നെതന്യാഹു പ്ലാനിട്ടു, മൊസാദ് കളിച്ചു, ട്രംപ് പരുങ്ങി, സിഐഎ സംശയിച്ചു; ഇസ്രായേല്‍-ഇറാന്‍ യുദ്ധം അണിയറക്കഥകള്‍

Published : Jun 25, 2025, 07:13 PM ISTUpdated : Jun 25, 2025, 07:18 PM IST
israel iran war

Synopsis

ഇസ്രായേലും അമേരിക്കയും പുറത്തുപറയുന്നതിന് അപ്പുറമുള്ള രഹസ്യനീക്കങ്ങളുടെയും പദ്ധതികളുടെയും രാഷ്ട്രീയ കരുനീക്കങ്ങളുടെയും ഞെട്ടിക്കുന്ന അണിയറക്കഥകള്‍

ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തിനുപിന്നിലെ ഇതുവരെ അറിയാത്ത അണിയറക്കഥകള്‍ പുറത്തുവന്നു. അമേരിക്കയിലെ പ്രമുഖ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇസ്രായേലിന്റെയും അമേരിക്കയുടെയും ഭരണ-സൈനിക-ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രായേലും അമേരിക്കയും പുറത്തുപറയുന്നതിന് അപ്പുറമുള്ള രഹസ്യനീക്കങ്ങളുടെയും പദ്ധതികളുടെയും രാഷ്ട്രീയ കരുനീക്കങ്ങളുടെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് വാഷിംഗ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്.

 

ആണവപദ്ധതികള്‍ ലക്ഷ്യമിട്ട് ഇറാനെ കടന്നാക്രമിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടത് ഈയടുത്ത കാലത്തൊന്നുമല്ല, 2024 ഒക്‌ടോബര്‍ മാസത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 ജൂണ്‍ പകുതിയോടെ ഇറാനെ ആക്രമിക്കാനായിരുന്നു നെതന്യാഹു ഉത്തരവിട്ടത്. തൊട്ടുപിന്നാലെ വന്ന മാസങ്ങളില്‍ ഇസ്രായേല്‍ സൈന്യവും ഇന്റലിജന്‍സ് ഏജന്‍സികളും ആക്രമണത്തിനുള്ള ഊര്‍ജിത പദ്ധതികള്‍ ഒരുക്കി. മൊസാദ് ഇറാനിനകത്ത് രഹസ്യ ഡ്രോണ്‍ കേന്ദ്രമടക്കം സ്ഥാപിച്ചു. ഇറാനിലെ പ്രമുഖ ആണവ ശാസ്ത്രജ്ഞരെയും ഉന്നത സൈനിക മേധാവികളെയും അവരുടെ വീടുകളില്‍ വെച്ച് വധിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോയി. അമേരിക്കയെ കൂടി പങ്കാളിയാക്കാന്‍ ഇസ്രായേല്‍ പിന്നീട് ശ്രമം നടത്തിയെങ്കിലും നയതന്ത്ര ശ്രമങ്ങളിലൂടെ പ്രശ്‌നപരിഹാരം എന്ന നിര്‍ദേശമാണ് അമേരിക്ക മുന്നോട്ടുവെച്ചത്. എങ്കിലും ഇസ്രായേല്‍ തങ്ങളുടെ ആക്രമണ പദ്ധതികളുമായി മുന്നോട്ടുപോയി. അമേരിക്കയുടെ സമ്മതമില്ലാതെയാണ് ഇറാനെതിരെ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നെതന്യാഹുവിന്റെ ഉത്തരവ് ഒക്‌ടോബറില്‍

