
ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലും താമസിക്കാൻ ഒരു വാടകവീട് കിട്ടുക എന്നത് വലിയ പ്രതിസന്ധി തന്നെയാണ്. എന്നാൽ, നിരവധി വീടുകൾ കണ്ട് അതിൽ ഏത് വേണം എന്ന് തീരുമാനിക്കാൻ സാധിക്കാത്ത അവസ്ഥ വന്നാലോ. അതുപോലെ, ഇന്ത്യയിൽ താമസിക്കുന്ന ഒരു ജാപ്പനീസ് യുവാവ് ഗുഡ്ഗാവിലെ തന്റെ ഫ്ലാറ്റ് ഹണ്ടിംഗ് അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുകയാണ്. വളരെ നിരാശാജനകമായിരുന്നു യുവാവിന്റെ അനുഭവം. അതിന്റെ രസകരമായ വീഡിയോയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.
'റാൻഡം ജാപ്പനീസ് ഇൻ ഇന്ത്യ' എന്ന യൂസർ പങ്കിട്ടിരിക്കുന്ന ഈ ഇൻസ്റ്റാഗ്രാം റീൽ 188,000 -ത്തിലധികം വ്യൂകൾ ഇതോടകം തന്നെ നേടിക്കഴിഞ്ഞു. വളരെ രസകരമായ കമന്റുകളാണ് യുവാവ് പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് പലരും നൽകിയിരിക്കുന്നത്.
വീഡിയോയിൽ, യുവാവ് 'ഡേ ഇൻ മൈ ലൈഫ്' ആണ് ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ താമസിക്കുന്ന ഒരു ജാപ്പനീസ് വംശജനായ താൻ ഇന്ന് ഒരു അപ്പാർട്ട്മെന്റ് അന്വേഷിക്കാൻ പോകുന്നുവെന്നും ഇപ്പോൾ താൻ ഒരു ഹോട്ടലിലാണ് കഴിയുന്നത് എന്നും പറയുന്നുണ്ട്. ഹോട്ടൽ വീട് പോലെയല്ല, തനിക്ക് അതുകൊണ്ട് ഒരു വീട് വേണം എന്നും പറഞ്ഞുകൊണ്ടാണ് യുവാവ് തന്റെ വാടകവീടിനായുള്ള അന്വേഷണം തുടങ്ങുന്നത്.
പിന്നീട്, യുവാവ് വിവിധ റെസിഡൻഷ്യൽ സൊസൈറ്റികളിലുള്ള ഫർണിഷ്ഡായതും ഫർണിഷ്ഡ് അല്ലാത്തതുമായ ഒരുപാട് ഫ്ലാറ്റുകൾ സന്ദർശിക്കുന്നത് കാണാം. എന്നാൽ, ഉച്ചയായിട്ടും യുവാവിന് വീട് ഏത് വേണം എന്ന് തീരുമാനിക്കാൻ സാധിച്ചില്ല. താൻ ആകെ കൺഫ്യൂഷനിലാണ് എന്നും ഏത് വീട് വേണം എന്ന് തീരുമാനിക്കാൻ സാധിക്കുന്നില്ല എന്നും യുവാവ് പറയുന്നുണ്ട്.
അതുകൊണ്ട് ഇനി ഭക്ഷണം കഴിച്ചേക്കാം എന്ന് പറഞ്ഞ് യുവാവ് ഭക്ഷണം കഴിക്കാൻ പോകുന്നതാണ് പിന്നീട് കാണുന്നത്. ഇന്ത്യക്കാരെ പോലെ ദോശയും ലസ്സിയും ആണ് യുവാവ് കഴിക്കുന്നത്.
കുറച്ച് കഴിഞ്ഞ ശേഷം യുവാവ് വീണ്ടും വീട് കാണാൻ പോകുന്നു. എന്നാൽ, വൈകുന്നേരം ആയിട്ടും യുവാവിന് ഒരു വീട് കണ്ടെത്താൻ സാധിച്ചില്ല. യുവാവിന്റെ വീഡിയോയോട് പലരും പ്രതികരിച്ചു. ജപ്പാനിൽ നിന്നുള്ള ആയാലും ഇന്ത്യയിൽ നിന്നുള്ള ആളായാലും ഗുഡ്ഗാവിലൊരു വാടകവീട് കണ്ടുപിടിക്കുക എളുപ്പമല്ല എന്ന് പലരും കമന്റ് നൽകി.