എന്താണ് 'ലേ ഓഫ് ഫറ്റിഗ്'? ആധുനിക തൊഴിൽ ലോകത്തെ നിശബ്ദമായ ഈ വേട്ടക്കാരനെ തിരിച്ചറിയാം!

Published : Feb 20, 2026, 01:05 PM IST
work

Synopsis

ലേ ഓഫുകൾ കേവലം സാമ്പത്തിക പ്രശ്നം മാത്രമല്ല, അത് ജീവനക്കാരിൽ സൃഷ്ടിക്കുന്ന ആഴത്തിലുള്ള മാനസിക തളർച്ചയെ 'ലേ ഓഫ് ഫറ്റീഗ്' എന്നാണ് വിദഗ്ധർ വിശേഷിപ്പിക്കുന്നത്.

തൊഴിൽ വിപണിയിൽ നിന്ന് തുടർച്ചയായി കേൾക്കുന്ന പിരിച്ചുവിടൽ വാർത്തകൾ അഥാവ 'ലേ ഓഫ്സ്' ഇന്ന് സാധാരണമായി മാറിയിരിക്കുന്നു. എന്നാൽ ഇതിന്റെ ബാക്കിപത്രമായി ജീവനക്കാർക്കിടയിൽ പടരുന്ന ഒരു മാനസികാവസ്ഥയാണ് 'ലേ ഓഫ് ഫറ്റിഗ്'. ജോലി നഷ്ടപ്പെടുമോ എന്ന ഭയവും അമിതമായ ജോലിഭാരവും കാരണം ഉണ്ടാകുന്ന ആഴത്തിലുള്ള മാനസിക തളർച്ചയെയാണ് ലേ ഓഫ് ഫറ്റിഗ് എന്ന് വിളിക്കുന്നത്.

എന്താണ് ‘ലേ ഓഫ് ഫറ്റിഗ്'?

തുടർച്ചയായ പിരിച്ചുവിടലുകൾ, സാമ്പത്തിക അസ്ഥിരത, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ടുവരുന്ന മാറ്റങ്ങൾ എന്നിവ മൂലം ജീവനക്കാർ അനുഭവിക്കുന്ന വിട്ടുമാറാത്ത മാനസിക സമ്മർദ്ദമാണിത്. എപ്പോൾ വേണമെങ്കിലും തങ്ങളുടെ ജോലി നഷ്ടപ്പെടാം എന്ന തിരിച്ചറിവ് ജീവനക്കാരെ എപ്പോഴും ഒരു ഹൈപ്പർവിജിലൻസ് അവസ്ഥയിൽ എത്തിക്കുന്നു. എച്ച്.ആർ ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള ഒരു ഫോൺ കോളോ അല്ലെങ്കിൽ മീറ്റിംഗ് ഉണ്ടാവുമ്പോൾ വയറ്റിൽ ഒരു പിടച്ചിൽ അനുഭവപ്പെടുക, ഉറക്കമില്ലായ്മ, ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

സർവേയിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

2026 ജനുവരിയിൽ 'കരിയർമൈൻഡ്‌സ്' ഫുൾ ടൈം ജീവനക്കാർക്കിടയിൽ നടത്തിയ സർവേ ഈ അവസ്ഥയുടെ വ്യാപ്തി വ്യക്തമാക്കുന്നു. സർവേ പ്രകാരം ഭൂരിഭാഗം ജീവനക്കാരും തങ്ങളുടെ കരിയറിന് ഒരു ഇൻഷുറൻസ് എന്ന നിലയിൽ സൈഡ് ഹസിൽ അല്ലെങ്കിൽ അധിക ജോലികൾ ചെയ്യാൻ നിർബന്ധിതരാകുന്നു. സാമ്പത്തിക സുരക്ഷിതത്വം ലക്ഷ്യമിട്ട് ചെയ്യുന്ന ഇത്തരം അധിക ജോലികൾ പലപ്പോഴും ജീവനക്കാരെ കൂടുതൽ ബേൺഔട്ട് അവസ്ഥയിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്.