ഹിസ്ബുല്ലയ്‌ക്കെതിരെ ഇസ്രായേല്‍ ആഞ്ഞടിച്ചതിന് തൊട്ടുപിന്നാലെ, ഒക്‌ടോബറിലാണ് ഇറാനെ ആക്രമിക്കാന്‍ നെതന്യാഹു ഉത്തരവിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് ഇസ്രായേല്‍ ചാരസംഘടനയായ മൊസാദ്, കൊല്ലാനുള്ള ഇറാന്റെ ആണവശാസ്ത്രജ്ഞരുടെയും ഉന്നത സൈനിക ഉദ്യോഗസ്ഥരുടെയും പട്ടിക തയ്യാറാക്കി. ഇസ്രായേല്‍ വ്യോമസേന പ്രത്യേകപരിശീലന പദ്ധതികളിലൂടെ കടന്നുപോവുകയും സിറിയ, ലബനോന്‍, ഇറാഖ് എന്നിവിടങ്ങളിലെ വ്യോമപ്രതിരോധ സംവിധാനം മറികടന്ന് ഇറാനെതിരെ ആക്രമണം നടത്തുന്ന വിധം വ്യോമമേഖല ക്ലിയര്‍ ചെയ്യുകയും ചെയ്തു. ഇതേസമയം, അമേരിക്കയെ കൂടി യുദ്ധത്തില്‍ പങ്കാളിയാക്കാനുള്ള ശ്രമങ്ങളും ഇസ്രായേല്‍ തുടങ്ങി. ഒറ്റയ്ക്ക് ആക്രമണം നടത്തുന്നതിനേക്കാള്‍ അമേരിക്കയെ ഒപ്പം കൂട്ടുകയാണ് നല്ലത് എന്നായിരുന്നു ഇസ്രായേല്‍ ഉദ്യോഗസ്ഥരുടെ പക്ഷം. ഏപ്രില്‍ ഏഴിന് നെതന്യാഹു ഓവല്‍ ഓഫീസില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുമ്പേ, മാര്‍ച്ചില്‍ തന്നെ 2025 ജൂണ്‍ മാസം യുഎസിനൊപ്പമോ അല്ലാതെയോ ഇറാനെ ആക്രമിക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചിരുന്നു.

ചര്‍ച്ച തുടങ്ങിയത് ബൈഡന്റെ കാലത്ത്

ഇസ്രായേല്‍ ഇറാനെ ആക്രമിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുന്നതായി അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗം വളരെ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി യു എസ് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജോ ബൈഡന്‍ പ്രസിഡന്റായിരിക്കവെയാണ് ഇറാന്‍ ആക്രമണത്തിന് യു എസിനെ കൂടി പങ്കാളിയാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ശിശിരകാലത്തുടനീളം ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ ബൈഡന്‍ ഭരണത്തിലെ ഉന്നതരുമായി ചര്‍ച്ചകള്‍ നടത്തുകയും തങ്ങളുടെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സമാഹരിച്ച വിവരങ്ങള്‍ കൈമാറുകയും ചെയ്തു. ഇറാന്റെ ആണവശാസ്ത്രജ്ഞര്‍ ആണവായുധ നിര്‍മാണത്തിനുള്ള സൈദ്ധാന്തിക ഗവേഷണ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കുന്നുവെന്ന ഇന്റലിജന്‍സ് വിവരങ്ങളാണ് ഇസ്രായേല്‍ അമേരിക്കയ്ക്ക് കൈമാറിയത്. അതിനിടെ ജോ ബൈഡന്‍ മാറി ഡൊണള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നു. തുടര്‍ന്നുള്ള മാസങ്ങളില്‍ ട്രംപ് ഭരണകൂടത്തിനു കീഴില്‍ യുഎസ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഇക്കാര്യത്തില്‍ സൂക്ഷ്മനിരീക്ഷണങ്ങള്‍ നടത്തിയെങ്കിലും ഇറാന്‍ അണുബോംബ് നിര്‍മാണത്തിന് തുനിയുന്നുവെന്ന വിവരം സ്ഥിരീകരിക്കാനായില്ല.

