Latest Videos

ഇറാനിലേക്ക് മടങ്ങിയാല്‍ കൊല്ലപ്പെടും, രണ്ടാഴ്‍ചകളായി മുന്‍സൗന്ദര്യറാണി കഴിയുന്നത് വിമാനത്താവളത്തില്‍

By Web TeamFirst Published Oct 29, 2019, 1:54 PM IST
Highlights

എന്നാല്‍, ഇതുവരെയായിട്ടും റെഡ് നോട്ടീസിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഫിലിപ്പീന്‍സ് ഇമിഗ്രേഷന്‍ വിഭാഗം തയ്യാറായിട്ടില്ല. ഫിലിപ്പീന്‍സിലെ ദഗുപന്‍ നഗരത്തിലുണ്ടായ ആക്രമണക്കേസിലും ബഹാരി പ്രതിയാണെന്നാണ് അവര്‍ പറയുന്നത്.

രണ്ടാഴ്ചക്കാലമായി ഈ ഇറാനിയന്‍ സൗന്ദര്യ റാണിയുടെ ജീവിതം വിമാനത്താവളത്തിലാണ്. സ്വന്തം രാജ്യത്തേക്ക് മടങ്ങിയാല്‍ കൊല്ലപ്പെടുമെന്ന പേടിയും ആശങ്കയും കാരണമാണ് ബഹോറെ സറി ബഹാരി എന്ന യുവതി മനില വിമാനത്താവളത്തില്‍ കഴിയുന്നത്. ഫിലിപ്പീന്‍സില്‍ നടന്ന രാജ്യാന്തര സൗന്ദര്യമത്സരത്തില്‍ ഇറാന്‍റെ പ്രതിനിധിയായി പങ്കെടുത്തത് ഇവരാണ്. ബഹാരിയെ അറസ്റ്റ് ചെയ്യാനായി ഇന്‍റര്‍പോളിന്‍റെ റെഡ് നോട്ടീസ് കിട്ടിയിട്ടുണ്ടെന്ന് ഫിലിപ്പീന്‍സ് ഇമിഗ്രേഷന്‍ വിഭാഗവും വ്യക്തമാക്കിക്കഴിഞ്ഞു. പക്ഷേ, അപ്പോഴും ഏത് രാജ്യമാണ് ബഹാരിയുടെ അറസ്റ്റിനായി റെഡ് നോട്ടീസിന് ആവശ്യമുന്നയിച്ചതെന്ന് മാത്രം വ്യക്തമാക്കിട്ടില്ല. ഏതയാലും ഇക്കാര്യത്തില്‍ രാജ്യാന്തര ഇടപെടല്‍ വേണമെന്ന ആവശ്യമുന്നയിച്ചിരിക്കുകയാണിപ്പോള്‍ ബഹാരി. 

2018 -ലാണ് ഇന്‍റര്‍പോള്‍ തനിക്കെതിരെ ഈ വേട്ടയാടല്‍ തുടങ്ങിയതെന്നും ഇറാന്‍റെ ആവശ്യപ്രകാരമാണ് ഇതെന്നും ഇവര്‍ ആരോപിക്കുന്നു. താന്‍ പൊതുവേദിയിലടക്കം സ്വീകരിച്ച നിലപാടുകളുടെ പേരിലാണ് തനിക്കെതിരെയുള്ള ഈ വേട്ടയാടലെന്നും ബഹാരി പറയുന്നുണ്ട്. 1979 -ലെ ഇറാന്‍ വിപ്ലവത്തില്‍ സ്ഥാനഭ്രഷ്‍ടനാക്കിയ രാജാവ് മുഹമ്മദ് റിസ പഹ്‍ലവിയുടെ മകനായ റിസ പഹ്‍ലവിയെ താന്‍ പിന്തുണച്ചിരുന്നതായും അതാണ് ഇറാന്‍ തന്നെ ലക്ഷ്യമിടാന്‍ കാരണമെന്നും ബഹാരി പറയുന്നുണ്ട്.

മാത്രവുമല്ല താന്‍ നിരന്തരം പെണ്‍കുട്ടികളുടെയടക്കം അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നതും പ്രശ്നമായിരുന്നിരിക്കണമെന്നും ബഹാരി പറയുന്നു. സാമൂഹ്യപ്രശ്നങ്ങളിലിടപെടുമെന്ന് തന്നെയാണ് ബഹാരി ഇപ്പോഴും വ്യക്തമാക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കണമെന്ന നിര്‍ബന്ധക്കാരി തന്നെയാണെന്നും അതിനാലാണ് അധ്യാപികയായതെന്നുകൂടി ബഹാരി പറഞ്ഞിരുന്നു. പെണ്‍കുട്ടികളും മനുഷ്യര്‍ തന്നെയാണെന്നും ആണ്‍കുട്ടികള്‍ക്കുള്ള എല്ലാ അവകാശങ്ങളും അവര്‍ക്കുമുണ്ടെന്നും ബഹാരി പറഞ്ഞിരുന്നു. 

