പാമോയിൽ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ‘മുദ്ര’ ശ്രദ്ധിക്കാറുണ്ടോ?

By Web TeamFirst Published Mar 12, 2021, 6:44 PM IST
Highlights

ലോകമെമ്പാടും, പാമോയിൽ ഉൽപ്പന്നങ്ങൾ സോപ്പ് മുതൽ ഐസ്ക്രീം വരെയുള്ള സാധനങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. എന്നാൽ ഇപ്പോൾ, ഇത് മറ്റൊന്നിന്റെ പ്രധാന ഘടകമായി മാറിയിരിക്കുന്നു: ബയോഡീസൽ. മുകളിൽ പറഞ്ഞ പ്രശ്നങ്ങളുടെയെല്ലാം തുടക്കം ബയോഡീസലിൽ നിന്നാണ്.

ഒറാങ്ങ്ഉട്ടാന്റെ രക്തം നമ്മുടെ കയ്യിലും പുരണ്ടിട്ടുണ്ടോ? നിങ്ങൾ ഒരു പ്രകൃതിസ്നേഹിയാണോ? അങ്ങനെയാണെങ്കിൽ നിങ്ങൾ RSPO ലേബൽ ഇല്ലാത്ത പാമോയിലിന്നോട് നോ പറഞ്ഞിരിക്കണമെന്ന് ജ​ഗദീഷ് വില്ലോടി സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.  ഇന്തോനേഷ്യയിൽ, ഒറാങ്ഉട്ടാൻ, കടുവ, ആന എന്നിവയുൾപ്പെടെയുള്ള അനേകം വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങൾ കൊന്നൊടുക്കപ്പെട്ടതും, അത്യപൂർവ സസ്യജാലങ്ങൾ ഉൾപെടുന്ന 1,300 ചതുരശ്ര കിലോമീറ്റർ  (2015ലെ കണക്ക്) മഴക്കാടുകൾ നശിപ്പിക്കപ്പെട്ടതും എണ്ണപ്പനക്കൃഷിക്ക് വേണ്ടിയാണ് ജ​ഗദീഷ് കുറിപ്പിൽ വ്യക്തമാക്കുന്നു. 

 

ജ​ഗദീഷ് വില്ലോടി എഴുതിയ കുറിപ്പ് വായിക്കാം: 

 

 

നിങ്ങൾ ഒരു പ്രകൃതിസ്നേഹിയാണോ? അങ്ങനെയാണെങ്കിൽ നിങ്ങൾ RSPO ലേബൽ ഇല്ലാത്ത പാമോയിലിന്നോട് നോ പറഞ്ഞിരിക്കണം. വെറും പാമോയിലിനോട്  മാത്രമല്ല, ലിപ്സ്റ്റിക്, ഷാംപൂ, ഐസ്ക്രീം, ചോക്ലേറ്റ്, സോപ്പ്, ബിസ്ക്കറ്റുകൾ, ഡിറ്റർജെൻന്റ്, എന്തിനേറെ ബയോഡീസലിനോട് പോലും നോ പറയണം. 

എന്തിന് എന്നല്ലേ? ഇന്തോനേഷ്യയിൽ, ഒറാങ്ഉട്ടാൻ, കടുവ, ആന എന്നിവയുൾപ്പെടെയുള്ള അനേകം വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങൾ കൊന്നൊടുക്കപ്പെട്ടതും, അത്യപൂർവ സസ്യജാലങ്ങൾ ഉൾപെടുന്ന 1,300 ചതുരശ്ര കിലോമീറ്റർ  (2015ലെ കണക്ക്) മഴക്കാടുകൾ നശിപ്പിക്കപ്പെട്ടതും എണ്ണപ്പനക്കൃഷിക്ക് വേണ്ടിയാണ്.

