102 വർഷത്തിനുശേഷം ലോഗോയിൽ നിന്ന് സ്വസ്തിക ചിഹ്നം ഒഴിവാക്കി ഫിൻലൻഡ്‌ എയർഫോഴ്സ്

By Web TeamFirst Published Jul 2, 2020, 3:25 PM IST
Highlights

വംശീയവിദ്വേഷത്തിന്റെ പ്രതീകമായ ഒരു ചിഹ്നത്തെ സ്വന്തം ലോഗോയുടെ ഭാഗമാക്കുന്നത് ഫിന്നിഷ് എയർലൈൻസിന് ഭൂഷണമാണോ എന്ന വിമർശനം മുമ്പും ഉയർന്നിട്ടുണ്ട്.

ഏറെക്കാലമായി ഫിന്നിഷ് എയർഫോർസിന്റെ ലോഗോ വളരെ വിവാദാസ്പദമായ ഒരു അടയാളം അടങ്ങുന്നതായിരുന്നു. രണ്ടു ചിറകുകൾക്കിടയിൽ ഒരു സ്വസ്തിക ചിഹ്നമായിരുന്നു അവരുടെ വ്യോമസേനയുടെ ലോഗോ. വർഷങ്ങൾക്ക് മുമ്പേ തന്നെ മാനവചരിത്രത്തിന്റെ ഭാഗമാണ് സ്വസ്തിക ചിഹ്നമെങ്കിലും, അതിന് നാസി ജർമനിയുമായുള്ള അനിഷേധ്യബന്ധം കാരണം ഏതെങ്കിലും രൂപത്തിൽ പ്രത്യക്ഷപ്പെടുന്നിടങ്ങളിലെല്ലാം തന്നെ അത് വിവാദങ്ങൾക്ക് കാരണമാവാറുമുണ്ട്. ഈയടുത്ത് ഫിൻലൻഡ്‌ എയർഫോഴ്സ് തങ്ങളുടെ ലോഗോയിൽ നിന്ന് വളരെ അനൗപചാരികമായി ഈ സ്വസ്തിക ചിഹ്നം എടുത്ത് കളഞ്ഞിരിക്കുന്നു എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

 

 

യൂണിവേഴ്സിറ്റി ഓഫ് ഹെൽസിങ്കിയിലെ അക്കാദമീഷ്യനായ ടെയ്‌വോ ടെയ്വെയ്നൻ  ആണ് ഇങ്ങനെയൊരു മാറ്റമുണ്ടായ വിവരം ആദ്യമായി ശ്രദ്ധിക്കുന്നത്. ഇങ്ങനെ, വളരെ രക്തരൂക്ഷിതമായ യുദ്ധചരിത്രത്തോട് ബന്ധമുള്ള,  വംശീയ വിദ്വേഷത്തിന്റെ പ്രതീകമായ ഒരു ചിഹ്നത്തെ സ്വന്തം ലോഗോയുടെ ഭാഗമാക്കുന്നത് ഫിന്നിഷ് എയർലൈൻസിന് ഭൂഷണമാണോ എന്ന് ഇതിനുമുമ്പ് വിമർശനം ഉന്നയിച്ചിട്ടുള്ള ബുദ്ധിജീവി കൂടിയാണ് ടെയ്‌വോ ടെയ്വെയ്നൻ. 

1918 -ൽ സ്വാതന്ത്ര്യം കിട്ടി, പരമാധികാര ഫിൻലൻഡ്‌ സ്ഥാപിതമായ അന്നുതൊട്ട് ഇന്നുവരെ ഫിന്നിഷ് എയർലൈൻസിന്റെ അവിഭാജ്യഘടകമായിരുന്നു ഈ ലോഗോ. അതിൽ അന്നുതൊട്ടുതന്നെ സ്വസ്തിക ചിഹ്നവുമുണ്ട്. ലോഗോ എയർഫോർസിന്റെ ഭാഗമാകുന്നത് നാസികൾ യൂറോപ്പിൽ വംശഹത്യകൾ നടത്തുന്നതിനൊക്കെ മുമ്പാണ്. 1945 വരെയും ഫിൻലണ്ടിന്റെ പോർവിമാനങ്ങളിൽ വെള്ള പശ്ചാത്തലത്തിൽ ഒരു നീല സ്വസ്തിക ചിഹ്നം ഉണ്ടായിരുന്നു. അത് ഒരു വിധത്തിലും നാസി ജർമനിയുമായുള്ള ഐക്യത്തിന്റെ സൂചന ആയിരുന്നില്ലെങ്കിൽ പോലും. യുദ്ധങ്ങളുടെ കാര്യത്തിൽ രണ്ടു രാജ്യങ്ങളും ഒരേ പക്ഷത്തായിരുന്നു എന്നത് മറ്റൊരു വസ്തുത. 

