സര്‍ക്കാരിന്‍റെ സഹായത്തോടെ നടപ്പിലാക്കിയ വംശഹത്യ; നാസികൾ ജൂതരെ കൊന്നുതള്ളിയതിന്റെ പിന്നിലെ കാരണങ്ങൾ

By Web TeamFirst Published Jan 27, 2020, 10:01 AM IST
Highlights

1945 -ൽ യുദ്ധം അവസാനിക്കുമ്പോഴേക്കും യൂറോപ്പിലെ 67 ശതമാനം ജൂതരെയും ജർമ്മൻ നാസികൾ കൊന്നുതള്ളിക്കഴിഞ്ഞിരുന്നു. 

ഇന്ന്, ജനുവരി 27 അന്താരാഷ്ട്ര ഹോളോകോസ്റ്റ് ഓർമ്മദിനമാണ്. 1945 ജനുവരി 27 -ന് ഓഷ്വിറ്റ്സിലെ പടുകൂറ്റൻ കോൺസൻട്രേഷൻ ക്യാമ്പിൽ നിന്ന് റെഡ് ആർമി ജൂതരെ മോചിപ്പിച്ചതിന്റെ സ്മരണയ്ക്കായിട്ടാണ് ഇന്നേദിവസം തന്നെ ഈ ഓർമ്മപുതുക്കലും നടത്തുന്നത്. 

ഹോളോകോസ്റ്റ് എന്നത് ഒരു രാജ്യം ഭരിക്കുന്ന ഗവൺമെന്റിന്റെ അനുവാദത്തോടുകൂടി അവിടത്തെ ഒരു വിഭാഗം ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന നടപടിയാണ്. കൊല്ലുന്നതിനു പിന്നിലെ കാരണം അവർ ഒരു പ്രത്യേക വംശത്തിൽ ജനിച്ചുപോയി എന്നത് മാത്രമാകയാൽ ഇതിനെ വംശഹത്യ എന്നും പറയാറുണ്ട്. ജർമനിയിൽ നിന്ന്, യൂറോപ്പിൽ നിന്ന്, എന്തിന് ഈ ഭൂമുഖത്തു നിന്നുതന്നെ ജൂതവംശത്തെ മുഴുവനായി തുടച്ചുനീക്കുക എന്ന നാസി പാർട്ടിയുടെ തീരുമാനം (The Final Solution) നടപ്പിലാക്കിയത് ജർമൻ നാസികൾ ഒറ്റയ്ക്കായിരുന്നില്ല, അതിന് അവർക്ക് സ്വാധീനമുണ്ടായിരുന്ന ലിത്വാനിയ തുടങ്ങിയ മറ്റു പല രാജ്യങ്ങളും കൂട്ടുനിന്നു. 1941 -നും 1945 -നും ഇടയിൽ അരങ്ങേറിയ ഈ നരസംഹാരത്തിന് അന്ന് ഇരയായത് 60 ലക്ഷത്തിൽ പരം യഹൂദരാണ്. 

എന്തായിരുന്നു ഹോളോകോസ്റ്റ്?

1933 -ൽ യൂറോപ്പിലെ ജൂതരുടെ ജനസംഖ്യ തൊണ്ണൂറു ലക്ഷമായിരുന്നു. അവരുടെ കഷ്ടകാലത്തിന് രണ്ടാം ലോകമഹായുദ്ധ സമയത്ത് ജർമനി ആക്രമിച്ചു കീഴടക്കാനിരുന്ന രാജ്യങ്ങളിലായിരുന്നു ഈ ജനസംഖ്യയുടെ സിംഹഭാഗവും കഴിഞ്ഞിരുന്നത്. 1945 -ൽ യുദ്ധം അവസാനിക്കുമ്പോഴേക്കും യൂറോപ്പിലെ 67 ശതമാനം ജൂതരെയും ജർമ്മൻ നാസികൾ കൊന്നുതള്ളിക്കഴിഞ്ഞിരുന്നു. 

