
സ്പോർട്സ് ബ്രാ ധരിച്ച് ഡിസ്നി വേൾഡിലെത്തിയതിന്റെ പേരിൽ അപമാനിക്കപ്പെട്ടതായി യുവതി. ഇതിനേക്കാൾ കുറഞ്ഞ വസ്ത്രം ധരിച്ചും ആളുകൾ ഇവിടെ എത്തുന്നുണ്ടല്ലോ എന്നും യുവതി ചോദിക്കുന്നു.
കഴിഞ്ഞ ആഴ്ചയാണ് നിക്കോൾ അരീന എന്ന യുവതി ഡിസ്നി വേൾഡ് സന്ദർശിച്ചത്. അവിടെ നിന്നുണ്ടായ അനുഭവത്തെ കുറിച്ച് പിന്നീട് അവൾ ടിക് ടോക്കിൽ പങ്കുവയ്ക്കുകയായിരുന്നു. സ്പോർട്സ് ബ്രായും ലെഗ്ഗിംഗ്സും ധരിച്ച് 'ഭൂമിയിലെ ഏറ്റവും മാജിക്കലായിട്ടുള്ള ആ സ്ഥലത്തേക്ക്' പോയതിന് താൻ ആക്ഷേപിക്കപ്പെട്ടു എന്നാണ് അരീനയുടെ പോസ്റ്റിൽ പറയുന്നത്.
പാർക്കിലെ ജീവനക്കാർ ഒരു റൈഡിൽ കയറുന്നതിന് മുമ്പായി 45 ഡോളറിന്റെ ഒരു ടി-ഷർട്ട് വാങ്ങാൻ തന്നെ നിർബന്ധിച്ചു എന്നും അവൾ പറയുന്നു. ഭർത്താവിനൊപ്പമുള്ള ഒരു ചിത്രമാണ് അരീന ഷെയർ ചെയ്തിരിക്കുന്നത്. അതിനൊപ്പം അവൾ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്, 'ഇവിടെ വന്നതിൽ സന്തോഷമുണ്ട്. പക്ഷേ അനുചിതമായിട്ടാണ് വസ്ത്രം ധരിച്ചിരിക്കുന്നത് എന്ന് എനിക്ക് മനസിലായിരുന്നില്ല. 45 ഡോളറിന്റെ ഒരു ടി-ഷർട്ട് വാങ്ങി ധരിച്ചില്ലെങ്കിൽ ഒരു മണിക്കൂറോളം കാത്തിരുന്ന റൈഡിൽ തനിക്ക് കയറാൻ കഴിയില്ല'.
പിന്നീട്, ഡിസ്നി വേൾഡിൽ പോകുമ്പോൾ ധരിച്ച വസ്ത്രത്തിലുള്ള ചിത്രവും അവർ പോസ്റ്റ് ചെയ്തു. സ്പോർട്സ് ബ്രായും ലെഗ്ഗിംഗ്സും ആണ് അതിലെ വേഷം. തന്റെ വയറും കയ്യും മാത്രമാണ് പുറത്ത് കാണുന്നത്. പാർക്ക് ജീവനക്കാരുടെ പെരുമാറ്റം കണ്ടാൽ താൻ നഗ്നയായിട്ടാണ് അവിടെ ചെന്നത് എന്ന് തോന്നും എന്നാണ് അരീന പറയുന്നത്.
അതേസമയം, പോസ്റ്റുകൾക്ക് പിന്നാലെ അരീനയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വന്നു. ഇത്തരം വസ്ത്രം ധരിച്ചുകൊണ്ട് ചിൽഡ്രൻസ് പാർക്കിൽ വന്നത് തെറ്റ് തന്നെയാണ് എന്നാണ് പലരും പറഞ്ഞത്. എന്നാൽ, ഇതിനേക്കാൾ കുറഞ്ഞ വസ്ത്രം ധരിച്ച എത്രയോ പേരാണ് അവിടെ വരുന്നത് എന്നാണ് അരീനയുടെ ചോദ്യം.