 

 

രണ്ടാം ലോകമഹായുദ്ധത്തിലെ തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തിൽ, വിമാനങ്ങളിൽ ഈ ചിഹ്നം ഉപയോഗിക്കാതെയായി, അതിനെ തീരെ പ്രൊമോട്ട് ചെയ്യാതെയായി ഫിൻലൻഡ്‌. ചില എയർഫോഴ്സ് താവളങ്ങളിലും, ചില പടക്കോപ്പുകളിലും, കവചിത വാഹനങ്ങളിലും, യൂണിറ്റ് ഫ്ലാഗുകളിലും, ബഹുമതികളും, യൂണിഫോമുകളിലുമൊക്കെ ഈ ചിഹ്നം പിന്നെയും അവശേഷിച്ചു. 2017 തൊട്ടാണ് എയർ ഫോഴ്‌സ് കമാൻഡുകളിൽ ഈ ചിഹ്നത്തിന് പകരം ചിറകുകൾക്കിടയിൽ പരുന്തിനെ വെച്ച് ചിഹ്നം പരിഷ്കരിക്കപ്പെട്ടത്. 

പുതിയ ലോഗോ , പഴയ ലോഗോ 

എന്താണ് സ്വസ്തിക ചിഹ്നം?

ജ്യാമിതീയമായി പറഞ്ഞാൽ ഒരു കുരിശ് അഥവാ അധിക ചിഹ്നത്തിന്റെ അറ്റങ്ങളിൽ തിരശ്ചീനമായി ഏച്ചുകൂട്ടിയാൽ അത് ഒരു സ്വസ്തിക ആയി മാറും. സംസ്‌കൃത ഭാഷയിൽ നിന്നാണ് സ്വസ്തിക എന്ന വാക്കിന്റെ ഉത്ഭവം. സ്വസ്തി, ഭാഗ്യം എന്നൊക്കെയാണ് അർഥം. ഹിറ്റ്‌ലർ 1920 -ൽ ഈ ചിഹ്നത്തെ തന്റെ നാഷണൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ ചിഹ്നമാക്കിയതോടെയാണ് സ്വസ്തിക ചിഹ്നത്തിന്റെ അർത്ഥം തന്നെ മാറുന്നത്.

 

 

ഹിറ്റ്ലറുടെ കാലത്ത് നടന്ന കൊടും ക്രൂരതകളും വംശീയവെറിയുടെ പേരിൽ നടന്ന കൂട്ടക്കൊലകളും മറ്റും ഈ ചിഹ്നം നാസിവുമായും  ആന്റി സെമിറ്റിസവുമായും ഒക്കെ ബന്ധിതമാകുന്നത്. ഇന്നും ഫിൻലണ്ടിലെ പല പുരാതന കെട്ടിടങ്ങളിലും ഈ ചിഹ്നം കാണാനാകുമെന്ന് ടെയ്‌വോ ടെയ്വെയ്നൻ പറയുന്നു. ഫിൻലണ്ടിൽ ഇതൊരു അലങ്കാര ചിഹ്നമായിട്ടുപോലും കണക്കാക്കപ്പെടുന്നുണ്ട്. 

ഫിന്നിഷ് എയർ ഫോഴ്സും സ്വസ്തിക ചിഹ്നവുമായുള്ള ബന്ധം ?

