
വീടിനകത്തായാലും പുറത്തായാലും സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത സാഹചര്യമാണ് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നത്. പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ പലതരം ദുരനുഭവങ്ങളിലൂടെ കടന്നുപോകുന്നു. കഴിഞ്ഞ ദിവസമാണ് ഗുരുഗ്രാമിലെ ഹുദ സിറ്റി മെട്രോ സ്റ്റേഷനില്‍ വെച്ച് ഒരു സത്രീയെ നോക്കി ഒരാള്‍ സ്വയംഭോഗം ചെയ്തത്.
ഇത് ആദ്യത്തെ സംഭവമായിരിക്കില്ല. പല സ്ത്രീകള്‍ക്കും ഇതുപോലെ നിരവധി അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ടാകും. ആ സമയത്ത് ആദ്യം ചെയ്യാവുന്ന കാര്യം പ്രതിരോധിക്കുക എന്നത് തന്നെയാണ്. അങ്ങനെ പ്രതിരോധിക്കാനായി ചില്ലി പെപ്പര്‍ സ്പ്രേ എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാമെന്ന് പരിശീലിപ്പിക്കുകയാണ് ഒരു വനിതാ ഐ പി എസ് ഓഫീസര്‍. സ്ത്രീകളെ ഇതെങ്ങനെ ഉപയോഗിക്കാമെന്ന് ഓഫീസര്‍ പരിശീലിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
വീഡിയോയില്‍ വനിതാ ഓഫീസര്‍ പറയുന്നത് സ്കൂളിനും കോളേജിനും ജോലി സ്ഥലത്തിനും പരിസരത്തമെല്ലാം സാമൂഹ്യ വിരുദ്ധരുണ്ടാവാം. അവരെ പ്രതിരോധിക്കാന്‍ ഏത് സമയത്തും നമ്മള്‍ തയ്യാറായിരിക്കണം എന്നാണ്. മുളകുപൊടി പ്രയോഗിച്ച് കഴിഞ്ഞാല്‍ പൊലീസിന് അവരെ പിടികൂടാന്‍ എളുപ്പമായിരിക്കും എന്നും ഓഫീസര്‍ പറയുന്നുണ്ട്. മാര്‍ക്കറ്റില്‍ മുളക് സ്പ്രേ ഒക്കെ കിട്ടും എന്നാലും വില കൂടുതലാവും. അതിനാല്‍ സ്വന്തമായി ഉണ്ടാക്കി ഇവ ഉപയോഗിക്കാം എന്ന് പറഞ്ഞാണ് ചില്ലി പെപ്പര്‍ സ്പ്രേ ഉണ്ടാക്കാന്‍ പരിശീലനം നല്‍കുന്നത്.
പാശ്ചാത്യരാജ്യങ്ങളില്‍ സ്ത്രീകള്‍ ബാഗില്‍ പ്രതിരോധത്തിനായി ആയുധങ്ങള്‍ കരുതാറുണ്ടെന്നും ഓഫീസര്‍ പറയുന്നുണ്ട്. ഇന്ത്യന്‍ പൊലീസ് സര്‍വീസ് എന്ന പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.