ഒറ്റ മത്സരത്തിലും വിജയിച്ചില്ല, എന്നും തോൽവി, എന്നിട്ടും സ്ഥിരോത്സാഹത്തിന്റെ പ്രതീകം, റേസ് കുതിര ഹരു ഉരാര ഇനി ഓർമ്മ

Published : Sep 10, 2025, 02:47 PM IST
 Haru Urara

Synopsis

ഹരു ഉരാരയുടെ കഥ എല്ലാവർക്കും വലിയ പ്രചോദനമാണ്, ഫലം എന്തായിരുന്നാലും നമ്മുടെ യാത്ര സ്ഥിരോത്സാഹത്തോടെ തുടരണമെന്ന് ഓർമ്മിപ്പിക്കുന്നതാണ്.

പങ്കെടുത്ത ഒരു മത്സരത്തിലും വിജയിക്കാതെ തന്നെ പ്രശസ്തയായ ജാപ്പനീസ് റേസ് ഹോഴ്സ് ഹരു ഉരാര 29 -ാം വയസിൽ ജീവൻ വെടിഞ്ഞു. ദ സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് അനുസരിച്ച് 2013 മുതൽ ചിബാ പ്രിഫെക്ചറിലെ മാർത്താ ഫാമിൽ താമസിച്ചുവരികയായിരുന്നു ഹരു ഉരാര എന്ന കുതിര. സെപ്റ്റംബർ 9 -നാണ് മരണം.

1998 -ൽ കുതിരകളുടെ ഓട്ടമത്സര രംഗത്തേക്ക് കടന്നുവന്ന ഹരു ഉരാര, തുടർച്ചയായി 113 മത്സരങ്ങളിൽ പരാജയപ്പെട്ടതിലൂടെ ഒരു ദേശീയ വികാരമായി മാറുകയായിരുന്നു. ഹരു ഉരാരയുടെ നിശ്ചയദാർഢ്യവും പ്രതിരോധശേഷിയും അനേകരുടെ ഹൃദയങ്ങളെ കീഴടക്കി. ഇത് അവളെ ജപ്പാനിൽ സ്ഥിരോത്സാഹത്തിന്റെ പ്രതീകമാക്കി മാറ്റിയെന്നാണ് ദ സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ടിൽ പറയുന്നത്.

അടുത്തിടെ, ഉമാ മസുമെ: പ്രെറ്റി ഡെർബി എന്ന മൊബൈൽ ഗെയിമിൽ ഒരു കഥാപാത്രമായി പ്രത്യക്ഷപ്പെട്ടതോടെ ഹരു ഉരാരയുടെ ജനപ്രീതി കൂടുതൽ വർദ്ധിച്ചു. ലോകമെമ്പാടുമുള്ള ആരാധകർ അവളുടെ കഥയിൽ ആകൃഷ്ടരാകുകയും, മാർത്താ ഫാമിലേക്ക് ദിനംപ്രതി ഹരു ഉരാരയെ കാണാൻ എത്തുന്ന സന്ദർശകരുടെ എണ്ണം അടുത്ത കാലത്തായി വർദ്ധിക്കുകയും ചെയ്തിരുന്നു.

സെപ്റ്റംബർ 8 വരെ ഹരു ഉരാര ആരോഗ്യവതിയായിരുന്നു എന്നും അതിനുശേഷമാണ് വയ്യാതെയായത് എന്നും പരിചാരകയായ യൂക്കോ മിയാഹാര പറഞ്ഞു. ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിലും തൊട്ടടുത്ത ദിവസം മരണപ്പെടുകയായിരുന്നു.

ഹരു ഉരാരയുടെ കഥ എല്ലാവർക്കും വലിയ പ്രചോദനമാണ്, ഫലം എന്തായിരുന്നാലും നമ്മുടെ യാത്ര സ്ഥിരോത്സാഹത്തോടെ തുടരണമെന്ന് ഓർമ്മിപ്പിക്കുന്നതാണ്. പരാജയങ്ങളിൽ തളരാതെ ജീവിതയാത്ര തുടർന്നുകൊണ്ടേയിരിക്കണമെന്ന് ഹരു ഉരാര ജീവിതംകൊണ്ടു കാണിച്ചു തന്നു എന്നാണ് ജപ്പാൻ മാധ്യമങ്ങൾ അവളുടെ മരണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യവേ പ്രതിപാദിച്ചിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്