ഇസ്രായേല്‍ ടാങ്കര്‍ ആക്രമിച്ചത് ഇറാന്‍; തെളിവു നിരത്തി  അമേരിക്ക; പശ്ചിമേഷ്യയില്‍ പുതിയ സംഘര്‍ഷം

By Web TeamFirst Published Aug 7, 2021, 1:02 PM IST
Highlights

ഇക്കഴിഞ്ഞ വാരം കടലിലുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇറാനെതിരായി നടക്കുന്ന സംയുക്ത നീക്കങ്ങളെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ പുതിയ സംഘര്‍ഷം ഉരുണ്ടു കൂടുന്നു.

ഇക്കഴിഞ്ഞ വാരം കടലിലുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇറാനെതിരായി നടക്കുന്ന സംയുക്ത നീക്കങ്ങളെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ പുതിയ സംഘര്‍ഷം ഉരുണ്ടു കൂടുന്നു. ഇസ്രായേലി കമ്പനിയുടെ എണ്ണ ടാങ്കറും ദുബൈ ആസ്ഥാനമായ കമ്പനിയുടെ കപ്പലുമാണ് ഈയടുത്ത് കടലില്‍ വെച്ച് ആക്രമിക്കപ്പെട്ടത്. ഈ സംഭവങ്ങള്‍ പിറകില്‍ ഇറാനാണെന്നാണ് ആരോപണം ഉയര്‍ന്നത്. അതിനിടെ, ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്രായേല്‍ കമ്പനിയുടെ കപ്പലാക്രമിച്ചത് ഇറാനാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായി അമേരിക്കന്‍ മിലിറ്ററി സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. സംഭവത്തിനു പിന്നില്‍ ഇറാനാണെന്ന് ഇസ്രായേലും ബ്രിട്ടനും നേരത്തെ ആരോപിച്ചിരുന്നു. ഇറാനെതിരെ അമേരിക്കയും ബ്രിട്ടനും ഇസ്രായേലും റൊമാനിയയും ശക്തമായി രംഗത്തുവന്നിട്ടുണ്ട്. ഹോര്‍മുസ് കടലിനടുത്ത് ദുബൈ കമ്പനിയുടെ കപ്പല്‍ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചതും ഇറാനാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. അതിനിടെ, ഇതെല്ലാം കള്ളമാണെന്നും തങ്ങള്‍ക്കെതിരെ ശത്രുക്കള്‍ പകപോക്കല്‍ നടത്തുകയാണെന്ന് ആരോപിച്ച് ഇറാനും രംഗത്തുവന്നു. 

ഇസ്രയേല്‍ കമ്പനിയുടെ പെട്രോളിയം ടാങ്കറിനുനേര്‍ക്ക് ഒമാന്‍ തീരത്തിനടുത്ത് ഡ്രോണ്‍ ആക്രമണം ഉണ്ടായ സംഭവത്തിലാണ് പുതിയ വഴിത്തിരിവുണ്ടായത്. സംഭവത്തിനു പിന്നില്‍ ഇറാന്‍ ആണെന്നതിന് തെളിവു ലഭിച്ചതായി അമേരിക്ക അറിയിച്ചു. സംഭവത്തിനു പിന്നില്‍ ഇറാന്‍ ആണെന്ന് നേരത്തെ ഇസ്രായേലും ബ്രിട്ടനും അമേരിക്കയും ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ്, ഇറാന്‍ നിര്‍മിതമാണ് ഡ്രോണെന്ന് സംഭവത്തിന്റെ ഫോറന്‍സിക് പരിശോധനകളില്‍ തെളിഞ്ഞതായി അമേരിക്കന്‍ മിലിറ്ററി കേന്ദ്ര കമാന്‍ഡ് അറിയിച്ചത്. പരിശോധനാ ഫലങ്ങള്‍ ബ്രിട്ടനും ഇസ്രായേലിനും കൈമാറിയിട്ടുണ്ട്. 


