'വണ്ടര്‍ ഗേള്‍ ഓഫ് ഇന്ത്യ'; 14 -ാം വയസ്സ് മുതല്‍ ഐഎഎസ് ഓഫീസര്‍മാര്‍ക്ക് വരെ മോട്ടിവേഷണല്‍ ക്ലാസ് നല്‍കുന്ന മിടുക്കി

By Web TeamFirst Published Jun 16, 2019, 7:18 PM IST
Highlights

കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനമ്മമാര്‍ ജാന്‍വിയുടെ സ്കൂളിലെ അധ്യാപകരോട് അവളെ കുറിച്ച് സൂചിപ്പിച്ചിരുന്നു. അവളുടെ മാര്‍ക്കുകളില്‍ നിന്നും അവളെക്കുറിച്ച് അധ്യാപകര്‍ക്കും അറിവുണ്ടായിരുന്നു. അതിനാല്‍ത്തന്നെ രണ്ടു ക്ലാസുകളിലെ പരീക്ഷ ഒരുമിച്ച് എഴുതാനുള്ള അവസരം അവള്‍ക്ക് ലഭിച്ചു. 
 

'വണ്ടര്‍ ഗേള്‍ ഓഫ് ഇന്ത്യ' എന്ന് അറിയപ്പെടുമ്പോള്‍ ജാന്‍വി പന്‍വാറിന് വയസ്സ് വെറും ഒമ്പതാണ്. പതിനാലാമത്തെ വയസ്സില്‍ തന്‍റെ പ്രായത്തിലുള്ളവരെല്ലാം എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ദില്ലി സര്‍വകലാശാലയില്‍ ബിരുദത്തിന് പഠിക്കുകയായിരുന്നു അവള്‍. അധ്യാപകനായിരുന്നു ജാന്‍വിയുടെ അച്ഛന്‍, അമ്മ വീട്ടമ്മ. ചെറുപ്പത്തില്‍ തന്നെ എട്ട് ഭാഷകളില്‍ സംസാരിക്കുമായിരുന്നു ജാന്‍വി. 

മറ്റ് കുഞ്ഞുങ്ങളെ പോലെയല്ല ജാന്‍വി എന്ന് അവള്‍ക്ക് ഒരു വയസ്സുണ്ടായപ്പോള്‍ തന്നെ മനസിലായിരുന്നുവെന്നാണ് അച്ഛന്‍ ബ്രിജ്മോഹന്‍ പന്‍വാര്‍ പറഞ്ഞിരുന്നത്. ഒരു വയസ്സുള്ളപ്പോള്‍ തന്നെ 500-550 ഇംഗ്ലീഷ് വാക്കുകള്‍ ജാന്‍വിക്ക് അറിയാമായിരുന്നു. മൂന്ന് വയസ്സായപ്പോള്‍ ജാന്‍വിയെ നഴ്സറി സ്കൂളില്‍ ചേര്‍ക്കാതെ തന്നെ സീനിയര്‍ കെജി ക്ലാസില്‍ ചേര്‍ത്തു. കാരണം, അത്രയും കാര്യങ്ങള്‍ അവള്‍ വീട്ടില്‍വച്ചു തന്നെ പഠിച്ചിരുന്നു. 

കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനമ്മമാര്‍ ജാന്‍വിയുടെ സ്കൂളിലെ അധ്യാപകരോട് അവളെ കുറിച്ച് സൂചിപ്പിച്ചിരുന്നു. അവളുടെ മാര്‍ക്കുകളില്‍ നിന്നും അവളെക്കുറിച്ച് അധ്യാപകര്‍ക്കും അറിവുണ്ടായിരുന്നു. അതിനാല്‍ത്തന്നെ രണ്ടു ക്ലാസുകളിലെ പരീക്ഷ ഒരുമിച്ച് എഴുതാനുള്ള അവസരം അവള്‍ക്ക് ലഭിച്ചു. 

ഏത് കളിപ്പാട്ടങ്ങളേക്കാളും പുസ്തകങ്ങളായിരുന്നു അവള്‍ക്ക് കുഞ്ഞുനാളിലേ ഇഷ്ടം. സാമ്പത്തികമായി വളരെ ഉയര്‍ന്ന കുടുംബമായിരുന്നില്ല ജാന്‍വിയുടേത്. പെണ്‍കുട്ടികളുടെ ജനനം ആഘോഷിക്കപ്പെടാത്തൊരു ഗ്രാമമായിരുന്നു അവരുടേതും. പക്ഷെ, ജാന്‍വിയുടെ ജനനം അവളുടെ അച്ഛനും അമ്മയും ആഘോഷിച്ചു. പെണ്‍കുട്ടികള്‍ എല്ലായിടത്തും രണ്ടാം തരക്കാരാണെന്ന ചിന്താഗതിയെ എതിര്‍ത്തവരായിരുന്നു അവര്‍. 

