
ദിവസവും ബെംഗളൂരുവിൽ നിന്നുള്ള എന്തെങ്കിലും വാർത്തകളോ വീഡിയോകളോ ചിത്രങ്ങളോ ഒക്കെ നമ്മുടെ കൺമുന്നിൽ വന്നുപെടാറുണ്ട്. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായി നമ്മുടെ ഹൃദയത്തെ ഏറെ സ്പർശിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ജെ.പി. നഗറിലെ ഡോളർസ് കോളനിയിലെ ക്ലാരൻസ് പബ്ലിക് സ്കൂളിന് പിന്നിലെ ഒരു മതിലിന്റെ കഥയാണ് ഇത്. ഒരുകാലത്ത് അവിടമാകെ അലഞ്ഞുനടന്നിരുന്ന, നാട്ടുകാർക്ക് പ്രിയപ്പെട്ട ഒരു നായയുടെ ഓർമ്മകൾ പേറുന്നതാണ് ഈ മതിൽ. പിക്കാച്ചു എന്നാണ് അവന്റെ പേര്. ഇവിടുത്തെ കല്ലിൽ പിക്കാച്ചുവിന്റെ മുഖം കൊത്തിവച്ചിരിക്കുന്നത് കാണാം. അതിന് ചുറ്റും, തങ്ങളുടെ കൂട്ടുകാരനായ പ്രിയപ്പെട്ട പിക്കാച്ചുവിനെ കുറിച്ച് നാട്ടുകാർ എഴുതിയ സന്ദേശവും കാണാം.
'ക്ലാരൻസ് പബ്ലിക് സ്കൂളിന് പിറകിലൂടെ നടക്കൂ, നിങ്ങൾക്ക് സ്പെഷ്യൽ ആയിട്ടുള്ള ഒരു കാര്യം ഇവിടെ കാണാൻ കഴിയും' എന്ന കാപ്ഷനോടെ ബംഗളൂരുകാരനായ നിതിൻ കുമാറാണ് ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഒരു തെരുവുനായയോടുള്ള ആളുകളുടെ ഈ സ്നേഹവും അടുപ്പവുമെല്ലാം വലിയ ശ്രദ്ധയാണ് നെറ്റിസൺസിന്റെ ഇടയിൽ നിന്നും നേടിയത്.
ഇത് പിക്കാച്ചുവിനുള്ള ആദരവാണ് എന്നും പിക്കാച്ചുവിനെ ആളുകൾക്ക് അത്രയ്ക്കും ഇഷ്ടമായിരുന്നു എന്നും യുവാവിന്റെ പോസ്റ്റിൽ പറയുന്നു. ബൃഹത് ബംഗളൂരു മഹാനഗര പാലികെ (BBMP) എല്ലാ ദിവസവും 5000 തെരുവ് നായ്ക്കൾക്ക് വേവിച്ച ചിക്കൻ റൈസ് നൽകുന്നുണ്ട് എന്നും ബെംഗളൂരുവിന് ഒരു വലിയ ഹൃദയമുണ്ട് എന്നും പോസ്റ്റിൽ കാണാം.
മതിലിൽ പിക്കാച്ചുവിന്റെ മുഖം കൊത്തി വച്ചിരിക്കുന്ന ഒരു ചിത്രവും ഇതോടൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നു. അതേസമയം തന്നെ തെരുവുനായകൾക്ക് വേവിച്ച ഭക്ഷണം നൽകാനുള്ള BBMP -യുടെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ പ്രതികരിക്കുന്നുണ്ട്.