ആക്രമണത്തിനുള്ള അടിയന്തിര കാരണങ്ങള്‍

ജൂണ്‍ 13-ന് ഇറാനെ ആക്രമിക്കാന്‍ നെതന്യാഹു ഉത്തരവിടുമ്പോഴും അമേരിക്കയുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുക തന്നെയായിരുന്നു. ഇറാന്റെ അണുബോംബ് നിര്‍മാണത്തെക്കുറിച്ചുള്ള വിശ്വസനീയമായ പുതിയ വിവരങ്ങളോ ഇസ്രായേലിന് പുതിയ ഭീഷണി ഉയര്‍ന്നതോ ആയിരുന്നില്ല ജൂണ്‍ 13-ന്റെ ആക്രമണത്തിന്റെ പ്രേരണ. ഇറാനെ ആഞ്ഞടിക്കാന്‍ പറ്റിയ സന്ദര്‍ഭം ഇതാണെന്ന വിചാരത്തിലാണ് ഇറാനെ ആക്രമിക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചത്. കാലങ്ങളായി ആഗ്രഹിക്കുകയും ഒരു വര്‍ഷത്തോളമായി കൊണ്ടുനടക്കുകയും ചെയ്യുന്ന തങ്ങളുടെ പദ്ധതി നടപ്പാക്കാന്‍ പറ്റിയ സമയമാണ് ഇതെന്നായിരുന്നു ഇസ്രായേലിന്റെ കണക്കുകൂട്ടല്‍.

അവസരം, അനിവാര്യത- ഈ രണ്ട് ഘടകങ്ങളാണ് ഇസ്രായേലിനെ ഇറാന്‍ ആക്രമണ പദ്ധതിക്ക് പ്രേരിപ്പിച്ചതെന്നാണ് ഇസ്രായേല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്. ഹമാസ്, ഹിസ്ബുല്ല, ഹൂത്തികള്‍ എന്നിങ്ങനെ ഇറാന്‍ സഹായിക്കുന്ന ഗ്രൂപ്പുകള്‍ തകര്‍ച്ചയെ നേരിട്ടതും അതുവഴി ഇറാന്‍ ദുര്‍ബലമായതും ഗുണകരമാവുമെന്നായിരുന്നു ഇസ്രായേല്‍ കണക്കുകൂട്ടല്‍. ഇറാനും അവരുടെ കൂട്ടുസംഘങ്ങളും ഇത്ര ദുര്‍ബലമായ സമയമുണ്ടായിട്ടില്ല, ഇതിലും നല്ലൊരു സമയം കിട്ടാനില്ല എന്നായിരുന്നു നിഗമനം.

ആണവായുധ വിവരങ്ങളും തര്‍ക്കങ്ങളും

അണുബോംബ് നിര്‍മാണത്തില്‍ ഇറാന്‍ പുരോഗതി കൈവരിച്ചോ എന്ന കാര്യത്തില്‍ ആഗോള തലത്തില്‍ തന്നെ ചര്‍ച്ച നടന്നിരുന്നു. ഇതേ വിഷയം ട്രംപ് ഭരണകൂടത്തിനകത്തും അഭിപ്രായ വ്യത്യസത്തിനും ഉരസലിനും വഴി തെളിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്‍ ഭരണകൂടം ആണവായുധ നിര്‍മാണം പുനരാരംഭിക്കാന്‍ ഉത്തരവിട്ടിട്ടില്ല എന്നായിരുന്നു മാര്‍ച്ചില്‍ അമേരിക്കന്‍ രഹസ്യാനേ്വഷണ വിഭാഗം ഡയരക്ടര്‍ ജനറല്‍ റ്റുല്‍സി ഗബാര്‍ഡ് നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍, ഇക്കാര്യം ട്രംപ് അംഗീകരിച്ചില്ല. അതുപ്രകാരം, ഇറാന്‍ ആണവബോംബിന് വളരെ അടുത്തെത്തി എന്നായിരുന്നു ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

ഇതുതന്നെയായിരുന്നു നെതന്യാഹുവും ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഇറാന്‍ ആണവായുധ നിര്‍മാണ നീക്കങ്ങളിലാണെന്ന കാലങ്ങളായുള്ള വാദം നെതന്യാഹു അടുത്തകാലത്ത് നല്‍കിയ ഇന്റര്‍വ്യൂവിലും ആവര്‍ത്തിക്കുന്നുണ്ട്. ഇറാന്‍ ഒരു വര്‍ഷത്തിനുള്ളില്‍ ലക്ഷ്യം കണ്ടെത്തുമെന്നാണ് നെതന്യാഹു അഭിമുഖത്തില്‍ പറഞ്ഞത്. സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് വേണ്ടതിലധികമുള്ള അളവില്‍ ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തിയതായും മാരകശേഷിയുള്ള ആണവബോംബുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യമെന്ന കാര്യത്തില്‍ തര്‍ക്കമില്ല എന്നുമാണ് അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞത്.

