്‍ ചേര്‍ന്നാണ് ഈ മുതലയെ ഫോറസ്റ്റുകാരുടെ വാഹനത്തില്‍ കയറ്റിയത്. ഇതിനെ ഇപ്പോള്‍ സൗത്ത് ഈസ്റ്റ് സുലാവേസി നാച്വറല്‍ റിസോഴ്‌സസ് കണ്‍സര്‍വേഷന്‍ സെന്ററില്‍ (Southeast Sulawesi Natural Resources Conservation Center (BKSDA) സൂക്ഷിച്ചിരിക്കുകയാണ്. 

സംഭവസ്ഥലത്തിനു സമീപത്തുള്ള മലോഗ് നദിയില്‍ നിറയെ മുതലകളാണ്. അവിടെ നിന്നാവും മുതല ഇവിടെ എത്തിയത് എന്നാണ് നാട്ടുകാര്‍ കരുതുന്നത്. 

PREV
Read more Articles on
click me!

Recommended Stories

28 വയസ്, അച്ഛന്റെയും അമ്മയുടെയും കൂടെ താമസിക്കുന്നതിന് കൂട്ടുകാർ കളിയാക്കുന്നു, ഇത് അസാധാരണമാണോ? പോസ്റ്റുമായി യുവാവ്
ഒരു റൊമാന്റിക് സിനിമ പോലെ; 10 -ാം വയസിൽ തന്നെ രക്ഷിച്ച സൈനികനെ 17 വർഷങ്ങൾക്കുശേഷം വിവാഹം ചെയ്ത് യുവതി