ജർമ്മൻ ആര്യവംശശുദ്ധിക്ക് കടുത്ത ഭീഷണിയാണ് ജൂതർ എന്നാണ് നാസികൾ കരുതിയിരുന്നത്. അവർക്ക് അധികാരം കിട്ടിയ അടുത്ത ദിവസം മുതൽ തന്നെ, നാസികൾ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് യഹൂദരെ അകറ്റിനിർത്തുന്ന നടപടികൾ തുടങ്ങി. അവരുടെ വ്യാപാരസ്ഥാപനങ്ങൾ അടച്ചു പൂട്ടിച്ചു, അവർക്ക് അന്യായമായ നികുതികൾ ഏർപ്പെടുത്തി, സാമൂഹികമായ പല വിലക്കുകളും കൊണ്ടുവന്നു. ജൂതരെ പലതരത്തിലും  ബുദ്ധിമുട്ടിച്ച നാസികൾ അവരിൽ പലരെയും ജർമനി വിട്ട് പലായനം ചെയ്യാൻ നിർബന്ധിതരാക്കി. രണ്ടാം ലോകമഹായുദ്ധം വന്നപ്പോൾ ജർമൻ നാസിപാർട്ടിക്ക് അവർ മനസ്സിൽ കൊണ്ടുനടന്ന അന്തിമപരിഹാരം (The Final Solution) നടപ്പിൽ വരുത്താൻ അവസരമുണ്ടായി. എന്തെന്നോ? ജൂതരെ കണ്ടിടത്തുവെച്ച് കൊന്നുതള്ളുക, അതുതന്നെ.

അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജർമനിയുടെ ചാൻസലർ ആയി അവരോധിക്കപ്പെട്ട 1933 -ലാണ് നാസികൾ ജർമനിയിൽ പൂർണമായ അർത്ഥത്തിൽ സർവാധികാരത്തിലേറുന്നത്. തങ്ങൾ ആര്യന്മാരാണ് ലോകത്തിലെ ഏറ്റവും വംശശുദ്ധിയുള്ളവർ എന്നഹങ്കരിച്ചിരുന്ന നാസികൾ ഹോളോകോസ്റ്റ് കാലത്ത് തങ്ങളേക്കാൾ വംശീയമായി താഴെക്കിടയിൽ നിന്നിരുന്നവർ എന്ന് ഹിറ്റ്ലർക്ക് തോന്നിയ ജർമൻകാരിൽ ഭൂരിഭാഗത്തിനെയും ഈ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കി. അവരിൽ യഹൂദർ മാത്രമല്ല ഉണ്ടായിരുന്നത്. റോമൻ ജിപ്സികൾ, അംഗവൈകല്യം ബാധിച്ചവർ, മാനസികമായ വളർച്ചയില്ലാത്തവർ, സ്ലാവിക് ജനത, റഷ്യൻ യുദ്ധത്തടവുകാർ, ആഫ്രിക്കൻ അമേരിക്കക്കാർ, കമ്യൂണിസ്റ്റുകൾ, സോഷ്യലിസ്റ്റുകൾ, ട്രേഡ് യൂണിയൻ പ്രവർത്തകർ, യഹോവാസാക്ഷികൾ, സ്വവർഗാനുരാഗികൾ, യാചകർ, വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരുന്ന സ്ത്രീകൾ, മദ്യാസക്തർ അങ്ങനെ പലതരത്തിൽ തങ്ങൾക്ക് കണ്ണിനു പിടിക്കാത്ത ഏതൊരു കൂട്ടരെയും അവർ കൊന്നുതള്ളി. രണ്ടരലക്ഷത്തോളം റോമൻ ജിപ്സികളെ അവർ കൊന്നു. 1939 -നും 1945 -നും ഇടയിൽ നാസികൾ നടത്തിയ 'ദയാവധപദ്ധതി'യുടെ ഭാഗമായി മാനസികമോ ശാരീരികമോ ആയ പരിമിതിയുള്ള മറ്റൊരു രണ്ടര ലക്ഷം പേരും കൊല്ലപ്പെട്ടു. ഇരുപതു ലക്ഷത്തിനും മുപ്പതു ലക്ഷത്തിനുമിടയിൽ റഷ്യൻ യുദ്ധത്തടവുകാരെയും നാസികൾ കൊന്നുതള്ളി. പലരെയും കൊന്നത് വെടിവെച്ചിട്ടാണ്. വെടിവെച്ചുമാത്രം നാസികൾ പതിനഞ്ചു ലക്ഷം ജൂതരെ കൊന്നിട്ടുണ്ടെന്നാണ് കണക്ക്.  