എന്നാല്‍, നെതന്യാഹുവിന്റെ പദ്ധതിക്ക് അപ്രതിക്ഷിത തടസ്സങ്ങള്‍ വന്നു. അതിനു കാരണം ട്രംപുമായി നെതന്യാഹു വാഷിംഗടണില്‍ നടത്തിയ കൂടിക്കാഴ്ചയായിരുന്നു. ഇറാന്‍- ആണവ പ്രശ്‌നം  നയതന്ത്ര തലത്തില്‍ പരിഹരിക്കുന്നതിന് നേരിട്ടുള്ള ചര്‍ച്ച നടത്തുകയാണ് തങ്ങളുടെ തീരുമാനം എന്നാണ് അമേരിക്ക ഇസ്രായേലിനെ അറിയിച്ചത്. ഇത് തടസ്സം സൃഷ്ടിച്ചെങ്കിലും നെതഹ്യനാഹു പദ്ധതിയുമായി മുന്നോട്ടുപോവുക തന്നെ ചെയ്തു. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാനുമായി കാര്യമായ ഒരു കരാര്‍ ഉണ്ടാവുകയാണെങ്കില്‍ അണുബോംബുണ്ടാക്കാനുള്ള സമയവും സാഹചര്യവും ഇറാന് കിട്ടുമെന്ന ആശങ്ക ഇസ്രായേല്‍ ഉന്നതര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇറാന്‍ ആക്രണ പദ്ധതി തയ്യാറാക്കുന്നതില്‍ ഇസ്രായേലിനെ സഹായിച്ച യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി ജനറല്‍ മൈക്കിള്‍ എ ക്യുറില്ല വിരമിക്കാറായതും ഇസ്രായേലിന് ആശങ്ക ഉണ്ടാക്കി. അതിനാല്‍, സ്വന്തം നിലയ്ക്ക് ആക്രമണ പദ്ധതിയുമായി മുന്നോട്ടുപോവാന്‍ ഇസ്രായേല്‍ തീരുമാനം എടുത്തു.

ആക്രമിക്കേണ്ടതെപ്പോള്‍; ആ തീരുമാനത്തിനു പിന്നില്‍

ആക്രമണത്തിന് രണ്ടാഴ്ച മുമ്പാണ് എപ്പോഴാണ് ആക്രമണം നടത്തേണ്ടത് എന്ന കാര്യത്തില്‍ തീരുമാനം എടുത്തത് എന്നാണ് ഇസ്രായേല്‍ സര്‍ക്കാറിനെ അനുകൂലിക്കുന്ന ചാനല്‍ 14-ന് ഇന്നലെ നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞത്. ഇറാനെ ആക്രമിക്കണം എന്ന തീരുമാന്നം എടുത്തത് മാസങ്ങള്‍ക്കു മുമ്പാണെങ്കിലും ഏപ്രിലിലാണ് സര്‍പ്രൈസ് ആയി അക്കാര്യം ഉന്നതരോട് പങ്കുവെച്ചത്. ആണവ ശാസ്ത്രജ്ഞരായിരുന്നു മുഖ്യ ഉന്നമെന്നും അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു. 'അതായിരുന്നു എന്റെ നിര്‍ദേശം. ഞങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക് പിറകിലായിരുന്നു. അവരെ ഇല്ലാതാക്കണമായിരുന്നു.'-അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞ് ഇങ്ങനെയാണ്.

