തുണിഫാക്ടറിയിൽ ജോലിചെയ്യവെ ബഹിരാകാശദൗത്യത്തിൽ, ഇന്ന് ആദ്യമായി ഒരു വനിത ബഹിരാകാശത്തേക്ക് പറന്ന ദിനം

By Web TeamFirst Published Jun 16, 2021, 10:44 AM IST
Highlights

തെരഷ്കോവയുടെ ജീവിതവും ബഹിരാകാശ യാത്രയും അടിസ്ഥാനമാക്കി എല്ലാ മേഖലകളില്‍ നിന്നും ആദരവെത്തി. പുസ്തകങ്ങള്‍ മുതല്‍ മ്യൂസിയം വരെ ആ യാത്രകളെ കുറിച്ച് പറഞ്ഞു. 

ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതയുണ്ട്. ആദ്യമായി ഒരു വനിത ബഹിരാകാശ യാത്ര നടത്തിയ ദിവസമാണ് ജൂണ്‍ 16. ആ വനിത റഷ്യക്കാരിയായ വാലന്‍റീന തെരഷ്കോവയാണ്. 1963 ജൂണ്‍ 16 -ന് റഷ്യയുടെ വൊസ്തോക് -6 ബഹിരാകാശ വാഹനത്തില്‍ 'സീഗല്‍' എന്ന കോഡ് നാമത്തിലായിരുന്നു അവളുടെ ബഹിരാകാശ യാത്ര.

മസ്ലെനിക്കോവൊ എന്ന ഗ്രാമത്തിലായിരുന്നു തെരഷ്കോവയുടെ ജനനം, 1937 മാര്‍ച്ച് ആറിന്. മൂന്ന് കുട്ടികളില്‍ രണ്ടാമത്തെയാളായിരുന്നു തെരഷ്കോവ. അവളുടെ പിതാവ് ഒരു ട്രാക്ടര്‍ ഡ്രൈവറും അമ്മ തുണി വ്യവസായ തൊഴിലാളിയും ആയിരുന്നു. സ്കൂള്‍ പഠനം കഴിഞ്ഞയുടനെ അവള്‍ ഒരു ടയര്‍ ഫാക്ടറിയില്‍ ജോലി ചെയ്ത് തുടങ്ങി. പിന്നീടാണ് അവള്‍ എഞ്ചിനീയറിംഗിന് ചേരുന്നത്. അതോടൊപ്പം തന്നെ പാരച്യൂട്ട് പരിശീലനവും നേടുന്നുണ്ടായിരുന്നു. 

പാരച്യൂട്ടിലുള്ള അവളുടെ കഴിവാണ് ബഹിരാകാശത്തേക്കുള്ള യാത്രയുടെ വാതില്‍ തുറന്നത്. ടെക്സ്റ്റൈല്‍ ഫാക്ടറിയില്‍ ജോലിക്ക് കയറിയ തെരഷ്കോവ ഒരു അമച്വര്‍ പൂരച്യൂട്ടിസ്റ്റ് കൂടിയായിരുന്നു. ബഹിരാകാശ സഞ്ചാര പദ്ധതിയിലേക്ക് അവള്‍ തെരഞ്ഞെടുക്കപ്പെടുന്നതും അങ്ങനെയാണ്. സോവിയറ്റ് യൂണിയനെ അന്ന് നയിച്ചിരുന്ന നികിത ക്രൂഷ്ചേവിന്റെ നിർദേശപ്രകാരം നാല് വനിതകളെ പ്രത്യേക വനിതാ ബഹിരാകാശ പ്രോഗ്രാമിലേക്ക് പരിശീലിപ്പിക്കാൻ തെരഞ്ഞെടുത്തു. നീണ്ട മാസങ്ങളുടെ പരിശീലനമായിരുന്നു പിന്നീട്. അന്ന് തെരഞ്ഞെടുത്ത നാല് സ്ത്രീകളിൽ വാലന്റീന തെരേഷ്കോവ മാത്രമാണ് ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയത്. 

1963 ജൂൺ 16 -ന് നടന്ന ദൗത്യത്തില്‍ തെരേഷ്കോവ ബഹിരാകാശത്ത് പറക്കുന്ന ആദ്യ വനിതയായി. 70.8 മണിക്കൂർ വൊസ്തോക് 6 ഭൂമിയുടെ 48 ഭ്രമണപഥങ്ങൾ പൂര്‍ത്തിയാക്കി. ദൗത്യം പൂർത്തിയായപ്പോൾ, തെരേഷ്കോവയ്ക്ക് സോവിയറ്റ് യൂണിയന്റെ 'ഹീറോ' പദവി നൽകി ആദരിച്ചു. പിന്നീടൊരിക്കലും അവള്‍ ബഹിരാകാശത്തേക്ക് യാത്ര ചെയ്തില്ല. പക്ഷേ, അവൾ സോവിയറ്റ് യൂണിയന്റെ വക്താവായി. ഇതേ തുടര്‍ന്ന് ഐക്യരാഷ്ട്രസഭയുടെ സമാധാനത്തിനുള്ള സ്വര്‍ണ മെഡലും അവളെ തേടിയെത്തി. 

