അന്ന് 150 രൂപയ്ക്ക് ഹോട്ടൽ തൊഴിലാളി, ഇന്ന് സ്വന്തമായി ഒന്നരക്കോടിയുടെ കാർ, നമ്പർപ്ലേറ്റിന് മുടക്കിയത് 16 ലക്ഷം

By Web TeamFirst Published Jun 16, 2021, 1:44 PM IST
Highlights

എന്നും ഒന്നാം സ്ഥാനത്ത് നില്ക്കാൻ ആഗ്രഹിക്കുന്ന രാഹുലിന്റെ പ്രിയ അക്കമാണ് ഒന്ന്. തന്റെ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിലും ഒന്ന് എന്ന അക്കമുണ്ടാകണമെന്ന് അദ്ദേഹത്തിന് നിർബന്ധമാണ്. 

ജീവിതത്തിൽ പ്രയാസങ്ങളും, പരിഭവങ്ങളും ഇല്ലാത്ത മനുഷ്യരുണ്ടാകില്ല. എന്നാൽ, ആ ഇരുട്ടിലെ ഇത്തിരി വെട്ടങ്ങളായിരികും നമുക്ക് കിട്ടുന്ന അവസരങ്ങൾ. അത് വേണ്ടുംവിധം പ്രയോജനപ്പെടുത്തിയാൽ, ഒരുപക്ഷേ നമ്മൾ എത്തിച്ചേരുന്നത് പ്രതീക്ഷയുടെ ഒരു വലിയ തുരുത്തിലായിരിക്കും. എല്ലാ വിജയങ്ങൾക്കു പിന്നിലും പ്രതിസന്ധികളെ തരണം ചെയ്ത അത്തരമൊരു മനസുണ്ടാകും. രാഹുൽ തനേജയുടെ കഥയും വ്യത്യസ്തമല്ല. 150 രൂപയ്ക്ക് ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു അദ്ദേഹത്തിന്. എന്നാൽ, 2018 -ൽ താൻ സ്വന്തമാക്കിയ പുതിയ 1.5 കോടി രൂപയുടെ കാറിന്റെ നമ്പർ പ്ലേറ്റിനായി 16 ലക്ഷം രൂപ ചെലവാക്കിയതിന്റെ പേരിലാണ് ഈ 40 വയസുകാരൻ  വാർത്തകളിൽ ഇടം നേടിയത്. തീർത്തും അവിശ്വസനീയമാണ് അദ്ദേഹത്തിന്റെ ജീവിതകഥ!

മധ്യപ്രദേശിലെ കട്‌ലയിലാണ് രാഹുൽ തനേജ ജനിച്ചത്. പഞ്ചർ ഒട്ടിക്കുന്ന ജോലിയായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്. ഒരുപാട് സ്വപ്നങ്ങൾ ഉള്ളിൽ സൂക്ഷിച്ചിരുന്ന രാഹുൽ സ്വന്തമായൊരു ജീവിതം പടുത്തുയർത്താനുള്ള വാശിയുമായി 11 -ാ മത്തെ വയസിൽ വീട് വിട്ട് രാജസ്ഥാനിലെ ജയ്പൂരിലേക്ക് പോയി. അവിടെ എത്തിയ അദ്ദേഹം ആദർശ്നഗറിലെ ഒരു ധാബയിലാണ് ജോലി ചെയ്യാൻ തുടങ്ങിയത്. എല്ലാ ദിവസവും തളർത്തുന്ന പണിയായിരുന്നു അവിടെ. ഒരു ദിവസം പോലും അവധിയില്ല. എന്നാൽ, ഇത്രയൊക്കെ പണിയെടുത്തിട്ടും മാസാവസാനം കൈയിൽ കിട്ടുന്നതോ 150 രൂപ മാത്രം. എന്നാൽ, തളരാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. ആ പണം ഉപയോഗിച്ച് രാഹുൽ പഠിച്ചു.  