1941 അവസാനത്തോടെ ജൂതരെ കൂട്ടത്തോടെ കൊല്ലാൻ താരതമ്യേന ചെലവുകുറഞ്ഞൊരു മാർഗം നാസി ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തു. അതായിരുന്നു ഗ്യാസ് ചേംബർ എന്ന സാങ്കേതിക വിദ്യ. വായുപ്രവേശമാർഗ്ഗമില്ലാത്ത ഒരു അറയ്ക്കുള്ളിലേക്ക് ആളുകളെ തള്ളിക്കയറ്റി വാതിലടക്കുക. എന്നിട്ട് അതിനുള്ളിലേക്ക് വിഷവാതകം പമ്പുചെയ്തു കയറ്റുക. നിമിഷങ്ങൾക്കകം ആളുകൾ വീർപ്പുമുട്ടിയും വിഷവാതകം ശ്വസിച്ചും ചത്തുമലയ്ക്കും. മുപ്പതു ലക്ഷത്തോളം പേരാണ് ഇങ്ങനെ ഗ്യാസ് ചേമ്പറുകളിൽ പിടഞ്ഞു മരിച്ചത്. കോൺസൻട്രേഷൻ ക്യാമ്പുകളിൽ അടക്കപ്പെട്ട ബാക്കി ജൂതർ അവിടത്തെ കൊടിയപീഡനങ്ങൾ കൊണ്ടും, പോഷകാഹാരക്കുറവുകൊണ്ടും, അമിതമായ ജോലിഭാരം കൊണ്ടും ഒക്കെ മരണപ്പെടുകയായിരുന്നു. 1945  മെയ് 7 -ന് അഡോൾഫ് ഹിറ്റ്‌ലറിന്‍റെ ജർമനി സഖ്യസേനയ്ക്ക് മുന്നിൽ നിരുപാധികം ആയുധം വെച്ച് കീഴടങ്ങും വരെ അവർ ഈ അക്രമങ്ങൾ തുടർന്നു. 

കൊല്ലുക മാത്രമായിരുന്നില്ല നാസികൾ ഈ കോൺസൻട്രേഷൻ ക്യാമ്പുകളിൽ നടത്തിയിരുന്നത്. അതിക്രൂരമായ പല പരീക്ഷണങ്ങൾക്കും തടവുകാർ വിധേയരാക്കപ്പെട്ടു. കടുത്ത തണുപ്പ്, ചൂട്, വൈദുത ഷോക്ക് തുടങ്ങിയ പലതും കൊണ്ടുള്ള പല ക്രൂരപരീക്ഷണങ്ങൾക്കും ഈ തടവുകാർ നിർബന്ധിതരായി. കുട്ടികളടക്കം പലരും മെഡിക്കൽ രംഗത്തെ പല പരീക്ഷണങ്ങൾക്കും ഗിനിപ്പന്നികളെപ്പോലെ കിടന്നുകൊടുക്കേണ്ടി വന്നു. അവരിൽ പലരും പരീക്ഷണങ്ങൾക്കിടെ മരിച്ചു. 'മരണത്തിന്റെ മാലാഖ' എന്നറിയപ്പെട്ടിരുന്ന ഡോ. ജോസഫ് മെൻഗൽ ആയിരുന്നു മനുഷ്യത്വ ഹീനമായ ഈ പരീക്ഷണങ്ങളുടെ ചുക്കാൻ പിടിച്ചിരുന്നത്. 
 

ഹോളോകോസ്റ്റിനു ശേഷമുള്ള പുനരധിവാസം 

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം രണ്ടരക്ഷത്തോളം ജൂതർ നാസികൾ ഉപേക്ഷിച്ചിട്ടുപോയ താത്കാലികജയിലുകളിൽ തന്നെ താമസമാക്കി. സഖ്യകക്ഷികൾ അവർക്കാവശ്യമായ സഹായം നൽകി. 1948 -നും 1951-നുമിടയിൽ പല ജൂതരും ലോകത്തിന്റെ പല ഭാഗങ്ങളിലേക്കായി പലായനം ചെയ്തു. 1,36,000 ജൂതർ ആ കാലയളവിൽ ഇസ്രായേലിലേക്ക് കുടിയേറിപ്പാർത്തു. അവശേഷിക്കുന്നതിൽ പലരും യൂറോപ്പിന്റെ മറ്റുപല ഭാഗങ്ങളിലേക്കും, അമേരിക്കയിലേക്കും മാറിത്താമസിച്ചു. അവസാനത്തെ ദുരിതാശ്വാസ ക്യാമ്പ് അടക്കുന്നത് 1957 -ലാണ്. 

 ഹോളോകോസ്റ്റ് അഥവാ വംശഹത്യ എന്ന ഒരു കൊടും ക്രൂരത മനുഷ്യർ തങ്ങളുടെ സഹജീവികളോട് പ്രവർത്തിച്ചിട്ടുണ്ട് എന്നതിന്റെ ഓർമ്മകൾ കെടാതെ കാക്കാൻ വേണ്ടിയാണ് വർഷാവർഷം ജനുവരി 27 -ന് ഹോളോകോസ്റ്റ് ഓർമദിനമായി ആചരിക്കുന്നത്.

click me!