ഗോറില്ലയ്ക്കുശേഷം രണ്ടാമത്തെ വലിയ കുരങ്ങിനമാണ് ഒറാങ്ഉട്ടാൻ. 19.3 മുതൽ 15.7 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മനുഷ്യരിൽ നിന്നും ചിമ്പാൻസികളിൽ നിന്നും ഗോറില്ലകളിൽ നിന്നും പിരിഞ്ഞ പോങ്കിനെയ് (Ponginae) എന്ന ഉപകുടുംബത്തിലെ ഒരേയൊരു ഇനമാണ് ഒറാങ്ഉട്ടാനുകൾ. കുരങ്ങന്മാരിൽ ഏറ്റവും ധീരരായ, മനുഷ്യരുടെ DNA യുമായി 97% സാദൃശ്യമുള്ള ബോർണിയൻ ഒറാങ്ഉട്ടാനുകൾ ഗുരുതരമായി വംശനാശഭീഷണി നേരിടുന്നവയായി കണക്കാക്കപ്പെടുന്നു. 

 

 

കഴിഞ്ഞ 60 വർഷത്തിനിടയിൽ ബോർണിയൻ ഒറാങ്ഉട്ടാൻ 50 ശതമാനത്തിലധികം കുറഞ്ഞു, കഴിഞ്ഞ 20 വർഷത്തിനിടയിൽ ഈ ജീവിവർഗങ്ങളുടെ ആവാസവ്യവസ്ഥയുടെ 55 ശതമാനമെങ്കിലും ഇല്ലാതെയായി. ലോകത്തെ ഏറ്റവും വലിയ പ്രകൃതിസംരക്ഷണ സംഘടനയായ ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആ‍ൻഡ് നാച്ചുറൽ റിസോഴ്‌സ് (IUCN) ഗുരുതരമായ വംശനാശത്തിന്റെ വക്കിൽ (CR) എന്ന വിഭാഗത്താലാണ് ഒറാങ്ഉട്ടാനുകളെ ഉൾപ്പെടുത്തിയിട്ടുള്ളത്.

ലോകമെമ്പാടും, പാമോയിൽ ഉൽപ്പന്നങ്ങൾ സോപ്പ് മുതൽ ഐസ്ക്രീം വരെയുള്ള സാധനങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. എന്നാൽ ഇപ്പോൾ, ഇത് മറ്റൊന്നിന്റെ പ്രധാന ഘടകമായി മാറിയിരിക്കുന്നു: ബയോഡീസൽ. മുകളിൽ പറഞ്ഞ പ്രശ്നങ്ങളുടെയെല്ലാം തുടക്കം ബയോഡീസലിൽ നിന്നാണ്.

2001ൽ അമേരിക്കയിൽ അധികാരമേറ്റ ജോർജ് ഡബ്ല്യു ബുഷിന്റെ ആദ്യ നടപടികളിൽ ഒന്ന് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ യുണൈറ്റഡ് നേഷൻസ് തയ്യാറാക്കിയ Kyoto Protocol ൽ നിന്ന് പിന്മാറുക എന്നതായിരുന്നു. തുടർന്ന് എനർജി ഇൻഡിപെൻഡൻസ് എന്ന നയം പ്രഖ്യാപിച്ച ബുഷ്, പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി പാമോയിലിൽ നിന്നുണ്ടാക്കുന്ന ബയോഡീസലിനെ പ്രോത്സാഹിപ്പിച്ചു. ഇതിനായി ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളിൽ അമേരിക്ക എണ്ണപ്പനകൃഷി പ്രോത്സാഹിപ്പിച്ചു.

