ദൗര്‍ബല്യം സ്ത്രീകള്‍, അരും കൊലകള്‍, സ്‌ഫോടനങ്ങള്‍, ഒടുവില്‍ മാഫിയാ തലവന്‍ പിടിയില്‍!

By Web TeamFirst Published Jan 16, 2023, 7:08 PM IST
Highlights

പൊലീസിനെ വെള്ളംകുടിപ്പിച്ച്, മുപ്പത് വര്‍ഷത്തിലേറെയായി ഒളിവുജീവിതം നയിച്ച ഇറ്റാലിയന്‍ മാഫിയാ തലവന്‍ ഒടുവില്‍ പിടിയിലായി.

പൊലീസിനെ വെള്ളംകുടിപ്പിച്ച്, മുപ്പത് വര്‍ഷത്തിലേറെയായി ഒളിവുജീവിതം നയിച്ച ഇറ്റാലിയന്‍ മാഫിയാ തലവന്‍ ഒടുവില്‍ പിടിയിലായി. ഇറ്റലിയെ വിറപ്പിച്ച സിസിലിയന്‍ മാഫിയയുടെ പരാമാധികാരിയായി പതിറ്റാണ്ടുകള്‍ വാണ മാറ്റിയോ മെസിന ഡെനാരോയാണ് ഒളിച്ചു താമസിച്ച വീട്ടില്‍വെച്ച് പൊലീസിന്റെ പിടിയിലായത്. നൂറിലേറെ പൊലീസുകാര്‍ ചേര്‍ന്ന് ഇയാള്‍ താമസിച്ച വീടു വളയുകയായിരുന്നുവെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ലോകത്തെ ഏറ്റവും ശക്തമായ മാഫിയകളിലൊന്നായ സിസിലിയന്‍ മാഫിയയുടെ ജീവാത്മാവും പരമാത്മാവുമായിരുന്ന മാറ്റിയോ മെസിനി 1993-ലാണ് ഒളിവു ജീവിതം ആരംഭിച്ചത്. മാഫിയകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച രണ്ട് പ്രോസിക്യൂട്ടര്‍മാരെ അതിക്രൂരമായി വധിച്ച കേസില്‍ കോടതി ശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ പൊലീസിനെ വെട്ടിച്ചുള്ള ഓട്ടമാരംഭിച്ചത്. ഇയാളുടെ അസാന്നിധ്യത്തിലായിരുന്നു അന്ന് കോടതി തടവുശിക്ഷ വിധിച്ചിരുന്നത്.  ഇറ്റലിയിലെ വിവിധ നഗരങ്ങളില്‍ തുടര്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തിയതുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയായിരുന്ന ഇയാള്‍ അതിനു ശേഷം ഗ്രാമങ്ങളിലും നഗരങ്ങളിലുമായി ഒളിച്ചു താമസിക്കുകയായിരുന്നു. പലവട്ടം പൊലീസ് ഇയാളുടെ അടുത്തെത്തിയിരുന്നുവെങ്കിലും അന്നൊക്കെ തന്ത്രപൂര്‍വ്വം രക്ഷപ്പെടുകയായിരുന്നു. 