ടാങ്കറിനു നേര്‍ക്കുണ്ടായ ആക്രമണം

ഇസ്രയേലിലെ ശതകോടീശ്വരരായ ഒഫര്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുളള സോഡിയാക് മാരിടൈം കമ്പനിയുടേതാണു ടാങ്കര്‍ ജുലൈ 30ന് പുലര്‍ച്ചെയാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ റൊമാനിയക്കാരനായ ക്യാപ്റ്റനും ബ്രിട്ടീഷ് സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. 

ലണ്ടന്‍ ആസ്ഥാനമായാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്. ജപ്പാന്‍ ഉടമസ്ഥതയിലുള്ള മെര്‍സര്‍ സ്ട്രീറ്റ് എന്ന കപ്പലിലാണ് ടാങ്കര്‍ കൊണ്ടുവന്നത്.  മസ്‌കത്തില്‍നിന്ന് 300 കിലോമീറ്റര്‍ അകലെ മസിറാഹ് ദ്വീപിനടുത്തു വെച്ചാണ് രാത്രിയില്‍ കപ്പലിനു നേര്‍ക്ക് ഡ്രോണ്‍ ആക്രമണമുണ്ടായത്. 

യുഎഇയിലെ ഫുജൈറ തുറമുഖത്തേക്കു പോകുകയായിരുന്നു.  കപ്പല്‍. ആക്രമണത്തെ തുടര്‍ന്ന് കപ്പല്‍ ജീവനക്കാരുടെ അഭ്യര്‍ഥന പ്രകാരം യു.എസ് നാവികരാണ് ആവശ്യമായ സഹായങ്ങള്‍ നല്‍കിയത്. യുഎസ് നാവികസേനയുടെ അകമ്പടിയോടെയാണ് ടാങ്കര്‍ പിന്നീട് യാത്ര തുടര്‍ന്നത്. 

 

 

സംശയമുനയില്‍ ഇറാന്‍

കടല്‍ക്കൊള്ളക്കാരാണ് ആക്രമണത്തിനു പിന്നിലെന്നായിരുന്നു ആദ്യം സംശയം. എന്നാല്‍ കടല്‍സുരക്ഷാ നിരീക്ഷകരായ യുണൈറ്റഡ് മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യുകെഎംടിഒ) ഇക്കാര്യം നിഷേധിച്ചു. ഇതിനു പിന്നാലെ, ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന ആരോപണവുമായി ഇസ്രയേല്‍ രംഗത്തുവന്നു.  പിന്നീട്, ബ്രിട്ടനും അമേരിക്കയും റൊമാനിയയും സമാന ആരോപണങ്ങള്‍ ഉയര്‍ത്തി. 

അന്താരാഷ്ട്ര സുരക്ഷക്കും സമാധാനത്തിനും വെല്ലുവിളിയാകുന്ന പ്രവര്‍ത്തനങ്ങള്‍ ഇറാന്‍ നിര്‍ത്തണമെന്നും അന്താരാഷ്ട്ര ജലനിരപ്പിലൂടെ കപ്പലുകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ അനുവദിക്കണമെന്നും ബ്രിട്ടന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്നാണ് ഇറാന്‍ അധികൃതര്‍ വ്യക്തമാക്കിയത്. തെളിവുകള്‍ ഉണ്ടെങ്കില്‍ പുറത്തുവിടാനും ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ്, ഫോറന്‍സിക് ഫലങ്ങളുടെ ഫലം ഇറാന് എതിരാണെന്ന് ആരോപിച്ച് അമേരിക്ക രംഗത്തുവന്നത്.  അതിനിടെ, ജി ഏഴ് രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന പുറത്തുവന്നു. സമാധാനവും സുരക്ഷയും തകര്‍ക്കുന്നാണ് ഇറാന്റ നടപടി എന്നാണ് ജി ഏഴ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തിയത്.

