
ആളുകൾ തങ്ങളുടെ ജോലിയുമായും മറ്റും ബന്ധപ്പെട്ട അനേകം പോസ്റ്റുകൾ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമായ റെഡ്ഡിറ്റിൽ ഷെയർ ചെയ്യാറുണ്ട്. അതുപോലെ ബെംഗളൂരുവില്‍ നിന്നുള്ള ഒരു യുവതി ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റാണ് ഇപ്പോൾ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.
തന്റെ വീട്ടിൽ ജോലിക്ക് വരുന്ന സ്ത്രീയുടെ ശമ്പളവും ലീവുമായി ബന്ധപ്പെട്ടതായിരുന്നു യുവതിയുടെ പോസ്റ്റ്. ജോലിക്ക് വരാത്ത ദിവസങ്ങളിലെ ശമ്പളവും താൻ അവർക്ക് കൊടുക്കണോ എന്നതാണ് യുവതിയുടെ സംശയം. അങ്ങനെ കൊടുക്കാതിരുന്നാൽ തനിക്ക് അത് കുറ്റബോധം ഉണ്ടാക്കുന്നുവെന്നും എന്നാൽ കൊടുത്താൽ അവരത് മുതലെടുക്കുമെന്നുമാണ് യുവതിയുടെ ആശങ്ക.
ജോലിക്കാരിക്ക് അവർ ആവശ്യപ്പെടുന്നതെല്ലാം താൻ ചെയ്ത് നൽകാറുണ്ട്. ABHA ഇൻഷുറൻസ് നേടാൻ സഹായിച്ചിട്ടുണ്ട്. രണ്ട് ദിവസത്തെ ലീവൊക്കെ നൽകുന്നത് തനിക്ക് കുഴപ്പമില്ല. കാരണം എല്ലാവർക്കും ജോലിയിൽ നിന്നും ഒരു ബ്രേക്ക് ആവശ്യമാണ്. എന്നാൽ, അവൾ 10 ദിവസമൊക്കെ ബ്രേക്ക് എടുക്കുമ്പോഴാണ് പ്രശ്നമെന്നും അപ്പോൾ ശമ്പളം കുറക്കുന്നതിൽ പ്രശ്നമുണ്ടോ എന്നും യുവതി ചോദിക്കുന്നു.
മറ്റുള്ളവരെ കുറിച്ച് എപ്പോഴും അവർ പരാതി പറയുമായിരുന്നു. അപ്പോഴാണ് തനിക്ക് കുറ്റബോധം തോന്നുന്നത്. അതുപോലെ, മകന് വയ്യ ആശുപത്രിയിലാണ്, അല്ലെങ്കിൽ ഏതെങ്കിലും ബന്ധുക്കൾ ആശുപത്രിയിലാണ്, മരിച്ചു എന്നെല്ലാം പറയും. അവരുടെ കുടുംബത്തിന് വേണ്ടി ഞാൻ എപ്പോഴും മരുന്നുകൾ വാങ്ങി നൽകും. അവരെ കൊണ്ടുവിടുകയും ഒക്കെ ചെയ്യാറുണ്ട് എന്നും യുവതി പറയുന്നു.
ഇങ്ങനെ ഒക്കെ ചെയ്യുമ്പോഴും നീണ്ട അവധി എടുക്കുമ്പോൾ ശമ്പളത്തിൽ നിന്നും കട്ട് ചെയ്യാറില്ല. കട്ട് ചെയ്യുന്നത് പ്രശ്നമാണോ എന്നാണ് യുവതിയുടെ സംശയം. അങ്ങനെ ശമ്പളത്തിൽ നിന്നും കുറക്കാതിരുന്നാൽ ഇവർ തന്നെ മുതലെടുക്കുമോ എന്നും ഇവർക്ക് സംശയമുണ്ട്. എന്തായാലും പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്.
നേരത്തെ നിങ്ങൾ ലീവിനെ കുറിച്ചും മറ്റും പറഞ്ഞിട്ടുണ്ടെങ്കിൽ ശമ്പളം കട്ട് ചെയ്യാം. ഇല്ലെങ്കിൽ ഭാവിയിൽ ലീവ് ചോദിക്കുമ്പോൾ കൊടുക്കണോ വേണ്ടയോ എന്ന് പരിഗണിക്കാം എന്ന് അഭിപ്രായപ്പെട്ടവരുണ്ട്. ശമ്പളത്തിൽ നിന്നും കട്ട് ചെയ്യുക, എന്നിട്ട് അത് വർഷത്തിലുള്ള ബോണസിന്റെ കൂടെ നൽകുക എന്നാണ് മറ്റൊരാൾ പറഞ്ഞത്. അത് തനിക്ക് ഇഷ്ടമായി എന്നാണ് പോസ്റ്റിട്ട യുവതി പറഞ്ഞിരിക്കുന്നത്.