ബെഡ്‍ഷീറ്റ് കൂട്ടിക്കെട്ടി ജയിൽ ചാടുന്ന മാഫിയാ ബോസ്, വൈറലായി വീഡിയോ, ആശങ്കയിൽ ജനങ്ങൾ

Published : Mar 01, 2023, 11:38 AM IST
ബെഡ്‍ഷീറ്റ് കൂട്ടിക്കെട്ടി ജയിൽ ചാടുന്ന മാഫിയാ ബോസ്, വൈറലായി വീഡിയോ, ആശങ്കയിൽ ജനങ്ങൾ

Synopsis

എന്നാൽ, രസകരമായ കാര്യം ഇതൊന്നുമല്ല. രണ്ട് മണിക്കൂർ നേരത്തേക്ക് ഇയാൾ ജയിൽ ചാടി പോയത് ആരും അറിഞ്ഞില്ല. അതിന് കാരണമായി അധികൃതർ പറയുന്നത് ജീവനക്കാർ കുറവായിരുന്നു ജയിലിൽ എന്നതാണ്.

ഇറ്റലി മാഫിയാ സംഘങ്ങളെ കൊണ്ടും തലവന്മാരെ കൊണ്ടും പൊറുതിമുട്ടി ഇരിക്കുകയായിരുന്നു. അടുത്തിടെ നിരവധിപ്പേരാണ് മാഫിയകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. അതിൽ മുങ്ങി ജീവിക്കുകയായിരുന്ന മാഫിയാത്തലവന്മാരും പെടുന്നു. എന്നാൽ, ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത് മറ്റൊരു വീഡിയോ ആണ്. ബെഡ്‍ഷീറ്റുപയോ​ഗിച്ച് ജയിൽ ചാടി രക്ഷപ്പെടുന്ന ഒരു മാഫിയാ ബോസാണ് വീ‍ഡിയോയിൽ. 

മാർക്കോ റഡുവാനോ എന്ന നാൽപതുകാരനായ മാഫിയാ ബോസാണ് വെള്ളിയാഴ്ച സാർഡിനിയയിലെ ബദുഇ കാരോസ് ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. സംഭവം സിസിടിവി ക്യാമറയിൽ പതിയുകയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ‌ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ട്രാക്ക് സ്യൂട്ടാണ് മാർക്കോ ധരിച്ചിരിക്കുന്നത്. വീഡിയോയിൽ ബെഡ്‍ഷീറ്റുകൾ പരസ്പരം കൂട്ടിക്കെട്ടി ഒരു കയർ പോലെ ആക്കിയ ശേഷം ഇയാൾ രണ്ട് നിലയുള്ള കെട്ടിടത്തിൽ നിന്നും താഴേക്ക് ഇറങ്ങുന്നത് കാണാം. താഴെ പുല്ലിലേക്കാണ് അയാൾ ഇറങ്ങുന്നത്. പിന്നാലെ ഇയാൾ പുറത്തേക്കുള്ള മതിലിന്റെ അരികിലേക്ക് ഓടുന്നു. പിന്നാലെ ന​ഗരത്തിലേക്ക് അപ്രത്യക്ഷമായി എന്നാണ് റിപ്പോർട്ടുകൾ. 

എന്നാൽ, രസകരമായ കാര്യം ഇതൊന്നുമല്ല. രണ്ട് മണിക്കൂർ നേരത്തേക്ക് ഇയാൾ ജയിൽ ചാടി പോയത് ആരും അറിഞ്ഞില്ല. അതിന് കാരണമായി അധികൃതർ പറയുന്നത് ജീവനക്കാർ കുറവായിരുന്നു ജയിലിൽ എന്നതാണ്. അതീവ സുരക്ഷാ ജയിലുകളിൽ പോലും ഇതാണോ അവസ്ഥ എന്നാണ് വീഡിയോ പുറത്ത് വന്നതോടെ നാട്ടുകാരുടെ ചോദ്യം. ഇത് ജനങ്ങളിൽ വലിയ ആശങ്ക തന്നെ ഉണ്ടാക്കിയിട്ടുണ്ട്. 

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 18 വർഷത്തേക്കാണ് മാർക്കോയെ ശിക്ഷിച്ചിരിക്കുന്നത്. ജീവനക്കാരുടെ എണ്ണം കുറഞ്ഞത് ഇയാൾ മതിൽ ചാടാനായി മുതലെടുത്തു എന്നാണ് പറയുന്നത്. ജീവനക്കാരുടെ എണ്ണം കുറവായിരുന്നു എന്ന് അധികൃതരും സമ്മതിച്ചു. 180 ജയിൽപുള്ളികൾക്ക് ആകെ 50 ജീവനക്കാർ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത് എന്നും അധികൃതർ സമ്മതിച്ചു. 

ഏതായാലും ജയിൽചാട്ടത്തിന്റെ വീഡിയോ ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.  

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