ജോക്കര്‍ വേഷം ധരിച്ച് ട്രെയിന്‍ കത്തിച്ച യുവാവ് പൊലീസിനോട് പറഞ്ഞത് വിചിത്രമായ കഥ!

By Web TeamFirst Published Nov 2, 2021, 8:00 PM IST
Highlights

എന്തിനാണ് കണ്ണില്‍കണ്ടവരെയെല്ലാം കുത്തിയത്, ജോക്കര്‍ വേഷം ധരിച്ച് ട്രെയിന്‍ കത്തിച്ച യുവാവ് പൊലീസിനോട് പറഞ്ഞത്

''എനിക്കൊരുപാട് പേരെ കൊല്ലണമായിരുന്നു. അതു കഴിഞ്ഞ് വധശിക്ഷയ്ക്ക് വിധേയനാവണമായിരുന്നു.''-പറയുന്നത് ക്യോട്ടോ ഹതൂരി. കഴിഞ്ഞ ദിവസം ജപ്പാനില്‍, ബാറ്റ്മാന്‍ (Batman) സിനിമയിലെ ജോക്കറുടെ വേഷം ധരിച്ചെത്തി ട്രെയിനിന് തീ വെക്കുകയും നിരവധി പേരെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത 24-കാരന്‍. സംഭവം നടന്നതിനു പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്ത ഇയാള്‍ പൊലീസിനോടാണ് തന്റെ ആഗ്രഹം പറഞ്ഞത്. എന്താണ് ഇയാളെ ആക്രമണത്തിന് പ്രേരിപ്പിച്ചത് എന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

ജോലിക്കാര്യത്തിലും സുഹൃത്തുക്കളുടെ കാര്യത്തിലും താന്‍ നിരാശനായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. ഒന്നും നടക്കാതെ വന്നപ്പോഴാണ്, കുറേ പേരെ കൊല ചെയ്ത ശേഷം സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ ഇയാള്‍ തീരുമാനിച്ചത്. അഞ്ചു മാസങ്ങള്‍ക്കു മുമ്പു തന്നെ ഇതിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ജൂണ്‍ മാസം ഇയാള്‍ ജോലി രാജിവെച്ചു. അതിനു ശേഷം താന്‍ താമസിച്ചിരുന്ന ഫുകുവോക്ക നഗരം വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര പോയി. ഒരു മാസം മുമ്പാണ് ഇയാള്‍ ടോക്യോയില്‍ എത്തിയത്. 

ടോക്യോയില്‍ ആണ് ജോക്കര്‍ വേഷത്തിലെത്തിയ ഇയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഹാലോവീന്‍ ആഘോഷത്തിന്റെ ഭാഗമായി വിചിത്രമായ വേഷം ധരിച്ച അനേകം ആളുകള്‍ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ജോക്കറിന്റെ വേഷം ധരിച്ചെത്തിയ ഇയാള്‍ ട്രെയിനിലെ സീറ്റില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തിരക്കുള്ള ട്രെയിനില്‍ ഇരുന്ന ഇയാള്‍ പെട്ടെന്ന് എഴുന്നേറ്റ് കണ്ണില്‍ കണ്ടവരെയെല്ലാം കൈയിലുള്ള കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ 60 വയസ്സുകാരനായ ഒരു യാത്രക്കാരന് സാരമായി പരിക്കേറ്റു. പതിനേഴ് പേര്‍ക്ക് നിസ്സാര പരിക്കേറ്റു.  

അക്രമണത്തിന് ശേഷം ഇയാള്‍ പുറത്തിറങ്ങി കൈയിലുണ്ടായിരുന്ന ഒരു ദ്രാവകം ട്രെയിനിന് ചുറ്റും ഒഴിക്കുകയും ബോഗിക്ക് തീയിടുകയും ചെയ്തു. ബോഗിക്ക് തീ പിടിക്കുന്നത് കണ്ട് യാത്രക്കാര്‍ പരിഭ്രാന്തരായി ഓടി. ചിലര്‍ ജനല്‍വഴി രക്ഷപ്പെടാന്‍ ശ്രമിച്ചു.  ക്യോട്ടോ ഹതൂരിയെ സംഭവ സ്ഥലത്ത് വെച്ച് തന്നെ പൊലീസ് പിടികൂടി. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് തന്റെ വിചിത്രമായ ആഗ്രഹത്തെക്കുറിച്ചും തന്റെ ജീവിത സാഹചര്യത്തെക്കുറിച്ചും ഇയാള്‍ പൊലീസിനോട് പറഞ്ഞത്. 

ആക്രമണ പദ്ധതി ഇട്ടതിനു പിന്നാലെ അതിനുളള ശ്രമങ്ങള്‍ ആരംഭിച്ചതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഓണ്‍ലൈന്‍ വഴി മൂര്‍ച്ചയേറിയ ഒരു കത്തി വാങ്ങുകയായിരുന്നു ആദ്യപടി. പിന്നീട്, തീവണ്ടിക്ക് തീയിടാനുള്ള രാസവസ്തു സംഘടിപ്പിച്ചു. ഹാലോവീന്‍ ആഘോഷത്തിനിടെ ആക്രമണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ മാസങ്ങള്‍ താന്‍ കാത്തിരിക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. 

ടോക്യോ നഗരത്തില്‍ ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് നിരവധി പേര്‍ എത്തുമെന്നറിഞ്ഞാണ് താന്‍ ജോക്കറിന്റെ വേഷം ധരിച്ച് എത്തിയത് എന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ബഹളം ഉണ്ടായാലും ഹാലോവീന്‍ ആഘോഷത്തിന്റെ ഭാഗമായ തമാശ ആയിരിക്കുമെന്ന് ആളുകള്‍ കരുതുമെന്നായിരുന്നു ഇയാളുടെ വിശ്വാസം. മൂന്ന് ട്രെയിനുകള്‍ മാറിമാറിക്കയറിയ ശേഷമാണ്, ആക്രമണം നടത്തിയ ട്രെയിനില്‍ ഇയാള്‍ എത്തിയതെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് പൊലീസ് അന്വേഷണം നടത്തുകയാണ്. 

സംഭവത്തെ തുടര്‍ന്ന് ജപ്പാനില്‍ ട്രെയിനുകള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

click me!