ഇസ്രായേല്‍ പ്രതിരോധ വിഭാഗങ്ങളും മിക്ക രാഷ്ട്രീയ പാര്‍ട്ടികളും മുന്‍കൂര്‍ പ്രതിരോധ ആക്രമണമെന്ന നിലയില്‍ ഇതിനെ പിന്തുണച്ചു. എന്നാല്‍, വിയോജിപ്പുള്ളവരും ഉണ്ടായിരുന്നു. അമേരിക്ക നയതന്ത്ര മാര്‍ഗങ്ങള്‍ നോക്കുന്നതിനിടെ ഇറാനെ ആക്രമിക്കുന്നത് ശരിയല്ലെന്നായിരുന്നു ചില അഭിപ്രായങ്ങള്‍. 'രാഷ്ട്രീയ പരിഹാരത്തിനു ഒരു ശ്രമമെങ്കിലും നടത്തേണ്ടിയിരുന്നു. ഇപ്പോള്‍ ഓപ്പറേഷനല്‍ നേട്ടങ്ങള്‍ ഉണ്ടായെങ്കിലും അത് സൃഷ്ടിച്ച റിസ്‌ക് വളരെ വലുതാണ്. ഇറാനെപ്പോലൊരു രാജ്യവുമായി നമ്മള്‍ മുമ്പൊരിക്കലും യുദ്ധം ചെയ്തിരുന്നില്ല. ഇറാന്‍ ആണവ സാമഗ്രികള്‍ എവിടെയാണ് സൂക്ഷിക്കുന്നതെന്ന കാര്യത്തില്‍ വലിയ പിടിയില്ലായിരുന്നു. ഒരു കരാറില്‍ എത്തിയിരുന്നെങ്കില്‍, നമുക്ക് കുറച്ചു സമയം കൂടി കിട്ടിയേനെ.'- ഇസ്രായേല്‍ മിലിറ്ററി ഇന്റലിജന്‍സിന്റെ ഗവേഷണ വിഭാഗത്തില്‍ ഇറാന്‍ ഡെസ്‌കിന്റെ തലവനായി നേരത്തെ പ്രവര്‍ത്തിച്ച ഡാനി സിട്രിനോവിസ് വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞത് ഇങ്ങനെയാണ്.

അണുബോംബ് നിര്‍മാണത്തിന് അനുമതി ഉണ്ടായിരുന്നോ?

2018-ല്‍ ഒബാമയുടെ ഭരണകാലത്ത് ഇറാനുമായുണ്ടാക്കിയ ആണവ കരാര്‍ ട്രംപ് വന്നശേഷം പിന്‍വലിച്ചിരുന്നു. ഇതിനു ശേഷം, ഇറാന്‍ ആണവബോംബ് നിര്‍മാണത്തിനാവശ്യമായ യുറേനിയം സമ്പുഷ്ടീകരണം ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചതായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മുന്നറിപ്പ് നല്‍കിയിരുന്നു. എന്നാല്‍, 'പ്രൊജക്ട് അമദ്' എന്നറിയപ്പെടുന്ന ആണവായുധ നിര്‍മാണ പദ്ധതി 2003-ല്‍ ഇറാന്‍ പരമാധികാരിയായ ആയത്തുല്ല അലി ഖാംനഈ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കി. ഇതിനു ശേഷം അത് പുനാരാരംഭിച്ചോ എന്ന കാര്യത്തില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കിടയില്‍ ഏകാഭിപ്രായം ഉണ്ടായിരുന്നില്ല. മുന്‍ തീരുമാനം മാറ്റി ഇറാന്‍ ആണവായുധ നിര്‍മാണ പദ്ധതി തുടരാന്‍ ആയത്തുല്ല അലി ഖാംനഈ അനുമതി നല്‍കിയെന്ന് യുഎസ് ഇന്റലിജന്‍സ് വിഭാഗം സ്ഥിരീകരിച്ചിരുന്നില്ല. തീരുമാനം മാറ്റിയാല്‍, ഇറാന് സ്വന്തം പദ്ധതികളുടെ വേഗത കൂട്ടാനാവുമെന്ന നിഗമനത്തിലാണ് യു എസ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

