എന്നാൽ, പിന്നീട് കാർഡിന്‍റെ ഡീറ്റെയില്‍സ് പരിശോധിച്ചപ്പോഴാണ് പറഞ്ഞ വിലയുടെ 72 മടങ്ങിലധികം (അതായത് 27,600 ഭാത്) കാർഡിൽ നിന്ന് ഈടാക്കിയതായി ശ്രദ്ധയിൽപ്പെട്ടത്.

തായ്‌ലൻഡിൽ വിനോദസഞ്ചാരത്തിനെത്തിയ ഇന്ത്യൻ യുവാവിൽ നിന്ന് 1,000 രൂപയുടെ ഹെർബൽ ഉൽപ്പന്നത്തിന് ക്രെഡിറ്റ് കാർഡ് വഴി 75,000-ത്തിലധികം രൂപ ഈടാക്കിയതായി പരാതി. സംഭവത്തിൽ 28-കാരനായ ഇന്ത്യൻ യുവാവ് പട്ടായ സിറ്റി പൊലീസിൽ പരാതി നൽകി.

ഒക്ടോബർ 28-ന് രാത്രി പതിനൊന്നരയോടെ പട്ടായ സെക്കൻഡ് റോഡിലെ ഒരു ഹെർബൽ ഷോപ്പിന് മുന്നിലൂടെ യുവാവ് നടന്നുപോവുകയായിരുന്നു. ആ സമയം പാകിസ്ഥാൻ സ്വദേശിയെന്ന് കരുതുന്ന ഒരാൾ യുവാവിനെ സമീപിക്കുകയും 380 ഭാതിന് (ഏകദേശം 1,000 ഇന്ത്യൻ രൂപ) ഹെർബൽ പ്രൊഡക്ട് നൽകാമെന്ന് പറയുകയും ചെയ്തു. പറയുന്ന തുക തന്നെയാണ് നൽകേണ്ടതെന്ന് കരുതി ഉൽപ്പന്നം വാങ്ങാൻ സമ്മതിച്ച യുവാവ് ക്രെഡിറ്റ് കാർഡ് വഴി പണം നൽകി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

എന്നാൽ, പിന്നീട് കാർഡിന്‍റെ ഡീറ്റെയില്‍സ് പരിശോധിച്ചപ്പോഴാണ് പറഞ്ഞ വിലയുടെ 72 മടങ്ങിലധികം (അതായത് 27,600 ഭാത്) കാർഡിൽ നിന്ന് ഈടാക്കിയതായി ശ്രദ്ധയിൽപ്പെട്ടത്. ഇതോടെയാണ് യുവാവ് പോലീസിനെ സമീപിച്ച് പരാതി നൽകിയത്.

പൊലീസിൽ പരാതി നൽകിയതിന് തൊട്ടുപിന്നാലെ, കച്ചവടക്കാരുമായി ബന്ധപ്പെട്ട ചിലർ യുവാവിനെ ബന്ധപ്പെടുകയും പണം തിരികെ നൽകാം എന്ന് അറിയിക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് പകരമായി വാങ്ങിവെച്ച ഹെർബൽ ഉൽപ്പന്നം തിരികെ നൽകാൻ അവർ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, യുവാവിന് പണം തിരികെ ലഭിച്ചോ എന്ന കാര്യം വ്യക്തമല്ല.

പട്ടായയിലെ വിനോദസഞ്ചാര മേഖലകളിൽ ഹെർബൽ ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഇവർക്ക് ആവശ്യമായ ജോലി പെർമിറ്റോ ബിസിനസ്സ് അനുമതിയോ ഉണ്ടോ എന്നതിനെക്കുറിച്ചും സംശയങ്ങൾ ഉയർന്നിട്ടുണ്ട്. പട്ടായയിൽ വിദേശ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് സമാനമായ തട്ടിപ്പുകൾ മുൻപും നടന്നിട്ടുണ്ട്.

ജനുവരി 2026: സോയി മറൈൻ പ്ലാസയ്ക്ക് സമീപം വെച്ച് 45-കാരനായ മറ്റൊരു ഇന്ത്യൻ വിനോദസഞ്ചാരിയിൽ നിന്ന് ഹെർബൽ ഉൽപ്പന്നങ്ങളുടെ പേരിൽ 43,400 ഭാത് തട്ടിയെടുത്തിരുന്നു.

സെപ്റ്റംബർ 2026: കഷണ്ടിക്കുള്ള മരുന്നെന്ന പേരിൽ വെളിച്ചെണ്ണ വിറ്റ് ശ്രീലങ്കൻ സഞ്ചാരിയിൽ നിന്ന് 3,300 ഭാത് ഈടാക്കി.

ജൂൺ 2026: സമാന തട്ടിപ്പുകളിൽ ഏജന്റായി പ്രവർത്തിച്ച പാകിസ്ഥാൻ സ്വദേശിയെ തായ് ഇമിഗ്രേഷൻ അധികൃതർ അറസ്റ്റ് ചെയ്തു.

മുടി കൊഴിച്ചിൽ, തടി കുറയ്ക്കൽ എന്നിവയ്ക്കുള്ള മരുന്നുകൾ എന്ന് അവകാശപ്പെട്ട് അപരിചിതർ നൽകുന്ന ഓഫറുകളിൽ വഞ്ചിക്കപ്പെടരുതെന്നും, പേയ്‌മെന്റുകൾ നടത്തുന്നതിന് മുൻപ് തുക കൃത്യമായി ഉറപ്പുവരുത്തണമെന്നും അധികൃതർ വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകി. സംഭവം ഇപ്പോൾ പൊലീസ് അന്വേഷിക്കുകയാണ്.