
സോഷ്യൽ മീഡിയ ഒരു വല്ലാത്ത ലോകമാണ്. അവിടെ എന്തൊക്കെ ഷെയർ ചെയ്യപ്പെടുന്നു, അതിന്റെ പേരിൽ ആരൊക്കെ വഴക്കടിക്കുന്നു എന്നതൊന്നും പറയാനേ സാധിക്കില്ല. ഇപ്പോൾ അതുപോലെ വാദപ്രതിവാദങ്ങൾ നടക്കുന്നത് ഒരു യുവതിയുടെ അഭിപ്രായത്തിന് മുകളിലാണ്. തനിക്ക് ഉണ്ടാവുന്ന കാമുകന് വേണ്ട 54 ഗുണഗണങ്ങളാണ് യുവതി വർണിച്ചിരിക്കുന്നത്.
അതിൽ പ്രധാനപ്പെട്ട ഒന്ന് അയാൾ നിർബന്ധമായും വന്ധ്യംകരണശസ്ത്രക്രിയ നടത്തിയിരിക്കണം എന്നതാണ്. അതുപോലെ അയാൾ സോഷ്യൽ മീഡിയയിൽ സുന്ദരികളായ മറ്റ് സ്ത്രീകളെ ഫോളോ ചെയ്യരുത്, തനിക്കൊപ്പം തന്നെ കുളിക്കണം തുടങ്ങിയ ഡിമാൻഡുകളും ഇവർ മുന്നോട്ട് വച്ചിട്ടുണ്ട്. ഇൻഫ്ലുവൻസറായ ജൂലി ജിങ്കുവാണ് ട്വിറ്ററിൽ തന്റെ വ്യത്യസ്തമായ 54 ഡിമാൻഡുകൾ പങ്ക് വച്ചിരിക്കുന്നത്.
ജൂലി പങ്ക് വച്ചിരിക്കുന്ന ഡിമാൻഡുകളിൽ പറഞ്ഞിരിക്കുന്ന മറ്റ് കാര്യങ്ങൾ ഇതൊക്കെയാണ്. ഒഴിവു സമയങ്ങളെല്ലാം തന്റെ കൂടെ ചെലവഴിക്കാൻ തയ്യാറുള്ള ആളായിരിക്കണം കാമുകൻ, അതുപോലെ അവൾക്ക് സമ്മാനങ്ങൾ നൽകണം, ബുദ്ധിമാനും ആയിരിക്കണം. ഫെമിനിസവും LGBTQ+ വും പിന്തുണക്കുന്ന ആളുമായിരിക്കണം തന്റെ ഭാവി കാമുകൻ. വീഡിയോ ഗെയിം ഇഷ്ടപ്പെടുന്ന ആളാവണം.
മൂന്ന് സെക്ഷനുകളായിട്ടാണ് ജൂലി തന്റെ ആവശ്യകതകൾ പറയുന്നത്. അതിൽ രണ്ടാമത്തെ സെക്ഷനിൽ പറയുന്നത് ഭാവി കാമുകൻ മദ്യപിക്കാനോ മയക്കുമരുന്ന് ഉപയോഗിക്കാനോ പാടില്ല. ജപ്പാൻ ഇഷ്ടപ്പെടുന്ന ആളും തന്നോടും കുടുംബത്തോടും ഒത്തുപോകുന്ന ആളുമാവണം. തന്റെ സുഹൃത്തുക്കളോട് സൗഹൃദം സ്ഥാപിക്കണം. മതഭ്രാന്തനാവരുത് ഇതൊക്കെയാണ് മറ്റ് ഡിമാൻഡുകൾ. അതോടൊപ്പം തന്നെ 25 -നും 35 -നും ഇടയിൽ പ്രായമുള്ളവരെയാണ് ജൂലി തന്റെ കാമുകന്മാരായി തെരഞ്ഞെടുക്കുക.
എക്സ്ട്രാസ് എന്ന മൂന്നാമത്തെ സെക്ഷനിലാണ് വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്ത ആളായിരിക്കണം എന്ന് പറയുന്നത്. അതുപോലെ കാറുണ്ടായിരിക്കണമെന്നും ടാറ്റൂവും പിയേഴ്സിംഗും വേണമെന്നും ഇതിൽ പറയുന്നുണ്ട്. ഏതായാലും ജൂലിയുടെ പോസ്റ്റിന് വൻ വിമർശനമാണ് നേരിടേണ്ടി വന്നത്. ലിസ്റ്റിൽ ഭാവി കാമുകന് എന്തൊക്കെ ഉണ്ടായിരിക്കണം എന്നേ പറയുന്നുള്ളൂ, ജൂലി പകരം എന്ത് നൽകുമെന്ന് പറഞ്ഞില്ല എന്ന് പലരും കുറ്റപ്പെടുത്തി. ഇങ്ങനെയൊക്കെയാണ് ഡിമാൻഡ് എങ്കിൽ കാമുകനെ കിട്ടാനേ പോകുന്നില്ല എന്ന് പറഞ്ഞവരും കുറവല്ല.