പക്ഷെ, അത് നേർവിപരീത ഫലമാണ്‌ ഉണ്ടാക്കിയത്. എണ്ണപ്പന കൃഷിക്കുവേണ്ടി ഇന്തോനേഷ്യയും, മലേഷ്യയും, ബ്രസീലും, പല ആഫ്രിക്കൻ രാജ്യങ്ങളും അവരുടെ വനങ്ങൾ ചുട്ടെരിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതക ഉദ്‌വമനത്തിന്റെ (Greenhouse gas emissions) പ്രധാന ഉറവിടങ്ങൾ വനനശീകരണവും തണ്ണീർത്തട നാശവുമാണ്. വനങ്ങൾ കത്തിച്ചതുമൂലം, സാധാരണഗതിയിൽ 2000 വർഷംകൊണ്ട് പുറപ്പെടുവിക്കുമായിരുന്ന കാർബൺ, ഇന്തോനേഷ്യ ഒറ്റ വർഷംകൊണ്ട് അന്തരീക്ഷത്തിലേയ്ക്ക് തള്ളി. അങ്ങനെ കാർബൺ എമൽഷനിൽ ഇന്തോനേഷ്യ നാലാം സ്ഥാനത്ത് എത്തിച്ചേർന്നു.

പാമോയിൽ ലാഭക്കൊതി മൂത്ത കമ്പനികൾ  ഇന്തോനേഷ്യയുടെ ‘ടെസ്സോ നിലോ’ (Tesso Nilo) നാഷണൽ പാർക്കിന്റെ മുക്കാൽ ഭാഗവും അനധികൃത പാം ഓയിൽ തോട്ടങ്ങളാക്കി മാറ്റി. കടുവകൾ, ഒറാങ്ഉട്ടാനുകൾ, ആനകൾ എന്നിവരുടെ വാസസ്ഥലവും അപൂർവ്വ സസ്യജാലങ്ങളുടെ ഉറവിടവും ആയിരുന്നു ടെസ്സോ നിലോ നാഷണൽ പാർക്ക്. ചുരുക്കത്തിൽ പ്രകൃതിയുടെ രക്ഷകനായി അവതരിപ്പിക്കപ്പെട്ട പാമോയിൽ, ഒരു രാജ്യത്തിൻ്റെ മുഴുവൻ ജൈവ വ്യവസ്ഥയുടെ അന്തകനായി മാറുകയായിരുന്നു!

എണ്ണപ്പന കൃഷിയിലൂടെ അതിസമ്പന്നർ ആയി മാറിയ കോർപ്പറേറ്റുകൾ തങ്ങളുടെ പുതിയ ശക്തിയും സമ്പത്തും ഉപയോഗിച്ച് വിമർശകരെ അടിച്ചമർത്തുകയും തൊഴിലാളികളെ ചൂഷണം ചെയ്യുകയും ചെയ്തു. കൂടാതെ എണ്ണ ഉത്പാദിപ്പിക്കാൻ കൂടുതൽ ഭൂമി സ്വന്തമാക്കാനുള്ള ശ്രമങ്ങളും തുടങ്ങി.  

 

 

ഇങ്ങനെ പല വിധത്തിൽ ഇന്തോനേഷ്യയെ പ്രതികൂലമായി ബാധിച്ച 25 പ്രോക്സി കമ്പനികളെ കുറിച്ച് അന്വേഷിച്ചാൽ, അതിൽ 18 എണ്ണവും ചെന്നെത്തി നിൽക്കുക വിൽമർ ഇൻറർനാഷണൽ എന്ന വില്ലനിലാണ്. കൂടുതൽ ഭൂമി സ്വന്തമാക്കാനായി, കർഷകർക്ക് നേരെ വെടിവെപ്പ്  ഉൾപ്പെടെയുള്ള അതിക്രമങ്ങൾ വിൽമർ നടത്തി. ആംനസ്റ്റി ഇന്റർനാഷണൽ വിൽമറിന്റെ കേസിൽ പലതവണ ഇടപെട്ടിട്ടുണ്ട്. ആഗോള പാമോയിൽ വ്യാപാരത്തിൻ്റെ 40% വിൽമറിന്റെ കുത്തകയാണ്. 2017 -ലെ കണക്കനുസരിച്ച് വിൽമറിന്റെ കയ്യിൽ മാത്രം 2,39,1935 ഹെക്റ്റർ എണ്ണപ്പനക്കൃഷിയുണ്ട്. ഇന്തോനേഷ്യയിലും, മലേഷ്യയിലെ ബോർണിയോയിലും, ആഫ്രിക്കയിലും, മറ്റനേകം രാജ്യങ്ങളിലും വിൽമർ പടർന്നുപന്തലിച്ചു കിടക്കുന്നു.  2018 ജൂലൈയിൽ വനനശീകരണത്തെക്കുറിച്ച് ഗ്രീൻപീസ് ഇൻറർനാഷണൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് വിൽമറിന്റെ  സഹസ്ഥാപകനായ സിറ്റോറസും (Martua Sitorus) അദ്ദേഹത്തിന്റെ സഹോദരനും ഉൾപ്പെടെ 48 പേരാണ് വിൽമറിൽ നിന്ന് രാജിവെക്കേണ്ടി വന്നത്. 