യുഎസ് അന്വേഷണത്തിലെ കണ്ടെത്തലുകള്‍

അമേരിക്കന്‍ നാവികസേനയുടെ യു എസ് എസ് റൊണാള്‍ഡ് റീഗന്‍ വിമാനത്തിലെ സ്‌ഫോടന അന്വേഷണ വിദഗ്ധര്‍ കഴിഞ്ഞ ആഴ്ച മുഴുവന്‍ ഡ്രോണ്‍ ആക്രമണത്തിന്റെ തെളിവുകള്‍ പരിശോധിക്കുകയായിരുന്നു. കപ്പലിലുണ്ടായിരുന്നവരെ ചോദ്യം ചെയ്യുകയും സ്‌ഫോടക വസ്തു പരിശോധിക്കുകയും ചെയ്ത ശേഷം മൂന്ന് ഡ്രോ നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയത്. 

അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്: ജുലൈ 29-ന് വൈകുന്നേരമുണ്ടായ രണ്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ ലക്ഷ്യത്തില്‍ പതിക്കാതെ പരാജയപ്പെടുകയായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ വന്ന മൂന്നാമത്തെ േഡ്രാണാണ് ടാങ്കറിനെ ആക്രമിച്ചത്. സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള സ്‌ഫോടക വസ്തുവായിരുന്നു ഇതിനോട് ഘടിപ്പിച്ചിരുന്നത്. പൈലറ്റ് ഹൗസിനു നേര്‍ക്കാണ് ഇതു വന്ന് പതിച്ചത്. സംഭവത്തല്‍ ക്യാപ്റ്റനും സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെടുകയും വലിയ ദ്വാരമുണ്ടാവുകയും ചെയ്തു. ആര്‍ ഡി എക്‌സ് ആണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത്. അത്യാഹിതമുണ്ടാക്കുകയായിരുന്നു ഡ്രോണിന്റെ ലക്ഷ്യമെന്നും അന്വേഷകര്‍ പറഞ്ഞു. 

ഡ്രോണിന്റെ ചിറകു ഭാഗം അന്വേഷകര്‍ കണ്ടെത്തിയിരുന്നു. ഇത് സൂക്ഷ്മപരിശേശാധന നടത്തിയ ശേഷമാണ് ഇറാന്‍ നിമിതമാണ് ഇതെന്ന് കണ്ടെത്തിയതെന്ന് അമേരിക്കന്‍ അനേ്വഷകര്‍ പറയുന്നു. 


കപ്പല്‍ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം

ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം എം വി അസ്ഫാല്‍ട്ട് ്രപിന്‍സസ് എന്ന മറ്റൊരു കപ്പലും ആക്രമിക്കപ്പെട്ടിരുന്നു. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ കപ്പലിലേക്ക് ഇരച്ചുകയറിയ ഒമ്പതംഗ സായുധ സംഘം കപ്പല്‍ പിടിച്ചെടുക്കുകയായിരുന്നു. 

ഇത് ഇറാനിലേക്ക് തിരിച്ചുവിടാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വൈകാതെ, അക്രമികള്‍ വിട്ടൊഴിയുകയും കപ്പല്‍ സുരക്ഷിതമാക്കുകയും ചെയ്തതായി ബ്രിട്ടീഷ് മാരിടൈം സുരക്ഷാ ഏജന്‍സി അറിയിച്ചിരുന്നു. 

ഈ സംഭവത്തിനു പിന്നില്‍ ഇറാന്‍ ആണെന്ന് ആരേപണം ഉയര്‍ന്നിരുന്നു. എന്നാല്‍, തങ്ങള്‍ക്ക് ഇതില്‍ യാതൊരു പങ്കുമില്ലെന്നും ശത്രുക്കള്‍ തങ്ങള്‍ക്കെതിരെ പകപോക്കുകയാണ് എന്നും ഇറാന്‍ വിപ്ലവ ഗാര്‍ഡുകള്‍ പ്രസ്താവനയിറക്കി. 