ഫിന്നിഷ് എയർ ഫോഴ്സിനെ ഈ ചിഹ്നവുമായി ബന്ധിപ്പിച്ചത് കൌണ്ട് എറിക് വോൺ റോസെൻ എന്ന സ്വീഡിഷ് പ്രഭുവാണ്. അദ്ദേഹം സ്വസ്തിക ചിഹ്നത്തെ ഭാഗ്യം കൊണ്ടുവരുന്ന ഒന്നായിട്ടാണ് കണ്ടിരുന്നത്. സ്വീഡന്റെ അയൽരാജ്യമായിരുന്ന ഫിൻലൻഡ്‌ 1918 -ൽ സ്വാതന്ത്രമായപ്പോൾ അദ്ദേഹം സൗഹൃദസൂചകമായി പുതുരാജ്യത്തിന് ഒരു വിമാനം സമ്മാനിച്ചു. ആ വിമാനത്തിന് നല്ലഭാഗ്യം വരട്ടെ എന്ന് കരുതി റോസെൻ പ്രഭു അതിന്മേൽ ഒരു നീല സ്വസ്തിക ചിഹ്നവും പെയിന്റ് ചെയ്യിപ്പിച്ചാണ് ഫിൻലണ്ടിലേക്ക് അതിനെ പറത്തിവിട്ടത്. ഈ തുലിൻ ടൈപ്പ് ഡി (Thulin Typ D) വിമാനമായിരുന്നു ഫിന്നിഷ് എയർ ഫോഴ്‌സിന്റെ ആദ്യത്തെ വിമാനം. റോസെൻ പ്രഭു കൊടുത്തുവിട്ട വിമാനത്തിലെ ഭാഗ്യദായകമെന്നു വിശ്വസിക്കപ്പെട്ടിരുന്ന സ്വസ്തിക ചിഹ്നം ഫിന്നിഷ് എയർ ഫോഴ്‌സ് അടുത്തതായി വാങ്ങിയ വിമാനങ്ങളിലേക്കും പകർത്തി. ഒടുവിൽ അത് എയർഫോർസിന്റെ ലോഗോ തന്നെ ആയി മാറി. 

 

 

അന്ന്, 1918 -ൽ ഈ ചിഹ്നം ഫിന്നിഷ് എയർ ഫോഴ്‌സ് തങ്ങളുടെ ലോഗോ ആക്കിയപ്പോൾ, ഭൂമിയിൽ 'നാസികൾ'എന്ന കൂട്ടരേ ഇല്ലായിരുന്നു. അതുകൊണ്ട് എയർ ഫോഴ്‌സ് ഈ ചിഹ്നം ഇന്നുപയോഗിച്ചാലും അതിനെ നാസികളുമായി ബന്ധിപ്പിക്കേണ്ടതില്ല എന്ന് ചിഹ്നത്തിന്റെ ഉപയോഗം തുടരുന്നതിനെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നു. 

എന്നാൽ, ഈ ചിഹ്നം എയർ ഫോഴ്‌സിന്റെ ഭാഗമായി തുടരുന്നത് അയൽരാജ്യമായ റഷ്യക്ക്, മനസ്സിലെങ്കിലും ശത്രുത നിലനിൽക്കാൻ കാരണമാകും എന്ന് ചിഹ്നം എയർഫോഴ്സിൽ നിന്ന് നീക്കം ചെയ്യണം എന്ന് വര്ഷങ്ങളായി വാദിച്ച ടെയ്‌വോ ടെയ്വെയ്നൻ അടക്കമുള്ളവർ പറയുന്നു. ഈ ചിഹ്നവും പേറിക്കൊണ്ട് യുദ്ധം ചെയ്യാൻ വന്നവർ റഷ്യൻ സൈനികരുടെയും ജനങ്ങളുടെയും മനസ്സിലും ശരീരത്തിലും ഏൽപ്പിച്ചത് ചില്ലറ മുറിവുകളൊന്നും അല്ലായിരുന്നല്ലോ. 

ഫിൻലണ്ടിന്റെ എയർഫോഴ്സ് അക്കാദമി ഇന്നും ഒരു പ്രൊപ്പല്ലറിനോട് ചേർന്ന് സ്വസ്തിക ചിഹ്നം ഉപയോഗിക്കുന്നുണ്ട്. എന്നാലും, സെൻട്രൽ എയർ ഫോഴ്‌സ് കമാൻഡ് ഈ ചിഹ്നം ഇനിയും തങ്ങളുമായി ബന്ധിപ്പിച്ച് നിർത്തേണ്ടതില്ല എന്നൊരു തീരുമാനം ഏറെ രഹസ്യസ്വഭാവത്തോടെയാണെങ്കിലും , കൈക്കൊണ്ടു നടപ്പിൽ വരുത്തി എന്നത് ശുഭോദർക്കമാണ് എന്ന് പലരും കരുതുന്നു. 

click me!