തന്റെ ധാബ ജോലിയോടൊപ്പം രാജപാർക്കിലുള്ള ആദർശ് വിദ്യാ മന്ദിറിൽ അദ്ദേഹം പ്രവേശനം നേടി. സുഹൃത്തുക്കളിൽ നിന്ന് പുസ്തകങ്ങളും നോട്ട്ബുക്കുകളും കടമെടുത്ത് രാഹുൽ പഠനം തുടരുകയും ഒടുവിൽ 92 ശതമാനം മാർക്ക് നേടുകയും ചെയ്‌തു. ധാബയിലെ ജോലി അദ്ദേഹം രണ്ട് വർഷക്കാലം തുടർന്നു. പിന്നീട് ദീപാവലി സമയത്ത് പടക്കം, ഹോളി സമയത്ത് നിറങ്ങൾ, മകരസംക്രാന്തി സമയത്ത് പട്ടങ്ങൾ, രക്ഷാന്ധൻ സമയത്ത് രാഖി തുടങ്ങിയവ വിറ്റും ഉപജീവനം കഴിച്ചു. വലുതായപ്പോൾ ഓട്ടോ ഓടിക്കാനും, വീടുതോറും പത്രങ്ങൾ വിതരണം ചെയ്യാനും തുടങ്ങി.

അങ്ങനെ ഇരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ മോഡലിംഗിൽ ഒരു കൈ നോക്കാൻ ഉപദേശിക്കുന്നത്. സുഹൃത്തുക്കളുടെ നിർദ്ദേശമനുസരിച്ച് രാഹുൽ മോഡലിംഗിൽ പ്രവേശിച്ചു. അവിടെയും അദ്ദേഹം മുന്നിലെത്തി. മിസ്റ്റർ ജയ്പ്പൂർ, മിസ്റ്റർ രാജസ്ഥാൻ, മെയിൽ ഓഫ് ദ ഇയർ എന്നീ സ്ഥാനങ്ങൾ അദ്ദേഹം കരസ്ഥമാക്കി. എട്ട് മാസക്കാലം ഫാഷൻ ഷോകളിൽ പങ്കെടുത്ത അദ്ദേഹം ഫാഷൻ ഷോകൾ ചെയ്യുന്നതിനിടയിൽ ഈ ഷോകൾ എങ്ങനെ സംഘടിപ്പിക്കുമെന്നതിനെക്കുറിച്ചും പഠിക്കാൻ തുടങ്ങി. പെട്ടെന്ന് തന്നെ ഇവന്റ് ഓർഗനൈസിംഗിൽ പരിചയം നേടിയ അദ്ദേഹം സ്റ്റേജിൽ അല്ല, മറിച്ച് അതിന് പുറകിലുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ പുറപ്പെട്ടു. അങ്ങനെ അദ്ദേഹം നിരവധി ഷോകളുടെയും, ഇവന്റുകളുടെയും മേൽനോട്ടം വഹിക്കാൻ ആരംഭിച്ചു. അതെല്ലാം വൻ വിജയങ്ങളായി. പിന്നീട് അദ്ദേഹത്തിന് ഒരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്ന്, കോടികൾ വിറ്റുവരവുള്ള ലൈവ് ക്രിയേഷൻസ് എന്ന വെഡ്ഡിംഗ് മാനേജുമെന്റ് കമ്പനിയുടെ ഉടമയാണ് രാഹുൽ.

എന്നും ഒന്നാം സ്ഥാനത്ത് നില്ക്കാൻ ആഗ്രഹിക്കുന്ന രാഹുലിന്റെ പ്രിയ അക്കമാണ് ഒന്ന്. തന്റെ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിലും ഒന്ന് എന്ന അക്കമുണ്ടാകണമെന്ന് അദ്ദേഹത്തിന് നിർബന്ധമാണ്. അത് സ്വന്തമാക്കാൻ എത്ര പണം ചെലവാക്കാനും അദ്ദേഹത്തിന് മടിയില്ല. 2011 -ലും ബി‌എം‌ഡബ്ല്യുവിനായി 10 ലക്ഷം രൂപ വിലമതിക്കുന്ന വിഐപി 0001 നമ്പർ പ്ലേറ്റ് രാഹുൽ വാങ്ങിയിരുന്നു. അതുപോലെ അദ്ദേഹത്തിന്റെ സെൽ ഫോൺ നമ്പറുകളുടെ അവസാനത്തെ ഏഴ് അക്കവും വൺ ആണ്.  


 

click me!