എന്നാല്‍ അമേരിക്കയുടെ ഈ നിലപാടിനോട് ഇസ്രായേലിന് യോജിപ്പ് ഉണ്ടായിരുന്നില്ല. 'ഇറാന്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ മുന്നേറുന്നതായാണ് വിവരം. ഇതിനര്‍ത്ഥം ഇറാന്‍ അണുബോംബ് നിര്‍മാണത്തിന് സമയപരിധി വെച്ചു എന്നല്ല. മറിച്ച്, അവര്‍ അപകടകരമായ രീതിയില്‍ മുന്നേറുകയാണ് എന്നാണ്' -ഇതാണ് ഇറാന്‍ വിഷയത്തില്‍ നെതന്യാഹുവിന്റെ ദീര്‍ഘകാലത്തെ ഉപദേശകനായിരുന്ന ജേക്കബ് നാഗെല്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞത്. അക്കാദമിക തലത്തിലാണ് ഇറാന്‍കാര്‍ മുന്നേറിക്കൊണ്ടിരുന്നതെന്ന് അദ്ദേഹം പറയുന്നു. 2015-ലെ ആണവ കരാര്‍ ലംഘിച്ച് അണുബോംബ് ഉണ്ടാക്കുന്നതിനുള്ള പ്രവര്‍ത്തനം ഇറാന്‍ നടത്തി എന്നതിന് തെളിവില്ലായിരുന്നു. എന്നാല്‍ സിവിലിയന്‍ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് എന്ന് ഉറപ്പിച്ച് പറയാനാവാത്ത വിധത്തിലുള്ള ഗവേഷണ പദ്ധതികള്‍ ഇറാന്‍ കാര്യമായി മുന്നോട്ടു കൊണ്ടുപോവുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. ഒരു ഘട്ടത്തില്‍ ബൈഡന്‍ ഭരണകൂടം തന്നെ ഇറാനോട് ആണവ ശാസ്ത്രജ്ഞര്‍ നടത്തുന്ന പുതിയ പദ്ധതികളെക്കുറിച്ച് ആരാഞ്ഞിരുന്നുതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്റലിജന്‍സ് വിവരങ്ങള്‍: വ്യത്യസ്ത അഭിപ്രായങ്ങള്‍

ആക്രമണത്തിന് മുന്നോടിയായി, അമേരിക്കയെ കൂടി ഓപ്പറേഷനില്‍ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രായേല്‍ തങ്ങളുടെ ഇന്റലിജന്‍സ് വിഭാഗങ്ങള്‍ സമാഹരിച്ച രഹസ്യവിവരങ്ങള്‍ യുഎസുമായി പങ്കുവെച്ചിരുന്നു. എന്നാല്‍, ഇതില്‍ ഗുരുതരമായ വിവരങ്ങളില്ലെന്നായിരുന്നു യുഎസ് ഇന്റലിജന്‍സ് വിഭാഗങ്ങളുടെ വിലയിരുത്തല്‍. ഇറാന്‍ പരമാധികാരിയായ ആയത്തുല്ല അലി ഖാംനഈ അണുബോംബ് നിര്‍മാണ പദ്ധതിക്ക് പച്ചക്കൊടി കാട്ടിയിട്ടില്ല എന്നു തന്നെയായിരുന്നു സിഐഎ മേധാവി ജോണ്‍ റാറ്റ്ക്ലിഫിന്റെ വിലയിരുത്തല്‍.

എന്നാല്‍, ഇറാന്‍ ശാസ്ത്രജ്ഞര്‍ ആണവവിഷയങ്ങളിലെ ചില പ്രത്യേക മേഖലകളില്‍ മുന്നേറുന്നത് ഗുരുതസാഹചര്യമാണെന്നായിരുന്നു ഇസ്രായേല്‍ ഇന്റലിജന്‍സ് വിഭാഗങ്ങളുടെ വിലയിരുത്തല്‍. സ്വന്തം ഇന്റലിജന്‍സ് വിഭാഗങ്ങളുടെ വിലയിരുത്തല്‍ മറികടന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ഇസ്രായേലിന് സമാനമായ നിലപാടാണ് എടുത്തത്. ഇറാന്‍ അണുബോംബിനായി ദാഹിക്കുകയാണ് എന്നു തന്നെയായിരുന്നു ട്രംപ് വിശ്വസിച്ചിരുന്നതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു.

