
കള്ള താക്കോൽ ഉപയോഗിച്ച് സഹപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ 27 -കാരൻ ഒടുവില്‍ പിടിയിൽ. സഹപ്രവർത്തകയുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതിനായാണ് ഇയാൾ 20 തവണ ഇവരുടെ വീട്ടിൽ കയറി വസ്ത്രങ്ങൾ മോഷ്ടിക്കുകയും താൻ കയറിയതിന് തെളിവായി ചിത്രങ്ങൾ പകർത്തുകയും ചെയ്തത്. സംഭവത്തിൽ യൂക്കി മുറായി എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ആറുമാസം മുൻപാണ് യൂക്കി മുറായി ജോലി ചെയ്തിരുന്ന ടോക്കിയോയിലെ ഒരു ഓഫീസിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് തസ്തികയിലേക്ക് പുതിയൊരു ജീവനക്കാരി എത്തിയത്. അവരുമായി പ്രണയത്തിലാവുകയെന്ന ഉദ്ദേശത്തോടെ യൂക്കി ആദ്യം ഇവരുമായി സൗഹൃദം സ്ഥാപിച്ചു. പിന്നീട് ഫോൺ സന്ദേശങ്ങളിലൂടെ യുവതിയുമായി സൗഹദത്തിലാകാന്‍ ശ്രമിച്ചു. എന്നാൽ ആദ്യമൊക്കെ യുവതി മാന്യമായി പ്രതികരിച്ചെങ്കിലും പിന്നീട് യൂക്കിയുടെ ശല്യം കൂടി കൂടി വന്നതോടെ അവർ അവനെ അവഗണിക്കാൻ തുടങ്ങി.
യുവതിയിൽ നിന്നും അവഗണന നേരിട്ടതോടെ ഇയാൾ അതിന് പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. അതിൻറെ ഭാഗമായി അവരുടെ പേഴ്സിൽ നിന്നും തന്ത്രപരമായി കീ തട്ടിയെടുത്ത് അതിന്‍റെ ഫോട്ടോ ഉപയോഗിച്ച് കള്ളത്താക്കോൾ നിർമ്മിച്ചു. തുടർന്ന് യുവതി വീട്ടിൽ നിന്നും പുറത്തു പോകുന്ന സമയം നിരീക്ഷിച്ച്, ആ സമയങ്ങളിൽ കള്ളത്താക്കോൽ ഉപയോഗിച്ച് വീടിനുള്ളിൽ കയറി വസ്ത്രങ്ങൾ മോഷ്ടിക്കുകയും വീടിന്‍റെ വിവിധ ഭാഗങ്ങളിലെ ചിത്രങ്ങൾ എടുക്കുകയും ചെയ്തു. ഇത്തരത്തിൽ 20 തവണയാണ് ഇയാൾ വീടിനുള്ളിൽ അതിക്രമിച്ചു കയറിയത്. ഓർമ്മയ്ക്കായി എപ്പോഴും കാത്തുസൂക്ഷിക്കുന്നതിന് വേണ്ടിയാണ് യുവതിയുടെ വസ്ത്രങ്ങൾ മോഷ്ടിച്ചതെന്നന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
എന്നാൽ, പതിവായി പുറത്ത് പോയി തിരികെ വരുമ്പോൾ വീട്ടിലെ സാധനങ്ങളുടെ സ്ഥാനം മാറിയിരിക്കുന്നതും അപരിചിത കാൽപ്പാടുകൾ വീടിനുള്ളിൽ കണ്ടതും യുവതിയിൽ സംശയമുണ്ടാക്കി. തുടർന്ന് ഇവർ തന്നെയാണ് പോലീസിൽ പരാതി നൽകിയത്. പോലീസിന് നിർദ്ദേശപ്രകാരം ഇവര്‍ വീടിനുള്ളിൽ ഒളിക്യാമറകൾ സ്ഥാപിച്ചു. ഈ ഒളിക്യാമറയിൽ യുക്കിയുടെ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് പോലീസ് തെളിവ് സഹിതം ഇയാളെ പിടികൂടിയത്. അതിക്രമിച്ചു കടക്കൽ, മോഷണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യൂക്കി മുറായിയെ ടോക്കിയോ മെട്രോപൊളിറ്റൻ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.