ലോകത്തിലെ ഏറ്റവുമധികം സുരക്ഷാക്യാമറകളുള്ള ന​ഗരം ദില്ലി? ആദ്യ പത്തിൽ അധികവും ചൈനയിലെ ന​ഗരങ്ങൾ

By Web TeamFirst Published Aug 29, 2021, 10:26 AM IST
Highlights

സിസിടിവി നിരീക്ഷണ സാങ്കേതികവിദ്യ ലോകമെമ്പാടുമുള്ള നിരവധി സ്ഥലങ്ങളിൽ വിവാദപരമാണ്. സുരക്ഷ ഉറപ്പ് വരുത്തുന്നു എന്നതിനൊപ്പം തന്നെ ജനങ്ങളുടെ സ്വകാര്യത ലംഘിക്കാതിരിക്കുക എന്നതും പ്രധാനമാണല്ലോ. 

ലോകത്തിലെ ഏറ്റവും കൂടുതല്‍ സുരക്ഷാക്യാമറകളുള്ള നഗരങ്ങള്‍ ഒരുപക്ഷേ ചൈനയിലായിരിക്കും. എന്നാല്‍, ഏറ്റവും അധികം സുരക്ഷാക്യാമറയുള്ള സ്ഥലമായി കംപാരിടെക്ക് കണ്ടെത്തിയിരിക്കുന്നത് ഇന്ത്യന്‍ തലസ്ഥാനമായ ദില്ലിയെ ആണ്. ലണ്ടന്‍, ഷാന്‍ഘായ്, സിംഗപ്പൂര്‍, ന്യൂയോര്‍ക്ക്, ബെയ്ജിംഗ് തുടങ്ങിയ നഗരങ്ങളെയെല്ലാം പിന്നിലാക്കിക്കൊണ്ടാണ് ദില്ലി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഓരോ മൈലിലിലും ദില്ലിയില്‍ നിരവധി സുരക്ഷാ ക്യാമറകളുണ്ട് എന്നാണ് പറയുന്നത്. ഡൽഹിയിൽ ഒരു ചതുരശ്ര മൈലിന് 1826.58 സിസിടിവികൾ ഉണ്ട്.

അതേസമയം, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ദൗത്യം കൈവരിച്ചതിന് സിറ്റി ഓഫീസർമാർക്കും എഞ്ചിനീയർമാർക്കും അഭിനന്ദനം അറിയിച്ചു. തന്റെ ട്വീറ്റിൽ അദ്ദേഹം പറഞ്ഞു, “ലോകമെമ്പാടുമുള്ള ചതുരശ്ര മൈലിൽ ഏറ്റവും കൂടുതൽ സിസിടിവി ക്യാമറകളുള്ള ഷാങ്ഹായ്, ന്യൂയോർക്ക്, ലണ്ടൻ തുടങ്ങിയ നഗരങ്ങളെ ഡൽഹി തോൽപ്പിച്ചുവെന്ന് പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ആദ്യം ഡൽഹിയാണ്, 1826 ക്യാമറകളാണുള്ളത്, രണ്ടാമത് ലണ്ടനിൽ ഒരു ചതുരശ്ര മൈലിന് 1,138 ക്യാമറകളാണുള്ളത്. ഒരു ദൗത്യം പോലെ ഈ പദ്ധതിയിൽ പ്രവർത്തിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ നേട്ടം കൈവരിക്കുകയും ചെയ്ത ഡൽഹി സർക്കാരിന്റെ ഉദ്യോഗസ്ഥർക്കും എഞ്ചിനീയർമാർക്കും എന്റെ അഭിനന്ദനങ്ങൾ.''

സിസിടിവി നിരീക്ഷണ സാങ്കേതികവിദ്യ ലോകമെമ്പാടുമുള്ള നിരവധി സ്ഥലങ്ങളിൽ വിവാദപരമാണ്. സുരക്ഷ ഉറപ്പ് വരുത്തുന്നു എന്നതിനൊപ്പം തന്നെ ജനങ്ങളുടെ സ്വകാര്യത ലംഘിക്കാതിരിക്കുക എന്നതും പ്രധാനമാണല്ലോ. കുറ്റകൃത്യങ്ങളുടെ എണ്ണവും സുരക്ഷാക്യാമറകളുടെ എണ്ണവും തമ്മില്‍ ബന്ധമുണ്ട് എന്ന് പഠനം നടത്തിയവര്‍ പറയുന്നു. കൂടുതൽ ക്യാമറകളുള്ള സ്ഥലത്ത് കുറ്റകൃത്യങ്ങൾ കുറവായിരിക്കും എന്നാണ് പറയുന്നത്. 

ഒന്നാം സ്ഥാനത്തെത്തിയ ദില്ലിയില്‍ 1826.58 ക്യാമറകളാണ് സ്ക്വയര്‍ മൈലിലെങ്കില്‍ രണ്ടാം സ്ഥാനത്തെത്തിയ ലണ്ടനില്‍ 1138.48 ക്യാമറകളാണ്. മൂന്നാം സ്ഥാനവും ഇന്ത്യയിലാണ്. ചെന്നൈയില്‍, 609.92 ക്യാമറകള്‍. നാലാം സ്ഥാനത്ത് ചൈനയിലെ ഷെന്‍ഷെന്‍ ആണ് 520.08 ക്യാമറകള്‍. 

അഞ്ചാം സ്ഥാനത്ത് ചൈനയിലെ വുക്സി 472.66 ക്യാമറകള്‍. ആറാം സ്ഥാനത്തും ചൈനയിലെ നഗരമാണ് 415.8. ഏഴാം സ്ഥാനത്ത് ചൈനയിലെ തന്നെ ഷൈന്‍ഘായ്. എട്ടാം സ്ഥാനത്ത് സിംഗപ്പൂരും ഒമ്പതാം സ്ഥാനത്ത് ചൈനയിലെ ഷാന്‍ഗ്ഷായും പത്താം സ്ഥാനത്ത് വുഹാനും ആണ്. 

click me!