യോഗാപരിശീലകൻ, അച്ചാർ വിൽപ്പനക്കാരി, സ്റ്റേഷനറി ഷോപ്പ് ഉടമ, സംഗീതജ്ഞൻ, മമതയ്ക്കെതിരെ വ്യത്യസ്തരായ മത്സരാർത്ഥികൾ

Published : Sep 21, 2021, 10:50 AM IST
യോഗാപരിശീലകൻ, അച്ചാർ വിൽപ്പനക്കാരി, സ്റ്റേഷനറി ഷോപ്പ് ഉടമ, സംഗീതജ്ഞൻ, മമതയ്ക്കെതിരെ വ്യത്യസ്തരായ മത്സരാർത്ഥികൾ

Synopsis

എന്നാൽ, ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും ചെറിയ കക്ഷികളെ പ്രതിനിധീകരിക്കുന്ന മറ്റ് രണ്ട് സ്ഥാനാർത്ഥികളും കടുത്ത വെല്ലുവിളി ഉയർത്തുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. 

പശ്ചിമബംഗാൾ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ, എല്ലാവരും ഉറ്റുനോക്കുന്ന സീറ്റാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ഭബാനിപൂർ മണ്ഡലം. നന്ദിഗ്രാമിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മംമ്ത ബാനർജി പരാജയപ്പെട്ടിരുന്നു. മുഖ്യമന്ത്രിയായി തുടരാൻ അവർക്ക് ഒരു ഉപതെരഞ്ഞെടുപ്പിൽ വിജയിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പ് അവരെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.  എന്നാൽ, അവിടെ അവർക്ക് എതിരെ മത്സരിക്കുന്നത് ബിജെപി സ്ഥാനാർത്ഥി പ്രിയങ്ക ടിബ്രേവാളും സിപിഐ (എം) സ്ഥാനാർത്ഥി ശ്രീജിത് ബിശ്വാസും മാത്രമല്ല. ഒരു സാമ്പത്തിക ഉപദേഷ്ടാവ്, യോഗ പരിശീലകൻ, ഒരു അച്ചാർ വിൽപനക്കാരി, ഒരു സ്റ്റേഷനറി ഷോപ്പ് ഉടമ, സ്വർണ്ണ മെഡൽ നേടിയ ഒരു ശാസ്ത്രീയ സംഗീതജ്ഞൻ, ഒരു സ്കൂൾ പ്രിൻസിപ്പൽ തുടങ്ങി സമൂഹത്തിന്റെ പലതട്ടിൽ നിന്നുള്ള ആളുകൾ അവിടെ സ്ഥാനാർത്ഥികളാകുന്നു. ഇതോടെ മത്സരം കൂടുതൽ കടുക്കുകയാണ്.  

മത്സരിക്കുന്നവരിൽ ആറ് പേർ സ്വതന്ത്രരാണ്, അതേസമയം മമത ബാനർജി, ബിജെപിയുടെ പ്രിയങ്ക തിബ്രേവാൾ, സിപിഐ എമ്മിലെ ശ്രീജിത് ബിശ്വാസ് എന്നിവർ മറ്റ് ചെറിയ കക്ഷികളെ പ്രതിനിധീകരിക്കുന്നു. ഈ മത്സരത്തെ കൂടുതൽ രസകരമാക്കുന്നത് എതിർസ്ഥാനാത്ഥികളുടെ പട്ടിക തന്നെയാണ്. ചിലർ വെറും തമാശയ്ക്ക് വേണ്ടിയാണ് മത്സരിക്കുന്നതെന്ന് പറയുമ്പോൾ, മറ്റുള്ളവർ ഒരു മാറ്റം കൊണ്ടുവരാൻ പോരാടുകയാണെന്ന് അവകാശപ്പെടുന്നു. കൂടാതെ, പാർട്ടി വൃത്തങ്ങൾ അനുസരിച്ച്, രണ്ട് ഡമ്മി സ്ഥാനാർത്ഥികളും ഉണ്ട്.

"എന്നെ കൂടുതൽ പേരറിയാനാണ് ഞാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇത് സാമൂഹിക പ്രവർത്തനം തുടരാൻ എന്നെ സഹായിക്കും" അച്ചാറുകൾ വിൽക്കുകയും സ്വയംസഹായ സംഘം നടത്തുകയും ചെയ്യുന്ന റൂമ നന്ദൻ പറഞ്ഞു. യഥാക്രമം 60 -കളിലും 50 -കളിലും എത്തിനിൽക്കുന്ന സുബ്രത ബോസും, മലായ് ഗുഹ റോയിയും തങ്ങൾ തമാശയ്ക്ക് വേണ്ടിയാണ് മത്സരിക്കുന്നത് എന്ന് പറയുന്നു. അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ, ഇരുവരും തൃണമൂൽ കോൺഗ്രസ്സിന്റെ സ്കീമുകളും പദ്ധതികളും പങ്കിടുന്നതായി കണ്ടെത്തി. "ഞാൻ നന്ദിഗ്രാമിൽ മത്സരിക്കുകയും 77 വോട്ടുകൾ നേടുകയും ചെയ്തു. എന്നെ ആർക്കും അറിയാത്ത ഒരു സ്ഥലത്ത് പോലും എനിക്ക് ലഭിച്ച ജനപ്രീതി ഞാൻ ആസ്വദിച്ചിരുന്നു" സാമ്പത്തിക ഉപദേഷ്ടാവായ ബോസ് പറഞ്ഞു.

എന്നാൽ, ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും ചെറിയ കക്ഷികളെ പ്രതിനിധീകരിക്കുന്ന മറ്റ് രണ്ട് സ്ഥാനാർത്ഥികളും കടുത്ത വെല്ലുവിളി ഉയർത്തുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. "അഴിമതിക്കും തെരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമത്തിനും എതിരെ പോരാടാനാണ് ഞാൻ ഇവിടെ വന്നത്" പരിസ്ഥിതി പഠനത്തിലും ശാസ്ത്രീയ സംഗീതത്തിലും സ്വർണ്ണ മെഡൽ ജേതാവായ ചന്ദ്രചൂർ ഗോസ്വാമി പറഞ്ഞു. മൂന്ന് വർഷം മുൻപ് സ്ഥാപിച്ച ഭാരതീയ ന്യായ അധികാർ രക്ഷാ പാർട്ടിയെ പ്രതിനിധീകരിക്കുന്ന യോഗ പരിശീലകയായ സ്വർണലത സർക്കാർ, ബഹുജൻ മഹാ പാർട്ടിയിലെ സ്റ്റേഷനറി ഷോപ്പ് ഉടമ മംഗൾ സർക്കാർ എന്നിവരും ഒരു മാറ്റം കൊണ്ടുവരാനുള്ള മത്സരത്തിലാണ്. കൊൽക്കത്തയിലെ ഒരു സ്വകാര്യ സ്കൂൾ പ്രിൻസിപ്പലായ സതാദ്രു റോയിയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. സെപ്റ്റംബർ 30 -നാണ് ഉപതിരഞ്ഞെടുപ്പ്, ഒക്ടോബർ 3 -ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.  

PREV
click me!

Recommended Stories

രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്
ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്