കുടിവെള്ളവും വൈദ്യുതിയുമില്ലാതെ ഒരു ​ഗ്രാമം, ഓരോ ദിവസവും കഴിഞ്ഞുപോകുന്ന ദുരിതം

By Web TeamFirst Published Sep 21, 2021, 10:26 AM IST
Highlights

ക്യൂപെം പട്ടണത്തിൽ നിന്ന് 12 കിലോമീറ്റർ അകലെയും പ്രധാന റോഡിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുമായിട്ടാണ് അവർ താമസിക്കുന്നത്. അവിടേയ്ക്ക് എത്താൻ അവർക്ക് നല്ല റോഡുകൾ പോലുമില്ല. 

ഗോവയിലെ കാമോണയിൽ ഒരു വിദൂര വനമേഖലയിൽ താമസിക്കുന്ന സമുദായമാണ് ധംഗർ. അവരെ സംബന്ധിച്ചിടത്തോളം, ഓരോ ദിവസവും പോരാട്ടമാണ്. നമ്മൾ നല്ല റോഡുകൾക്ക് വേണ്ടി, നല്ല പാലങ്ങൾക്ക് വേണ്ടി പുതിയ ഹൈവേകൾക്ക് വേണ്ടി സമരം ചെയ്യുമ്പോൾ, കുടിവെള്ളത്തിന് വേണ്ടി, വൈദ്യുതിയ്ക്ക് വേണ്ടി ഒക്കെയാണ് അവരുടെ സമരമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ 70 വർഷമായി അവരുടെ വീടുകളിൽ ടാപ്പ് വെള്ളമോ വൈദ്യുതി വിതരണമോ ഇല്ല. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് രാഷ്ട്രീയക്കാർ വാഗ്ദാനങ്ങൾ ചൊരിയുന്നതെന്ന് അവർ വാദിക്കുന്നു. നൂറോളം പേരാണ് അവിടെ കഴിയുന്നത്.    

മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രതിമാസം 16,000 ലിറ്റർ വരെ വെള്ളം സൗജന്യമായി വിതരണം ചെയ്യുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ "ഏഴ് പതിറ്റാണ്ടുകളായി ഞങ്ങൾക്ക് വെള്ളം എത്തിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഈ വാഗ്ദാനം ഒരു വോട്ടെടുപ്പ് തന്ത്രമായിട്ടാണ് തോന്നുന്നത്” ധാംഗർ (ഗാവ്ലി) നിവാസിയായ ബിരു ടുകോ ഭാവധൻ പറഞ്ഞു.

സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് പറയാൻ സാധിക്കില്ല. ഏകദേശം അഞ്ച് വർഷം മുമ്പ് സർക്കാർ ഒരു കിണർ നിർമ്മിച്ച് നൽകിയിരുന്നു. എന്നാൽ, വേനൽക്കാലത്ത് അതിലെ വെള്ളം വറ്റും. അവിടെ ഇതുവരെ പൈപ്പ്‌ലൈൻ സ്ഥാപിച്ചിട്ടില്ല. അടുത്തുള്ള ഒരു അരുവിയിലെ വെള്ളം ജനുവരി വരെ ലഭ്യമാണ്. പിന്നീട് മഴക്കാലം വരെ ഒരു നീരുറവയിൽ നിന്നാണ് വെള്ളം എടുക്കുന്നത്. എന്നാൽ, അത് വളരെ അകലെയാണ്. 2012 മുതൽ ക്യൂപെം പോൾ സെഗ്‌മെന്റിൽ നിന്ന് ഇപ്പോൾ സംഗൂം നിയോജകമണ്ഡലത്തിന് കീഴിൽ കൊണ്ടുവന്ന കാമോണയിൽ, ധാംഗർ സമുദായത്തിന്റെ  അവസ്ഥകൾ ദയനീയമാണ്.

രണ്ട് കിലോമീറ്റർ അകലെയാണ് ഏറ്റവും അടുത്തുള്ള വൈദ്യുതി ലൈൻ. പക്ഷേ ഇതുവരെ വൈദ്യുത തൂണുകൾ സ്ഥാപിച്ചിട്ടില്ല. രാത്രിയിൽ ചിമ്മിനി വിളക്കിന്റെ വെട്ടത്തിലാണ് അവർ കഴിയുന്നത്. "2016 -ൽ ലോക്കൽ പഞ്ചായത്ത് സ്ഥാപിച്ച സോളാർ പാനലുകൾ മൂന്ന് വർഷം മാത്രമാണ് പ്രവർത്തിച്ചത്. ഇപ്പോൾ അതുകൊണ്ട് ഒരു ബൾബ് പോലും കത്തിക്കാനാകില്ല” ജയ ഭാവധൻ എന്ന 60 -കാരി പറഞ്ഞതായും ടൈംസ് ഓഫ് ഇന്ത്യ എഴുതുന്നു.

ക്യൂപെം പട്ടണത്തിൽ നിന്ന് 12 കിലോമീറ്റർ അകലെയും പ്രധാന റോഡിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുമായിട്ടാണ് അവർ താമസിക്കുന്നത്. അവിടേയ്ക്ക് എത്താൻ അവർക്ക് നല്ല റോഡുകൾ പോലുമില്ല. രണ്ട് കിലോമീറ്റർ നീളമുള്ള ടാർ ചെയ്യാത്ത റോഡിൽ കുണ്ടും കുഴിയുമാണ്. അതിലൂടെ ഇരുചക്രവാഹനങ്ങൾക്ക് പോലും യാത്ര ചെയ്യാൻ പ്രയാസമാണ്. പ്രത്യേകിച്ച് മഴക്കാലത്ത് അവ സഞ്ചരിക്കാൻ കഴിയാത്തവിധം മോശമായ അവസ്ഥയിലായിരിക്കും. മുമ്പ്, എല്ലാ കുടുംബങ്ങൾക്കും ആടുകളുണ്ടായിരുന്നു. പാൽ വിറ്റാണ് ഉപജീവനം കഴിച്ചിരുന്നത്. എന്നാൽ ഇപ്പോൾ, അതുമില്ല. 

"ഭൂവുടമകൾ ഞങ്ങളുടെ ആടുകളെ അവരുടെ കശുവണ്ടി തോട്ടങ്ങളിൽ മേയാൻ അനുവദിക്കുന്നില്ല, അതിനാൽ ഞങ്ങൾ ആടുകളെ വിറ്റു. ഓരോ വീടിനും ഏകദേശം 500 ചതുരശ്ര മീറ്റർ ഭൂമി സർക്കാർ ഞങ്ങൾക്ക് തന്നു, പക്ഷേ പട്ടയ രേഖകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല” ഒരു പ്രദേശവാസി പറഞ്ഞു. ഇനി ഈ ദുരിതത്തിൽ നിന്ന് കരകയറാൻ പഠിക്കാമെന്ന് വച്ചാലും അതിനും പ്രശ്‍നങ്ങളുണ്ട്. അവിടെ നല്ല സ്കൂളുകൾ ഇല്ല. ഏതാനും കുടുംബങ്ങൾ അവരുടെ കുട്ടികളെ 30 കിലോമീറ്റർ അകലെയുള്ള ബന്ധുവീട്ടിലേക്ക് അയക്കുകയും അവിടെയുള്ള സർക്കാർ സ്കൂളിൽ ചേർക്കുകയും ചെയ്തു. ബാക്കിയുള്ളവരുടെ ഗതി ശോചനീയമാണ്. 

click me!