1963 നവംബര്‍ മൂന്നിന് തെരഷ്കോവ ബഹിരാകാശ യാത്രികനായ ആന്‍ഡ്രിയന്‍ നിക്കൊലായേവിനെ വിവാഹം കഴിച്ചു. അവരുടെ ഒരേയൊരു മകള്‍ തിരിഞ്ഞത് മെഡിക്കല്‍ രംഗത്തേക്കാണ്. തെരഷ്കോവയും നിക്കൊലായേവും പിന്നീട് വിവാഹമോചിതരായി. 1982 -ൽ തെരേഷ്കോവ ശസ്ത്രക്രിയാവിദഗ്ധനായ യൂലി ഷാപോഷ്നികോവിനെ വിവാഹം കഴിച്ചു. 

സുപ്രീം സോവിയറ്റിന്റെ ഡെപ്യൂട്ടി ആയി തെരഷ്കോവ. ശേഷം പീപ്പിൾസ് ഡെപ്യൂട്ടിയും. സുപ്രീം സോവിയറ്റ് പ്രെസിഡിയത്തിലെ അംഗം കൂടിയായ അവർ പിന്നീട് സോവിയറ്റ് വിമൻസ് കമ്മിറ്റിയുടെ തലവനായി. ഇന്റർനാഷണൽ കൾച്ചറൽ ആൻഡ് ഫ്രണ്ട്ഷിപ്പ് യൂണിയന്റെ തലവനും പിന്നീട് റഷ്യൻ അസോസിയേഷൻ ഓഫ് ഇന്റർനാഷണൽ കോപ്പറേഷന്റെ ചെയർപേഴ്‌സണുമായിരുന്നു.

തെരഷ്കോവയുടെ ജീവിതവും ബഹിരാകാശ യാത്രയും അടിസ്ഥാനമാക്കി എല്ലാ മേഖലകളില്‍ നിന്നും ആദരവെത്തി. പുസ്തകങ്ങള്‍ മുതല്‍ മ്യൂസിയം വരെ ആ യാത്രകളെ കുറിച്ച് പറഞ്ഞു. ഇന്നും ലോകം ആദ്യമായി ബഹിരാകാശത്തേക്ക് ഒരു സ്ത്രീ നടത്തിയ യാത്രയെ കുറിച്ച് അഭിമാനത്തോടെ ഓര്‍ക്കുന്നു. 

തെരഷ്കോവയുടെ പ്രശസ്തമായ വാക്കുകള്‍

'ഒരു സ്ത്രീക്ക് റഷ്യയിലെ റെയില്‍ റോഡ് ജോലിക്കാരിയാവാമെങ്കില്‍ എന്തുകൊണ്ട് അവള്‍ക്ക് ബഹിരാകാശത്തേക്ക് പറന്നുകൂടാ.'

'ഒരിക്കല്‍ നിങ്ങള്‍ ബഹിരാകാശത്തേക്ക് പറന്നു കഴിഞ്ഞാല്‍ പിന്നെ ഭൂമി എത്ര ചെറുതും ദുര്‍ബലവും ആണെന്ന് നിങ്ങള്‍ തിരിച്ചറിയും.' 

'ഒരിക്കലെങ്കിലും ബഹിരാകാശത്തേക്ക് പറന്ന ഒരാള്‍ പിന്നീടുള്ള ജീവിതകാലം മുഴുവനും അതിന്‍റെ സന്തോഷത്തെ കുറിച്ച് സ്നേഹത്തോടെ ഓര്‍ക്കും. എന്‍റെ ബഹിരാകാശ യാത്ര എന്‍റെ കുട്ടിക്കാല സ്വപ്നങ്ങളുടെ പൂര്‍ത്തീകരണമായിരുന്നു.' 

'എന്റെ എല്ലാ പ്രതിഷേധങ്ങളും വാദങ്ങളും വകവയ്ക്കാതെ അവർ എന്നെ പറക്കുന്നതിൽ നിന്ന് വിലക്കി. ഒരിക്കൽ ബഹിരാകാശത്ത് എത്തിയതിനുശേഷം അവിടേക്ക് മടങ്ങാൻ എപ്പോഴും ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ, പിന്നീടൊരിക്കലും അത് സംഭവിച്ചില്ല.'

click me!