മൊസാദിന്റെ കരുനീക്കങ്ങള്‍, വ്യോമസേനയുടെ പരിശീലനങ്ങള്‍

കഴിഞ്ഞ മാസങ്ങളിലായി ഇസ്രായേല്‍ ഇന്റലിജന്‍സ് വിഭാഗം ഇറാന്റെ ആണവശാസ്ത്രജ്ഞരുടെ ലൊക്കേഷനുകളും പ്രവര്‍ത്തനങ്ങളും പിന്തുടരുകയയിരുന്നു. ഇറാന്‍ ശാസ്ത്രജ്ഞരെയും ഉന്നത സൈനിക മേധാവികളെയും അവരുടെ വീടുകളില്‍ ചെന്ന് ആക്രമിക്കാനുള്ള പരിശീലനപ്പറക്കലുകളിലായിരുന്നു ഇസ്രായേല്‍ വ്യോമസേനയെന്ന് ഇസ്രായേല്‍ രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു.

ഈ മാസത്തോടെ മുമ്പ് ചെയ്യാതിരുന്ന വിധത്തില്‍, ഒരേ സമയം പല ടാര്‍ഗറ്റുകളില്‍ ആക്രമണം നടത്താനും അതിനുള്ള പുതിയ സോഫ്റ്റ്‌വെയറുകളും സ്‌ഫോടക വസ്തുക്കളും ഉപയോഗിക്കാനുമുള്ള പരിശീലനം ഇസ്രായേല്‍ എയര്‍ഫോഴ്‌സ് കൈവരിച്ചതായി മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനും ഇസ്രായേല്‍ പാര്‍ലമെന്റ് അംഗവുമായ മാറ്റന്‍ കഹാന വാഷിംഗ്ടണ്‍ പോസ്റ്റിനോട് വ്യക്തമാക്കുന്നു.

ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് വര്‍ഷങ്ങളായി ഇറാന്റെ ആണവ ശാസ്ത്രജ്‌രെക്കുറിച്ചുള്ള വിവരങ്ങളും അവരെ ഇല്ലായ്മ ചെയ്യാനുള്ള പദ്ധതികളും ഒരുക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങളായ നതാന്‍സിലും ഫോര്‍ദോയിലും അവര്‍ സ്വന്തം ചാരന്‍മാരെ റിക്രൂട്ട് ചെയ്തു. അവര്‍ വഴി ശേഖരിച്ചതായിരുന്നു ഇസ്രായേലിന്റെ കൈയിലുള്ള വിവരങ്ങളിലേറെയും. മൊസാദ് ഇതിനിടെ മറ്റൊരു രഹസ്യ ദൗത്യവും നടത്തുന്നുണ്ടായിരുന്നു. ഇറാന്‍ മണ്ണില്‍ സ്ഥാപിച്ച രഹസ്യകേന്ദ്രത്തില്‍, തങ്ങള്‍ ഒളിച്ചു കടത്തിയ കാമികെസ് ഡ്രോണുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി. ഇറാനകത്തുള്ള ചാരന്‍മാരെ ഉപയോഗിച്ചായിരുന്നു ഇതെല്ലാം ചെയ്തിരുന്നത്. ഈ രഹസ്യ ഓപ്പറേഷന്‍ ഏതു സമയത്തും പുറത്താവുമെന്ന ഭയവും ഇസ്രായേലിനുണ്ടായിരുന്നു. ഇറാന്‍ ആക്രമണത്തിന്റെ തീയതി നിര്‍ണയിക്കുന്നതില്‍ ഈ ഘടകവും സ്വാധീനിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

PREV
KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