സാധാരണക്കാരായിരുന്നു എന്നതിനാല്‍ത്തന്നെ ശരിയായ രീതിയില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ പോലും കഴിയാത്തവരായിരുന്നു ജാന്‍വിയുടെ അച്ഛനും അമ്മയും. അതുകൊണ്ടുതന്നെ ജാന്‍വിയുടെ ഇംഗ്ലീഷിലുള്ള അറിവ് അവരെ അദ്ഭുതപ്പെടുത്തിയിരുന്നു. റെഡ് ഫോര്‍ട്ട് കാണാനെത്തുന്ന വിനോദ സഞ്ചാരികളോട് സംസാരിച്ചാണ് യഥാര്‍ത്ഥ ഇംഗ്ലീഷ് ഉച്ചാരണം അവള്‍ മനസിലാക്കുന്നത്. 

അത് ശ്രദ്ധിച്ച അച്ഛന്‍ ജാന്‍വിക്ക് ചെറിയ ചെറിയ ഇംഗ്ലീഷ് ഭാഷയിലുള്ള വീഡിയോ ഡൗണ്‍ലോഡ് ചെയ്തു കൊടുത്തു തുടങ്ങി. ഒറ്റത്തവണ കേട്ടാല്‍ മതിയായിരുന്നു. ജാന്‍വി അതുപോലെ തന്നെ സംസാരിക്കും. അങ്ങനെ അച്ഛനവള്‍ക്ക് ബിബിസി ന്യൂസ് വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് നല്‍കിത്തുടങ്ങി. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ബുള്ളറ്റിനൊക്കെ കാണുകയും, അത് പിടിച്ചെടുക്കുകയും, അവതാരകര്‍ സംസാരിക്കുന്ന അതേ രീതിയില്‍ സംസാരിക്കുകയും ചെയ്ത് തുടങ്ങി ജാന്‍വി. അത് പ്രോത്സാഹിപ്പിക്കണമെന്ന് അച്ഛനും തോന്നി. 

അങ്ങനെ, പാനിപ്പത്ത് കേന്ദ്രീകരിച്ചുള്ള രേഖാ രാജ് എന്ന പരിശീലകയുടെ അടുത്ത് ഉച്ചാരണവും ഭാഷയും മനസിലാക്കാന്‍ അവളെ അയച്ചു തുടങ്ങി. സ്കൂള്‍ സമയത്തിന് ശേഷം ജാന്‍വി നേരെ രേഖാ രാജിനടുത്തെത്തും. അത് ജാന്‍വിയെ സഹായിച്ചു. ബ്രിട്ടീഷ്, അമേരിക്കന്‍, സ്കോട്ടിഷ്, ഓസ്ട്രേലിയന്‍... ഇങ്ങനെ പല ഭാഷയും ശരിയായ രീതിയില്‍ ഉച്ചരിക്കും ജാന്‍വി. 

'വെറും അനുകരണം മാത്രമാണ് ഇവയെല്ലാം' എന്ന് അഭിപ്രായമുയരുമെന്ന് അറിയുന്നത് കൊണ്ട് തന്നെ അവളെ യുകെയിലും യുഎസ്സിലുമുള്ള ഓണ്‍ലൈന്‍ ലിംഗ്വിസ്റ്റിക് ക്ലാസുകളില്‍ ചേര്‍ത്തു. 11 വയസ്സായപ്പോഴേക്കും എട്ട് ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങി ജാന്‍വി. ഫ്രഞ്ച്, ജാപ്പനീസ് തുടങ്ങിയ ഭാഷകളും പഠിക്കാനാരംഭിച്ചു. പതിനാല് വയസ്സായപ്പോഴേക്കും അവള്‍ ഐ എ എസ് ഓഫീസര്‍മാര്‍ക്ക് വരെ മോട്ടിവേഷണല്‍ ക്ലാസുകളെടുത്തു തുടങ്ങിയിരുന്നു. ബിബിസിയില്‍ വാര്‍ത്ത വായിക്കുക എന്നതാണ് ജാന്‍വിയുടെ ആഗ്രഹം. അതുപോലെ തന്നെ UPSC -യ്ക്കായും ഒരുങ്ങുന്നു.

  

വായിക്കുന്ന പുസ്തകങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ അതുപോലെ തന്നെ ഓര്‍മ്മയിലുണ്ടാകും ജാന്‍വിക്ക്. ചോദിച്ചാല്‍ മതി ഏത് ഭാഗത്ത് നിന്നായാലും ഉത്തരം റെഡിയാണ് ജാന്‍വിയുടെ കയ്യില്‍. 

ജാന്‍വിയുടെ അച്ഛന് മറ്റ് മാതാപിതാക്കളോട് പറയാനുള്ളത് ഇതാണ്, 'ചിലപ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് പഠിക്കാനാകും കഴിവ്, അല്ലെങ്കില്‍ മറ്റെന്തിലെങ്കിലും. ഏതിലായാലും അവര്‍ക്ക് പ്രോത്സാഹനവും സമയവും നല്‍കുക' എന്ന്. 


 

click me!