
കുട്ടികളുടേത് പോലുള്ള സെക്സ് ഡോളുകൾ നിർമ്മിച്ച ചൈനീസ് ഫാക്ടറിക്കെതിരെ അന്വേഷണം. പ്രാദേശിക അധികാരികളുടെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഇത്തരം പാവകളുടെ നിർമ്മാണം നിർത്തി വയ്ക്കാനും കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാന ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ വഴിയും സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകൾ വഴിയും കസ്റ്റമൈസ് ചെയ്യുന്ന ഇത്തരം പാവകൾ വിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രാദേശിക അധികാരികൾ ഈ വിഷയത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നാണ് ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസിയായ ദി പേപ്പർ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ മാസം, ചൈനയിൽ ആരംഭിച്ച, എന്നാൽ ഇപ്പോൾ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ റീട്ടെയിലറായ ഷെയിൻ, ആഗോളതലത്തിൽ എല്ലാ സെക്സ് ഡോളുകളുടെയും വിൽപ്പന നിരോധിച്ചിരുന്നു. കുട്ടികളെപ്പോലെ തോന്നിക്കുന്ന ഈ പാവകൾ വിൽക്കുന്നതിനെതിരെ വലിയ പൊതുജന പ്രതിഷേധം ഉയർന്നതിനെത്തുടർന്നായിരുന്നു ഇത്. കുട്ടികളുടേതുപോലുള്ള സെക്സ് ഡോളുകളുടെ വിൽപ്പനയുടെ പേരിൽ മറ്റ് ഇ- കൊമേഴ്‌സ് സൈറ്റുകൾക്ക് നേരെയും വലിയ വിമർശനങ്ങൾ തന്നെ ഉയരുന്നുണ്ട്. കനത്ത ആശങ്കയാണ് ഇത്തരം പാവകളുടെ നിർമ്മാണവും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയുള്ള വില്പനയും ആളുകളിൽ ഉയർത്തിയത്. ഈ വിഷയത്തിൽ AliExpress -നെതിരെ ഫ്രഞ്ച് അധികാരികൾ അന്വേഷണം നടത്തിയിരുന്നു.
ഇത്തരം പാവകൾ വിൽക്കുന്ന ഓൺലൈൻ റീട്ടെയിലർമാർക്കെതിരെ നടപടിയെടുക്കുമെന്ന് സ്വീഡനും പറഞ്ഞിട്ടുണ്ട്. "ഇലക്ട്രോണിക് കൊമേഴ്‌സ് കമ്പനികൾ കുട്ടികളെപ്പോലെ തോന്നിക്കുന്ന സെക്സ് ഡോളുകളുടെ വിപണനം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യും" എന്നാണ് സാമൂഹിക സേവന വകുപ്പ് മന്ത്രി കാമില വാൾട്ടേഴ്‌സൺ ഗ്രോൺവാൾ എഎഫ്‌പിയോട് പറഞ്ഞത്.