‘എന്തുകൊണ്ട്  പാമോയിൽ?’ എന്ന ചോദ്യത്തിന് ഏറ്റവും ലാഭകരമായ എണ്ണ എന്നാണുത്തരം. ഒരു ഹെക്ടറിനിന്ന് 0.7 ടൺ സൂര്യകാന്തി എണ്ണ ഉൽപാദിപ്പിക്കുമ്പോൾ പാമോയിൽ 3.3 ടൺ വിളവ് ആണ് തരുന്നത്. എല്ലാ പാമോയിലും പ്രശ്നക്കാരാണോ? അല്ല! വനനശീകരണം ഇല്ലാതെ, തികച്ചും പാരിസ്ഥിതികവും സാമൂഹികവുമായ ഉത്തരവാദിത്വത്തോടെ പാമോയിൽ കൃഷി നടത്തുന്നവരുടെ കൂട്ടായ്മ നൽകുന്ന ലേബൽ ആണ് RSPO (Roundtable on Sustainable Palm Oil). ഈ ലേബലുള്ള പാമോയിൽ ഉൽപ്പന്നങ്ങൾ നിങ്ങൾക്ക് സധൈര്യം വാങ്ങാം. 

 

 

നമ്മുടെ നാട്ടിലെ പാമോയിൽ രാഷ്ട്രീയം കൂടി പറയാതെ ഈ കുറിപ്പ് പൂർണ്ണമാകില്ല.
ഗോതമ്പ്, അരി, എന്നി ധാന്യങ്ങളുടെ കാര്യത്തിൽ ഒരു സർപ്ലസ് രാജ്യമാണ് ഇന്ത്യ. പക്ഷെ ഇന്ത്യയുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ഒന്നര ലക്ഷം കോടിയോളം വരുന്നുണ്ട്. ഇതിൽ പകുതിയും ഭക്ഷ്യ എണ്ണയാണ്. 2001 മുതൽ രാജ്യത്ത് പാമോയിൽ ഉപഭോഗം 3 ദശലക്ഷം ടണ്ണിൽ നിന്ന് 10 ദശലക്ഷം ടണ്ണായി ഉയർന്നു എന്നാണ് കണക്ക്. 2020 മുതൽ ക്രൂഡ് പാം ഓയിലിന്റെ ഇറക്കുമതി തീരുവ 37.5 ശതമാനത്തിൽ നിന്ന് 27.5 ശതമാനമായി കുറച്ചു കൊണ്ട് സർക്കാർ ഇറക്കുമതിക്ക് ആക്കംകൂട്ടി. രാജ്യത്ത് ഭക്ഷ്യ എണ്ണ ലഭ്യത ഉറപ്പാക്കുന്നതിന്, ഭക്ഷ്യ എണ്ണ കയറ്റുമതിയും ഇന്ത്യ നിരോധിച്ചിരിക്കുകയാണ്. 

