കാമാത്തിപുരയിലെ ബാല്യത്തിൽ നിന്നും ന്യൂയോർക്ക് സർവകലാശാലയിലേക്ക്, ശ്വേത നടന്ന ദൂരം

By Web TeamFirst Published Jul 8, 2021, 1:49 PM IST
Highlights

പാവപ്പെട്ട കുടുംബത്തിൽ ജനിച്ച ശ്വേതയുടെ കുട്ടിക്കാലം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു. ജീവിതത്തിന്റെ ആദ്യ 17 വർഷക്കാലം ശ്വേത വേശ്യാലയത്തിലാണ് താമസിച്ചിരുന്നത്. 

മുംബൈയിലെ ഏറ്റവും വലിയ വേശ്യാലയമായ കാമാത്തിപുരയിൽ ജനിച്ച ശ്വേത കാട്ടി അമേരിക്കയിലെ ന്യൂയോർക്ക് സർവകലാശാലയിൽ നിന്നാണ് പഠിച്ചിറങ്ങിയത്, അതും സർക്കാരിൽ നിന്നുള്ള മുഴുവൻ സ്കോളർഷിപ്പോടെയാണ് അവൾ പഠിച്ചത്. ഒരുപക്ഷേ വിദേശത്ത് പഠിക്കുന്ന ഒരു ഇന്ത്യൻ റെഡ്-ലൈറ്റ് ഏരിയയിൽ നിന്നുള്ള ആദ്യ പെൺകുട്ടിയായിരിക്കും അവൾ. ഇത് കൂടാതെ 2014 -ൽ യുഎൻ യൂത്ത് കറേജ് അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ അവൾ നേടുകയുണ്ടായി. കഠിനമായ പരിശ്രമത്തോടും അർപ്പണബോധത്തോടുംകൂടെ ജീവിതത്തിലെ ബുദ്ധിമുട്ടുകൾ മറികടന്ന കഠിനാധ്വാനികളായ സ്ത്രീകളുടെ ഉദാഹരണമായി അവൾ അറിയപ്പെടുന്നു.

പാവപ്പെട്ട കുടുംബത്തിൽ ജനിച്ച ശ്വേതയുടെ കുട്ടിക്കാലം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു. ജീവിതത്തിന്റെ ആദ്യ 17 വർഷക്കാലം ശ്വേത വേശ്യാലയത്തിലാണ് താമസിച്ചിരുന്നത്. ദാരിദ്ര്യം അവളുടെ അമ്മയെ കർണാടകയിലെ ബെൽഗാമിലെ ചെറിയ ഗ്രാമത്തിൽ നിന്ന് മുംബൈ വേശ്യാലയത്തിലേക്ക് കുടിയേറാൻ പ്രേരിപ്പിച്ചു. മദ്യപാനിയും, ക്രൂരനുമായ ഒരു രണ്ടാനച്ഛനായിരുന്നു ശ്വേതയ്ക്ക് അവിടെയുണ്ടായിരുന്നത്. “രാത്രിയിൽ മദ്യപിച്ച് വരുന്ന ഭർത്താക്കന്മാർ ലൈംഗികത്തൊഴിലാളികളെ മർദ്ദിക്കുന്നത് എനിക്ക് കാണാം. ഈ തൊഴിൽ ചെയ്യുന്നവരെ ആരും ബഹുമാനിക്കുന്നില്ല. സ്ത്രീകളും പെൺകുട്ടികളും ഒരു വേശ്യാലയത്തിൽ ഒട്ടും സുരക്ഷിതരല്ല” ശ്വേത പറയുന്നു.

കുട്ടിക്കാലത്ത് രാധ എന്ന ലൈംഗികത്തൊഴിലാളിയാണ് അവൾക്ക് പ്രചോദനമായത്. “ഞാൻ കുട്ടിയായിരുന്നപ്പോൾ ചുമ്മാ ടിവി കണ്ട് സമയം കളയുമായിരുന്നു. എന്റെ അമ്മ എന്നെ ശകാരിക്കാറുണ്ടായിരുന്നുവെങ്കിലും, ഞാൻ അത് ശ്രദ്ധിക്കാറില്ല. 'ഒന്നുകിൽ പഠിച്ച് ഈ സ്ഥലത്ത് നിന്ന് പുറത്തുപോവുക അല്ലെങ്കിൽ ലൈംഗികത്തൊഴിലാളിയായി ഇവിടെ ജീവിതകാലം മുഴുവൻ കഴിയുക' എന്ന് എന്നോട് പറഞ്ഞത് രാധയാണ്. ഞാൻ തീർച്ചയായും ആദ്യത്തേത് തിരഞ്ഞെടുത്തു” അവൾ പറഞ്ഞു. ശ്വേത പഠിക്കാൻ മിടുക്കിയായിരുന്നു. പത്താം ക്ലാസിൽ 71 ശതമാനം മാർക്കോടെയാണ് അവൾ പാസ്സായത്. മുംബൈയിലെ എസ്എൻ‌ഡിടി വിമൻസ് കോളേജിൽ നിന്ന് സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസവും അവൾ പൂർത്തിയാക്കി.