കഴിഞ്ഞ് രണ്ടാഴ്‍ചയായി മനില രാജ്യാന്തര വിമാനത്താവളത്തില്‍ കഴിയുകയാണിവര്‍. 2014 മുതല്‍ ഫിലിപ്പീന്‍സിലെ താമസക്കാരിയാണ് ബഹാരി. ദന്തവൈദ്യം പഠിക്കാനായിട്ടാണ് 2014 -ല്‍ ബഹാരി ഫിലിപ്പീന്‍സിലെത്തിയത്. സ്റ്റുഡന്‍റ് വിസ ഓരോ വര്‍ഷവും പുതുക്കുന്നുണ്ട്. നിലവിലെ വിസയുടെ കാലാവധി 2020 ജനുവരി വരെയുണ്ട്.  ആ തനിക്കെതിരെ എങ്ങനെയാണ് ഇറാനില്‍ കേസുണ്ടാകുന്നതെന്നാണ് ഇവരുടെ ചോദ്യം. ഫിലിപ്പീന്‍സിലും സുരക്ഷ കിട്ടുമെന്ന് തോന്നുന്നില്ലായെന്നും അതിനാല്‍ അവിടെ അഭയാര്‍ത്ഥിയായി തുടരാന്‍ താല്‍പര്യമില്ലായെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, വേറെ ഏത് രാജ്യത്താണ് അഭയാര്‍ത്ഥിയായി തുടരാനാവുക എന്ന കാര്യത്തില്‍ ഇതുവരെ ബഹാരി തീരുമാനത്തിലെത്തിയിട്ടില്ല. 

എന്നാല്‍, ഇതുവരെയായിട്ടും റെഡ് നോട്ടീസിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഫിലിപ്പീന്‍സ് ഇമിഗ്രേഷന്‍ വിഭാഗം തയ്യാറായിട്ടില്ല. ഫിലിപ്പീന്‍സിലെ ദഗുപന്‍ നഗരത്തിലുണ്ടായ ആക്രമണക്കേസിലും ബഹാരി പ്രതിയാണെന്നാണ് അവര്‍ പറയുന്നത്. രാജ്യാന്തരസ്വഭാവമാണ് കേസിന്‍റേത് എന്നതിനാലാകണം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാത്തതെന്നാണ് കരുതുന്നത്. കേസില്‍ പ്രതികരിക്കില്ലെന്ന് ഏജന്‍സിയും വ്യക്തമാക്കിയതായി ഇന്‍റര്‍പോള്‍ മാധ്യമവിഭാഗവും അറിയിച്ചു കഴിഞ്ഞു. 

എന്നാല്‍, ദഗുപന്‍ നഗരത്തിലെ ആക്രമണത്തിലുള്ള പങ്ക് പൂര്‍ണമായും ബഹാരി നിഷേധിച്ചു. അത് പച്ചക്കള്ളമാണെന്നാണ് ബഹാരി പറഞ്ഞത്. ഏതായാലും ഒക്ടോബര്‍ 17 -ന് ദുബായിയില്‍ നിന്നും വിമാനത്താവളത്തിലെത്തിയ ബഹാരിയോട് ആദ്യം പറഞ്ഞത് വിസയില്‍ ചില പ്രശ്നങ്ങളുണ്ടെന്നാണ്. എന്നാല്‍, പിന്നാലെ രാജ്യത്തേക്ക് പ്രവേശനമില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന്, അധികൃതരുമായി വാക്കുതര്‍ക്കവുമുണ്ടായി. ഇറാനിലേക്ക് മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടതോടെ ബഹാരി ഒരു സുഹൃത്തിനെ വിളിക്കുകയും രാജ്യത്തിലേക്ക് ഒരുതരത്തിലും മടങ്ങിപ്പോകില്ലെന്നറിയിച്ച് വിമാനത്താവളത്തില്‍ തന്നെ തുടരുകയുമായിരുന്നു. 10 മിനിറ്റിന് ശേഷമെത്തി അധികൃതരോട് സംസാരിച്ച സുഹൃത്തിനെയും പിന്നീട് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഫിലിപ്പീന്‍സിലെ നിയമത്തെ ബഹുമാനിക്കാന്‍ പഠിക്കണമെന്ന നിലപാടാണ് ഇക്കാര്യത്തില്‍ ഇമിഗ്രേഷന്‍ കമ്മീഷണര്‍ ജെയിം മൊറെന്‍റെ സ്വീകരിച്ചിരിക്കുന്നത്. 

'ജീസസ് നിങ്ങളെയെല്ലാം കൊന്നുകളയും ഫിലിപ്പിനോസ്' എന്ന് ബഹാരി അക്രോശിച്ചതായും അധികൃതര്‍ ആരോപിക്കുന്നുണ്ട്. ജീസസ് എന്ന്  ഉപയോഗിച്ചത് തന്‍റെ അവസ്ഥയില്‍ രാജ്യത്തില്‍നിന്നും ശ്രദ്ധ കിട്ടുന്നതിനായിട്ടാണെന്നാണ് ബഹാരി പറയുന്നത്. 

click me!