കേരളത്തിലെ വെളിച്ചെണ്ണ കർഷകരുടെ താൽപര്യം സംരക്ഷിക്കുന്നതിനായി സംസ്ഥാനത്തെ തുറമുഖങ്ങളിലൂടെ പാമോയിൽ ഉൽ‌പന്ന ഇറക്കുമതി കേരളം നിരോധിക്കുകയും പിന്നീട് ഹൈക്കോടതി ഇടപെട്ട് നിരോധനം ഒഴിവാക്കുകയും ചെയ്തു. നിരോധനം നീക്കിയ ആഴ്ചയിൽ മാത്രം മലേഷ്യയിൽ നിന്ന് ഏകദേശം 8,000 ടൺ പാമോയിലാണ് സംസ്ഥാനത്ത് എത്തിച്ചേർന്നത്. കുറഞ്ഞ പാമോയിൽ വില വെളിച്ചെണ്ണയുടെ ആഭ്യന്തര ഉപഭോഗം കുറയ്ക്കുന്നതിന് കാരണമായിട്ടുണ്ട്.

1991-ൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ നടന്ന പാമോയിൽ ഇടപാട് കേരള രാഷ്ട്രീയത്തിൽ ഏറെ കാലം കോളിളക്കം സൃഷ്ടിച്ച ഒന്നാണ്. സക്കീർ നായ്ക്കിന്റെ  വിവാദ പ്രസംഗത്തെ തുടർന്ന് ഇന്ത്യ മലേഷ്യയിൽ നിന്നുള്ള പാമോയിൽ ഇറക്കുമതി നിരോധിച്ചതോടെ ഇന്ത്യയുടെ അന്താരാഷ്ട്ര ബന്ധങ്ങളിൽ വരെ  മാറ്റങ്ങൾ ഉണ്ടായത് ഈയിടെയാണ്. 

കേരളത്തിൽ എണ്ണപ്പനക്കൃഷിയുടെ സാധ്യതകൾ അനന്തമാണ്. കൊല്ലം ജില്ലയിൽ അഞ്ചലിനടുത്ത് ഭാരതീപുരത്ത് 1969 ൽ കേന്ദ്ര സഹായത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പൊതുമേഖലാ സ്ഥാപനമാണ് ഓയിൽപാം ഇന്ത്യാ ലിമിറ്റഡ്. 51% കേരളത്തിന്റെയും 49% കേന്ദ്രത്തിന്റെയും മുതൽമുടക്കുള്ള ഒരു സംയുക്ത സംരംഭമാണിത്. 120 ഹെക്ടർ പ്രദേശത്ത് ആരംഭിച്ച കൃഷി ഇന്ന് 3646 ഹെക്ടറായി വ്യാപിച്ചു. യന്ത്രവൽക്കരണത്തിലൂടെ 4500 ടൺ എണ്ണ ഉൽപാദിപ്പിക്കുന്ന ഫാക്ടറിയുടെ ഉൽപാദനശേഷി 7000 ടണ്ണാണ്. 

നഷ്ടത്തിലോടുന്ന റബ്ബർ കൃഷിക്ക് പകരമാകാന്‍ എണ്ണപ്പനയ്ക്ക് കഴിയും. ജലലഭ്യത കുറഞ്ഞതു മൂലം കൃഷി ചെയ്യാതിരിക്കുന്ന വയലുകൾക്കും യോജിച്ച വിളയാണ് എണ്ണപ്പന. അങ്ങിനെ നമുക്ക് അതിരാവിലെ എഴുന്നേറ്റ്  എണ്ണപ്പന പൂവിട്ടോ കതിരിട്ടോ എന്ന് നോക്കാം. 
ഏതായാലും അടുത്ത തവണ പാമോയിൽ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ‘മുദ്ര’ ശ്രദ്ധിക്കുക! 

ഒറാങ്ങ്ഉ ട്ടാന്റെ രക്തം നമ്മുടെ കയ്യിലും പുരളുമ്പോൾ! നിങ്ങൾ ഒരു പ്രകൃതിസ്നേഹിയാണോ ? അങ്ങനെയാണെങ്കിൽ നിങ്ങൾ RSPO ലേബൽ...

Posted by Jagadheesh Villodi on Friday, 12 March 2021
click me!