
ലോകത്തിലെ നാലാമത്തെ വലിയ ട്രെയിൻ ശൃംഖല എന്ന ബഹുമതിയുള്ള ഇന്ത്യൻ റെയിൽവേ, നമ്മുടെ നാടിൻറെ അഭിമാനമാണ്. എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും ആളുകൾ പാലിക്കേണ്ട ചില നിയമങ്ങളും നിയന്ത്രണങ്ങളും ഒക്കെയുണ്ട്. അത് പ്രകാരം ചില വസ്തുക്കൾ യാത്രയിൽ കൂടെ കൂട്ടിയാൽ വലിയ വില കൊടുക്കേണ്ടിവരും. നിയമപരമായി നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് തന്നെ ചിലപ്പോൾ ജയിൽവാസം വരെ അനുഭവിക്കേണ്ടി വന്നേക്കാം.
അത്തരത്തിൽ ഇന്ത്യൻ റെയിൽവേയും ട്രെയിനിൽ ഉള്ള സുരക്ഷിതവും സുഗമവുമായ യാത്രകൾ ഉറപ്പാക്കാൻ, യാത്രക്കാർ പാലിക്കേണ്ട ചില നിയമങ്ങളും നിയന്ത്രണങ്ങളും ഒക്കെ നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ, പല യാത്രക്കാർക്കും അത്തരം നിയന്ത്രണങ്ങളെ കുറിച്ച് അറിയില്ല എന്നതാണ് സത്യം.
സ്റ്റൗ, ഗ്യാസ് സിലിണ്ടറുകൾ, കത്തുന്ന രാസവസ്തുക്കൾ, പടക്കങ്ങൾ, ആസിഡ്, തുകൽ, ഗ്രീസ്, സ്ഫോടകവസ്തുക്കൾ തുടങ്ങിയ വസ്തുക്കൾക്കുള്ള യാത്രാ വിലക്കുകളെ കുറിച്ച് പൊതുവിൽ എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ, നമുക്ക് ഏറെ പരിചിതമായതും ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതുമായ ഒരു വസ്തു ട്രെയിൻ യാത്രയിൽ നിങ്ങൾ കയ്യിൽ കരുതിയാൽ പണി കിട്ടും. ഇനി എന്താണ് ആ സാധനം എന്നല്ലേ?
ഇന്ത്യൻ റെയിൽവേയുടെ കർശനമായ നിയന്ത്രണങ്ങൾ അനുസരിച്ച്, ട്രെയിനിൽ ഉണങ്ങിയ തേങ്ങ കൊണ്ടുപോകുന്നത് പൂർണമായും നിരോധിച്ചിരിക്കുന്നു. എളുപ്പത്തിൽ തീ പിടിക്കാൻ സാധ്യതയുള്ളതാണ് എന്നതിനാലാണ് തേങ്ങയ്ക്ക് ഈ വിലക്ക്. അതുകൊണ്ടുതന്നെ തേങ്ങയുമായി യാത്ര ചെയ്യുന്ന യാത്രക്കാർ പിടിക്കപ്പെട്ടാൽ കർശനമായ ശിക്ഷ ലഭിക്കുകയും ചെയ്യും.
കൂടാതെ, 1898 -ലെ ഇന്ത്യൻ റെയിൽവേ ആക്ട് പ്രകാരം ട്രെയിനുകളിൽ മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും യാത്ര ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. മദ്യപിച്ചതായി കണ്ടെത്തിയാൽ അല്ലെങ്കിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടെത്തിയാൽ യാത്രക്കാരുടെ ടിക്കറ്റുകളോ റെയിൽവേ പാസുകളോ റദ്ദാക്കാവുന്നതാണ്. കുറ്റം തെളിഞ്ഞാൽ, അവർക്ക് ആറ് മാസം വരെ തടവും ഗണ്യമായ പിഴയും ലഭിക്കാം.
ട്രെയിനുകളിൽ ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്നത് പൊതുവെ നിരോധിച്ചിട്ടുണ്ടെങ്കിലും, ചില അടിയന്തര ഘട്ടങ്ങളിൽ ആവശ്യമായ മാർഗനിർദേശങ്ങൾ പാലിച്ചിട്ടുണ്ടെങ്കിൽ ചില ഇളവുകൾ അനുവദനീയമാണ്. ഓക്സിജൻ സിലിണ്ടറുകൾ കൊണ്ടുപോകുന്നതിനുള്ള സൗകര്യങ്ങളും റെയിൽവേ വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം ഹൈഡ്രോക്ലോറിക് ആസിഡ്, ടോയ്‌ലറ്റ് ക്ലീനിംഗ് ആസിഡ്, എണ്ണ, ഗ്രീസ് തുടങ്ങിയ അപകടകരമായ ദ്രാവകങ്ങൾ കൊണ്ടുപോകുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു.
ഇന്ത്യൻ റെയിൽവേ നിയമങ്ങൾ അനുസരിച്ച്, ഈ നിയന്ത്രണങ്ങളിൽ ഏതെങ്കിലും ലംഘിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. നിരോധിത വസ്തുക്കളുമായി പിടിക്കപ്പെടുന്ന യാത്രക്കാർക്ക് 1,000 രൂപ വരെ പിഴയോ, മൂന്ന് വർഷം വരെ തടവോ, അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. കൂടാതെ, ഈ വസ്തുക്കൾ റെയിൽവേയുടെ സ്വത്തിന് നാശനഷ്ടമുണ്ടാക്കിയാൽ, യാത്രക്കാരൻ നഷ്ടത്തിന് ഉത്തരവാദിയായിരിക്കും.