ലേ ഓഫ് ഫറ്റിഗിന് പിന്നിലെ കാരണങ്ങൾ

തുടർച്ചയായ പിരിച്ചുവിടലുകൾ: ഓരോ മാസവും ഓഫീസിൽ നിന്ന് ആരെങ്കിലും പിരിച്ചുവിടപ്പെടുമ്പോൾ ബാക്കിയുള്ളവർക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്നു. ഇത് ജോലിയിലുള്ള ഏകാഗ്രതയെ ബാധിക്കുന്നു. സാമ്പത്തിക അസ്ഥിരത : വിലക്കയറ്റവും വിപണിയിലെ തളർച്ചയും കാരണം ആളുകൾ തങ്ങളുടെ ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ (ഉദാഹരണത്തിന് വീട് വാങ്ങുക അല്ലെങ്കിൽ വിവാഹം) ഭയം മൂലം മാറ്റിവെക്കുന്നു.

എഐ ഓട്ടോമേഷൻ ഭീതി : മനുഷ്യരേക്കാൾ വേഗത്തിൽ മെഷീനുകൾ കാര്യങ്ങൾ പഠിക്കുമ്പോൾ, തങ്ങളുടെ സ്ഥാനം എഐ കവർന്നെടുക്കുമോ എന്ന ആശങ്ക ജീവനക്കാരെ നിരന്തരം അലട്ടുന്നു. ഇത് അവരെ ടെക്നോളജിയോട് ഒരു മത്സരബുദ്ധിയോടെ പെരുമാറാൻ നിർബന്ധിതരാക്കുന്നു.

ലേ ഓഫ് ഫറ്റീഗിന്റെ പ്രത്യാഘാതങ്ങൾ

  • വൈകാരികമായ തളർച്ച : ജോലി എപ്പോൾ പോകും എന്ന ചിന്ത മനസ്സിനെ എപ്പോഴും സമ്മർദ്ദത്തിലാക്കുന്നു. ഇത് വ്യക്തിപരമായ ജീവിതത്തിലെ ആത്മവിശ്വാസത്തെയും ബാധിക്കുന്നു.
  • വിശ്വാസ്യത നഷ്ടപ്പെടുന്നത് : കമ്പനിയുടെ നേതൃത്വത്തിലുള്ള വിശ്വാസം കുറയുന്നതോടെ ജീവനക്കാർക്ക് ഓർഗനൈസേഷനോടുള്ള കൂറ് കുറയുന്നു. തങ്ങൾ ഏത് നിമിഷവും മാറ്റപ്പെടാവുന്ന ഒരു ഉപകരണം മാത്രമാണെന്ന ചിന്ത അവരെ നിരാശരാക്കുന്നു.
  • കുറഞ്ഞ പ്രചോദനം : സർവൈവൽ എന്നത് മാത്രമായി കരിയർ ലക്ഷ്യം മാറുമ്പോൾ, പുതിയ കാര്യങ്ങൾ ചെയ്യാനുള്ള താല്പര്യവും ക്രിയേറ്റിവിറ്റിയും നഷ്ടപ്പെടുന്നു.
  • മാനസിക ആരോഗ്യ പ്രശ്നങ്ങൾ: ഡിപ്രഷൻ, ആംഗ്‌സൈറ്റി ഡിസോർഡേഴ്സ് എന്നിവയിലേക്ക് നയിക്കാൻ ലേ ഓഫ് ഫറ്റീഗ് കാരണമാകുന്നുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ലേ ഓഫ് ഫറ്റിഗ് എന്നത് കേവലം വർക്ക് സ്ട്രെസ് അല്ല, അത് നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന ഗുരുതരമായ ഒന്നാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതുകൊണ്ട് തന്നെ ജോലിസ്ഥലത്ത് മാനസിക പിന്തുണയും മെന്റൽ ഹെൽത്ത് സപ്പോർട്ടും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നാണ് പഠനങ്ങൾ പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

90 ദിവസത്തെ ചികിത്സയ്ക്ക് 1.6 ലക്ഷത്തിന്‍റെ വ്യാജ ബില്ല്; ചൈനയിലെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്
32 കോടി വിലവരുന്ന 21 സ്വര്‍ണ്ണക്കട്ടികള്‍, മാലിന്യ പൈപ്പുകള്‍ നന്നാക്കാന്‍ ഒരാള്‍ കൊടുത്ത സംഭാവന!