കാശ് കൊടുത്താല്‍ ചൊറിഞ്ഞ് തരും, ബിസിനസിലൂടെ ലക്ഷങ്ങള്‍ കൊയ്‍ത് യുവാവ്

Published : Sep 03, 2026, 07:29 PM IST
itching

Synopsis

മസാജ് ചെയ്യുന്നതുപോലെ കട്ടിലിൽ കമിഴ്ന്നുകിടക്കുന്ന ഉപഭോക്താക്കളുടെ ശരീരത്തിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത കൂർത്ത നഖങ്ങൾ ഉപയോഗിച്ച് ജീവനക്കാർ ചൊറിഞ്ഞു കൊടുക്കുന്നതാണ് ഇവിടത്തെ സേവനം.

ദേഹത്ത് എവിടെയെങ്കിലും ചൊറിയുന്നതായി തോന്നിയാൽ ചൊറിഞ്ഞുതരാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നാറുണ്ടോ? അങ്ങനെ ചൊറിഞ്ഞു കൊടുക്കുന്നത് പുതിയൊരു ബിസിനസാക്കി മാറ്റി ലക്ഷങ്ങൾ സമ്പാദിക്കുകയാണ് ഈ ചൈനീസ് യുവസംരംഭകൻ. ദക്ഷിണ ചൈനയിൽ നിന്നുള്ള 32 -കാരനായ ഷാങ് ഷിയാവോകിയാവോ ആണ് വ്യത്യസ്തമായ ഈ ആശയത്തിലൂടെ വിജയം കൈവരിച്ചിരിക്കുന്നത്.

ചൈനയിലെ ഷെൻഷെൻ നഗരത്തിൽ 'സ്യുമ' എന്ന പേരിൽ രണ്ട് സ്റ്റോറുകളാണ് ഷാങ് നട്ത്തുന്നത്. മസാജ് ചെയ്യുന്നതുപോലെ കട്ടിലിൽ കമിഴ്ന്നുകിടക്കുന്ന ഉപഭോക്താക്കളുടെ ശരീരത്തിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത കൂർത്ത നഖങ്ങൾ ഉപയോഗിച്ച് ജീവനക്കാർ ചൊറിഞ്ഞു കൊടുക്കുന്നതാണ് ഇവിടത്തെ സേവനം. മാനസിക സമ്മർദ്ദം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനുമാണ് ഈ സേവനം ലക്ഷ്യമിടുന്നത്. മണിക്കൂറിന് 300 യുവാൻ (ഏകദേശം 3,500 ഇന്ത്യൻ രൂപ) ആണ് ഇതിനായുള്ള ഫീസ്. നിലവിൽ ഈ രണ്ട് സ്റ്റോറുകളിൽ നിന്നുമായി മാസം തോറും ഏകദേശം 100,000 യുവാൻ (ഏകദേശം 14 ലക്ഷം രൂപ) ആണ് ഇദ്ദേഹത്തിന്റെ വരുമാനം.

ഉപഭോക്താക്കളിൽ 70 ശതമാനവും പുരുഷന്മാരാണ്. വലിയ നഗരങ്ങളിലെ കടുത്ത മാനസിക സമ്മർദ്ദമാണ് ആളുകളെ ഇത്തരം സേവനങ്ങൾ തേടാൻ പ്രേരിപ്പിക്കുന്നതെന്ന് ഷാങ് പറയുന്നു. സാധാരണ മസാജിനേക്കാൾ കൂടുതൽ വിശ്രമം നൽകുന്നതായി പല ഉപഭോക്താക്കളും അഭിപ്രായപ്പെട്ടതോടെ സ്ഥിരമായി എത്തുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

ഹൂബെയ് പ്രവിശ്യയിൽ നിന്നുള്ള ഷാങ് നിരവധി പരാജയങ്ങൾക്ക് ശേഷമാണ് ഈ ബിസിനസ്സിൽ വിജയം കണ്ടെത്തിയത്. കോളേജ് പഠനത്തിന് ശേഷം ഒരു വർഷത്തിനുള്ളിൽ ഏഴ് വ്യത്യസ്ത ജോലികൾ ചെയ്ത അദ്ദേഹം, 30 വയസ് തികയുന്നതിന് മുൻപ് രണ്ട് ഇ-കൊമേഴ്സ് കമ്പനികൾ തുടങ്ങിയെങ്കിലും പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ വർഷം സാമൂഹികമാധ്യമങ്ങളിൽ ഒരു സ്ത്രീ തന്റെ ഭർത്താവിന്റെ പുറം ചൊറിഞ്ഞു കൊടുക്കുന്ന വീഡിയോ കണ്ടതാണ് ഇത്തരമൊരു ആശയത്തിലേക്ക് നയിച്ചത്. വീഡിയോയുടെ താഴെ, ഇത്തരത്തിൽ പണം നൽകി ചെയ്യിക്കാൻ തയ്യാറാണെന്ന് പലരും കമന്റ് ചെയ്തിരുന്നു. ചൈനയിൽ പുതിയൊരു ആശയമായതിനാൽ സ്വന്തമായി പഠിച്ചും പരീക്ഷണങ്ങൾ നടത്തിയുമാണ് ഇതിനുള്ള പ്രത്യേക രീതികൾ വികസിപ്പിച്ചെടുത്തത്. ചൈനയിലുടനീളം 100-ലധികം സ്റ്റോറുകൾ തുറക്കുകയാണ് അടുത്ത ലക്ഷ്യം.

PREV
Read more Articles on
click me!

Recommended Stories

ഡ്രൈവറായി ജോലിക്ക് കയറി, ഊബർ മാനേജർ വരെയായി, കൂട്ടപ്പിരിച്ചുവിടലിൽ ജോലി നഷ്ടപ്പെട്ടു; പോസ്റ്റ്
വീട്ടുജോലിക്ക് ഭാര്യയ്ക്ക് ‘ശമ്പളം’; ഭർത്താവിന്‍റെ തീരുമാനത്തിൽ രണ്ടുതട്ടിലായി നെറ്റിസൺസ്, സോഷ്യൽ മീഡിയയിൽ വൻ ചർച്ച