എന്നാൽ, അവളുടെ ജീവിതം ഇരുട്ടിൽ തന്നെയായിരുന്നു. അവളുടെ രണ്ടാനച്ഛൻ പോലും അവളെ പീഡിപ്പിച്ചിരുന്നു. “എനിക്ക് 12 വയസ്സുള്ളപ്പോഴാണ് എന്റെ രണ്ടാനച്ഛൻ എന്നെ ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങിയത്. എന്നാൽ, ആ സങ്കടം പറഞ്ഞ് ഒന്ന് കരയാൻ പോലും എനിക്ക് ആരുമുണ്ടായിരുന്നില്ല. എന്റെ സഹോദരിയുടെ ഭർത്താവും എന്നെ പീഡിപ്പിച്ചിരുന്നു. പക്ഷേ, എന്നെ കുറ്റപ്പെടുത്തുമെന്ന് എനിക്കറിയാമെന്നതിനാൽ ആരോടും, എന്റെ അമ്മയോട് പോലും അത് പറയാൻ ഞാൻ ഭയപ്പെട്ടു” ശ്വേത പറയുന്നു. അവൾ കറുത്തതും കാണാൻ ഒട്ടും ഭംഗിയില്ലാത്തവളുമാണെന്ന് അവളുടെ അച്ഛൻ ഉൾപ്പെടെ പലരും അവളോട് പറഞ്ഞു കൊണ്ടിരുന്നു. അമ്മ നൽകിയ ആത്മവിശ്വാസം മാത്രമായിരുന്നു പഠനം തുടരാനുള്ള അവളുടെ പ്രേരണ.      

എന്നാൽ 2012 -ൽ അവൾ റോബിൻ ചൗരസിയ സ്ഥാപിച്ച ക്രാന്തി എന്ന എൻ‌ജി‌ഒയിൽ ചേർന്നു. അതിന്റെ സ്ഥാപക ചൗരസിയ അമേരിക്കയിൽ നിന്ന് ജൻഡർപഠനത്തിൽ എംഎ പൂർത്തിയാക്കിയ ശേഷം മുംബൈയിൽ സന്നദ്ധപ്രവർത്തനം നടത്തുകയായിരുന്നു അപ്പോൾ. ലൈംഗിക തൊഴിലാളികളുടെ കുട്ടികളുടെ നല്ലഭാവിയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ക്രാന്തി എന്ന എൻ‌ജി‌ഒ ശ്വേതയുടെ ജീവിതം മാറ്റി മറിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് ശേഷം ശ്വേത നേപ്പാളിലേക്കും ജാർഖണ്ഡിലെ ആദിവാസി മേഖലകളിലേക്കും ക്രാന്തിയോടൊപ്പം ഒരു വർഷം യാത്രകൾ നടത്തി. ലൈംഗികത്തൊഴിലാളികളോടും അവരുടെ കുട്ടികളോടും അവൾ സംസാരിച്ചു. ഈ സമയത്ത് എട്ട് വനിതാ കോൺഫറൻസുകളിലും അവൾ പങ്കെടുത്തു.    

പിന്നീട് പാർശ്വവത്കരിക്കപ്പെട്ട പെൺകുട്ടികളെ സഹായിക്കുന്നതിന്റെ പേരിൽ ക്രാന്തിയ്ക്കും ശ്വേതയ്ക്കും നിരവധി അംഗീകാരങ്ങൾ ലഭിച്ചു. യുഎൻ യൂത്ത് കറേജ് അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകളും അവൾക്ക് ലഭിച്ചു. “എന്റെ ശബ്ദവും, പ്രവർത്തനവും വിലമതിക്കപ്പെട്ടതിൽ ഞാൻ വിനീതയാണ്. എന്നാൽ, ഈ അവാർഡ് എന്റെ അമ്മയ്ക്കും പിന്നീട് ക്രാന്തിയിലെ എന്റെ സുഹൃത്തുക്കൾക്കും ഉള്ളതാണ്” തനിക്ക് ലഭിച്ച അംഗീകാരത്തെക്കുറിച്ച് ശ്വേത പറഞ്ഞു. തന്നെപ്പോലുള്ള മറ്റ് പാർശ്വവത്കരിക്കപ്പെട്ട പെൺകുട്ടികൾക്ക് വേണ്ട പിന്തുണ നൽകുകയെന്നതാണ് തന്റെ ജീവിത ലക്ഷ്യമെന്നും, അതിനായി ഇനിയും പഠിക്കണമെന്നും അവൾ കൂട്ടിച്ചേർത്തു.  


 

click me!