ഒളിവിലാണ് താമസമെങ്കിലും ആഡംബരപൂര്‍വ്വമായിരുന്നു ഇയാളുടെ ജീവിതമെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒളിവില്‍ കഴിയുമ്പോഴും മാഫിയാ പ്രവര്‍ത്തനങ്ങള്‍ ഇയാള്‍ നിയന്ത്രിച്ചിരുന്നു. സ്ത്രീകളായിരുന്നു പ്രധാന ദൗര്‍ബല്യം. ഇക്കാലയളവില്‍ നിരവധി കാമുകിമാരുണ്ടായി. ഒരു കാമുകിയെ ഗര്‍ഭകാലത്ത് കഴുത്തു ഞെരിച്ചു കൊന്നു. കാമുകിമാരുടെ കൂടെയായിരുന്നു പല ഇടങ്ങളിലായി ഇയാളുടെ താമസം. അങ്ങനെ ഇയാളെ ഒളിവില്‍ താമസിപ്പിച്ച ഒരു കാമുകിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇയാള്‍ പിടികൊടുക്കാതെ രക്ഷപ്പെടുകയായിരുന്നു. മയക്കുമരുന്ന് ബിസിനസും പണത്തട്ടിപ്പും തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കലും കൊള്ളയും കൊലപാതകങ്ങളും അടക്കം നിരവധി കുറ്റകൃത്യങ്ങളില്‍ ഇക്കാലത്തും ഇയാള്‍ നേതൃത്വം നല്‍കിയതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പിടിയിലായ ഇയാളെ സിസിലിയന്‍ തലസ്ഥാനമായ പലെര്‍മോയിലെ ഒരു ആശുപത്രിയില്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയ ശേഷമാണ് പൊലീസ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് എ എഫ് പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതൊക്കെയോ രോഗങ്ങള്‍ ബാധിച്ച് ഇയാളുടെ ആരോഗ്യ നില വഷളായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.  ഒളിവു ജീവിതം തുടങ്ങുന്ന കാലത്ത് യുവാവായിരുന്ന ഇയാള്‍ പിടിയിലായപ്പോള്‍ 60 വയസ്സുണ്ടായിരുന്നു. ജീവിതത്തിലെ നീണ്ട പതിറ്റാണ്ടുകളാണ് ഒളിവു ജീവിതത്തിനിടെ കഴിഞ്ഞുപോയത്. 

സിസിലിയന്‍ കോസ നോസ്ട്ര മാഫിയയുടെ തലവനായിരുന്ന മാറ്റിയോ മെസിനി ഇറ്റലി കണ്ട ഏറ്റവും അപകടകാരികളായ ക്രിമിനലുകളില്‍ ഒരാളായിരുന്നു.  നിരവധി കൊലപാതകങ്ങളാണ് ഇയാളുടെ നേതൃത്വത്തില്‍ നടന്നത്. നിരന്തരം കേസുകള്‍ വന്നപ്പോഴാണ് ഇയാള്‍ക്കെതിരെ നിയമക്കുരുക്ക് മുറുകിയത്. അതിനിടയിലാണ്, ഇയാള്‍ക്കെതിരായ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന രണ്ട് പ്രമുഖ ്രേപാസിക്യൂട്ടര്‍മാരെ ഇയാളുടെ സംഘം വധിക്കുന്നത്. 

വന്‍ സായുധ പൊലീസിന്റെ സംരക്ഷണത്തിലായിരുന്ന പ്രോസിക്യൂട്ടര്‍മാരെ അതെല്ലാം മറികടന്നാണ് ഇയാളുടെ സംഘം വെടിവെച്ചു കൊന്നത്. അതിനു തൊട്ടുമുമ്പ് ഇറ്റലിയിലെ വിവിധ നഗരങ്ങളിലായി 10 -ലേറെ പേര്‍ കൊല്ലപ്പെട്ട തുടര്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തിയാണ് ഇയാള്‍ രോഷം പ്രകടിപ്പിച്ചത്. ഇയാള്‍ക്കെതിരെ കോടതിയില്‍ സാക്ഷി മൊഴി നല്‍കുമെന്ന് പ്രഖ്യാപിച്ച ആളുടെ മകനെ തട്ടിക്കൊണ്ടുപോയി രണ്ട് വര്‍ഷം തടവില്‍ പാര്‍പ്പിച്ച ശേഷം കഴുത്തു ഞെരിച്ച് കൊന്ന് മൃതദേഹം ആസിഡില്‍ കുളിപ്പിച്ച കേസും ഇതിനു പിന്നാലെ ഉണ്ടായി. നിരവധി കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ഇയാളെ പൂട്ടാനുള്ള നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. എന്നാല്‍, കേസുകള്‍ കോടതിയില്‍ എത്തിയതിനു പിന്നാലെ മാറ്റിയോ മെസിന ഒളിവില്‍ പോവുകയായിരുന്നു. 

click me!