'ജൂതതാലിബാന്‍' കുടുങ്ങി; ഇസ്രായേലിനെ ശത്രുവായിക്കാണുന്ന ജൂതവിഭാഗക്കാരെ തടഞ്ഞു

By Web TeamFirst Published Oct 19, 2021, 4:49 PM IST
Highlights

ഇസ്രായേലിന്റെയും അമേരിക്കയുടെയും അഭ്യര്‍ത്ഥനയെത്തുടര്‍ന്നായിരുന്നു നടപടി. കുര്‍ദിസ്താന്‍ വഴി ഇറാനിലേക്ക് പോവുകയായിരുന്നു ഇവരെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. 


ഇറാനിലേക്ക് (Iran) രാഷ്ട്രീയ അഭയം (asylum) തേടി പുറപ്പെട്ട ജൂതവിഭാഗക്കാരെ (jews) തടഞ്ഞുവെച്ചു. ജൂത താലിബാന്‍ എന്നറിയപ്പെടുന്ന ലെവ് താഹോര്‍ ( Lev Tahor)  വിഭാഗക്കാരെയാണ് ഗ്വാട്ടിമല വിമാനത്താവളത്തില്‍ അധികൃതര്‍ തടഞ്ഞുവെച്ചത്. ഇസ്രായേലിന്റെയും അമേരിക്കയുടെയും അഭ്യര്‍ത്ഥനയെത്തുടര്‍ന്നായിരുന്നു നടപടി. കുര്‍ദിസ്താന്‍ വഴി ഇറാനിലേക്ക് പോവുകയായിരുന്നു ഇവരെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. 

1980-കളിലാണ് റബ്ബി ഷ്‌ളോമോ ഹെല്‍ബ്രാന്‍സ് എന്ന ജൂത പുരോഹിതന്റെ മുന്‍കൈയില്‍ ഈ പ്രത്യേക കള്‍ട്ട് വിഭാഗം രൂപം കൊണ്ടത്. കടുത്ത യാഥാസ്ഥിതികരായ ഈ വിഭാഗം ഇസ്രായേല്‍ രാജ്യം പിന്തുടരുന്ന സയണിസ്റ്റ് ആശയങ്ങള്‍ക്ക് എതിരാണ്. ഇസ്രായേലില്‍ കടുത്ത എതിര്‍പ്പ് വന്നതോടെ ഇവര്‍ കാനഡയിലേക്കും ഗ്വാട്ടിമലയിലേക്കും രക്ഷപ്പെട്ടിരുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ അടക്കമുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് കാനഡ പിന്നീട് ഈ വിഭാഗക്കാരെ രാജ്യത്തുനിന്നു പുറത്താക്കി. ഗ്വാട്ടിമലയിലാണ് ഈ വിഭാഗം ഇപ്പോള്‍ കാര്യമായി കഴിയുന്നത്. 

 

 

ജൂതവിശ്വാസങ്ങളില്‍നിന്നും വ്യത്യസ്തരാണ് ഇവര്‍. ഇവരിലെ സ്ത്രീകള്‍ മൂന്ന് വയസ്സുമുതല്‍ പര്‍ദ്ദയോടു സാദൃശ്യമുള്ള ശരീരമാകെ മൂടുന്ന വസ്ത്രമാണ് ധരിക്കുന്നത്. സ്ത്രീകള്‍ മുഖം മാത്രമേ പുറത്തുകാണിക്കാവൂ എന്നാണ് ഈ വിഭാഗക്കാര്‍ വിശ്വസിക്കുന്നത്. പുരുഷന്‍മാര്‍ മിക്ക സമയവും പ്രാര്‍ത്ഥനകളിലോ വിശുദ്ധ ഗ്രന്ധങ്ങള്‍ പാരായണം ചെയ്യുകയോ ആയിരിക്കും. പ്രായപൂര്‍ത്തിയാവാത്തവരും പ്രായപൂര്‍ത്തിയായവരും തമ്മിലുള്ള വിവാഹബന്ധങ്ങള്‍ ഇവരില്‍ സാധാരണമാണ്. 

ഗ്വാട്ടിമലയില്‍നിന്നും മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് പോവുന്നതിനിടെയാണ് ഇവരെ ഗ്വാട്ടിമല അധികൃതര്‍ തടഞ്ഞുവെച്ചത്. മെക്‌സിക്കോയില്‍നിന്നും കുര്‍ദിസ്താനിലേക്കു പോവാനായിരുന്നു ഇവരുടെ പരിപാടി. േനരത്തെ മറ്റൊരു സംഘം കുര്‍ദിസ്താനില്‍ എത്തിയിരുന്നു. അവര്‍ക്കൊപ്പം ചേര്‍ന്ന് ഇറാനിലേക്ക് പോവുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. അതിനിടെയാണ് ഗ്വാട്ടിമല വിമാനത്താവളത്തില്‍ വെച്ചുതന്നെ ഇവരെ തടഞ്ഞത്. ഇവരെ വെച്ച് ഇറാന്‍ വിലപേശാനിടയുണ്ടെന്ന് കാണിച്ചാണ് അമേരിക്കയും ഇസ്രായേലും ഗ്വാട്ടിമലയോട് തടയാന്‍ ആവശ്യപ്പെട്ടത്.  ഇസ്രായേലി വെബ്‌സൈറ്റായ ഹാദ്രി ഹാരെദിം പുറത്തുവിട്ട വീഡിയോയയില്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെ ബസുകളില്‍ നീക്കം ചെയ്യുന്നതു കാണാം. 

ഇസ്രായേലിലെ ഇവരുടെ ബന്ധുക്കളാണ് ഈ വിഭാഗം ഇറാനിലേക്ക് പുറപ്പെടുന്നതായി വിവരം നല്‍കിയത്. ഇറാഖിലേക്ക് പോവാനായിരുന്നു നേരത്തെ ഇവരുടെ ശ്രമം. എന്നാല്‍, ഇസ്‌ലാമിക് സ്്‌റ്റേറ്റ് ഭീഷണി അടക്കം മുന്‍നിര്‍ത്തി ബന്ധുക്കള്‍ ഇവരെ നേരത്തെ തടയുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ പത്രം റിപ്പോര്‍ട്ട് ചെയ്്തു. ഇറാഖ് പദ്ധതി നടക്കാതായതോടെയാണ് ഇവര്‍ ഇറാനിലേക്ക് അഭയം തേടി പുറപ്പെട്ടത്. 2018-ല്‍ ഇവര്‍ ഇറാനോട് രാഷ്ട്രീയ അഭയം തേടിയിരുന്നു.  തങ്ങളുടെ ചില ബന്ധുക്കള്‍ ഇറാനിലേക്ക് പോവുന്നതായി അമേരിക്കയിലുള്ള ജൂതവിഭാഗക്കാര്‍ അവിടത്തെ സര്‍ക്കാറിനെയും അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇസ്രായേല്‍, അമേരിക്കന്‍ സര്‍ക്കാറുകള്‍ ഗ്വാട്ടിമലയോട് ഇവരെ തടയണമെന്ന് അഭ്യര്‍ത്ഥിച്ചത്. 

click me!