കൊടും ശത്രുത, നിഴല്‍യുദ്ധം

ഇറാനും ഇസ്രായേലും തമ്മില്‍ വര്‍ഷങ്ങളായി നിഴല്‍ യുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്. ഇറാന്റെ ആണവ പദ്ധതി
തകര്‍ക്കുന്നതിനായി നടന്ന നിരവധി ആക്രമണങ്ങള്‍ക്കുപിന്നില്‍ ഇസ്രായേല്‍ ആണെന്നാണ് കരുതപ്പെടുന്നത്. ആണവപദ്ധതിയുടെ തലപ്പത്തുള്ള ശാസ്ത്രജ്ഞര്‍ അടക്കം നിരവധി പേരെ കൊല ചെയ്ത സംഭവങ്ങള്‍ക്കു പിന്നില്‍ ഇസ്രായേല്‍ ആണെന്ന് ഇറാന്‍ ആരോപിച്ചിരുന്നു. ഇസ്രായേലിന്റെ ബദ്ധവൈരികളായ ലബനോനിലെ ഹിസ്ബുല്ലയ്ക്ക് സഹായമെത്തിക്കുന്നു എന്നാരോപിച്ച് ഇറാന്റെ നിരവധി കപ്പലുകളും ഇസ്രായേല്‍ ആക്രമിച്ചിരുന്നു

ഇതിനു പകരമായി ഇറാനും ഇസ്രായേല്‍ കപ്പലുകള്‍ക്കു നേരെ നിരവധി ആക്രമണം നടത്തിയിരുന്നു. എന്നാല്‍, ഈ സംഭവം അതില്‍നിന്നും വ്യത്യസ്തമാവുന്നത്, പ്രബലരായ മറ്റു രാജ്യങ്ങള്‍ കൂടി അതില്‍ പങ്കാളികളായി എന്ന നിലയിലാണ്. ബ്രിട്ടീഷ് പൗരന്റെയും റുമാനിയന്‍ പൗരന്റെയും കൊലപാതകവും ബ്രിട്ടീഷ് കമ്പനി ആക്രമിക്കപ്പെട്ടതും അമേരിക്കന്‍ നാവിക സേനയുടെ ഇടപെടലും മറ്റു രാജ്യങ്ങളുടെ കൂടി ഇടപെടലിനു കാരണമായി. ഇതാണ് പുതിയ സംഭവത്തെ കൂടുതല്‍ സങ്കീര്‍ണ്ണമായി മാറ്റിയത്.  

കടുത്ത നിലപാടുകാരനായ ഇബ്രാഹിം റഈസി പ്രസിഡന്റായ ശേഷം ഇറാന്റെ വിദേശകാര്യ നയങ്ങളില്‍ എന്ത് മാറ്റമാണ് ഉണ്ടാവുക എന്ന് ഇസ്രായേല്‍ അടക്കമുള്ള രാജ്യങ്ങള്‍ ഉറ്റു നോക്കുന്നതിനിടെയാണ് ഈ സംഭവങ്ങള്‍ നടക്കുന്നത്.  യാഥാസ്ഥിതിക നിലപാടുകാരനായ പുതിയ പ്രസിഡന്റ് വരുന്നതോടെ ഇറാന്‍ കൂടുതല്‍ അക്രമാസക്തമാവുമെന്ന് മറ്റു പ്രമുഖ രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതിനിടെ, ഇറാന്‍ ആണവ പദ്ധതി ആഴ്ചകള്‍ക്കകം വിജയത്തിലെത്തുമെന്ന് കഴിഞ്ഞ ദിവസം ഇസ്രാേയല്‍ പ്രസ്താവന ഇറക്കിയിരുന്നു. ഇത് പുതിയ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

click me!