Latest Videos

വവ്വാലിന്റെ കടിയേറ്റ കുഞ്ഞിന് പേവിഷബാധ

By Web TeamFirst Published Nov 2, 2021, 7:53 PM IST
Highlights

കുഞ്ഞിന് പേവിഷബാധ ഉണ്ടായതായും ഇത് മനുഷ്യരില്‍ അപൂര്‍വ്വമാണെന്നും ടെക്‌സസ് ആരോഗ്യ വകുപ്പ് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.  

വവ്വാലിന്റെ ആക്രമണത്തിനിരയായ കുഞ്ഞിന് പേവിഷബാധ കണ്ടെത്തി. മനുഷ്യരില്‍ ഇത് അപൂര്‍വ്വമാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം. 

മധ്യ സാന്‍ അന്‍േറാണിയോയില്‍നിന്നും 37 മൈല്‍ അകലെ മെദിന കൗണ്ടിയില്‍ താമസിക്കുന്ന കുഞ്ഞിനാണ് വവ്വാലിന്റെ കടിയേറ്റത്. ഇതിനെ തുടര്‍ന്ന് കുഞ്ഞ് ടെക്‌സസിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. കുഞ്ഞിന് പേവിഷബാധ ഉണ്ടായതായും ഇത് മനുഷ്യരില്‍ അപൂര്‍വ്വമാണെന്നും ടെക്‌സസ് ആരോഗ്യ വകുപ്പ് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.  

കുഞ്ഞിന്റെ പേരോ പ്രായമോ മറ്റ് വിശദവിവരങ്ങളോ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല. എവിടെവെച്ചാണ് വവ്വാലുകള്‍ കുഞ്ഞിനെ ആക്രമിച്ചത് എന്ന കാര്യവും വ്യക്തമല്ല. കുഞ്ഞുമായി സമ്പര്‍ക്കത്തിലായവരെ പരിശോധനയ്ക്ക് വിധേയമാക്കിയതായും ഇവര്‍ക്ക് കുത്തിവെപ്പ് എടുക്കണോ എന്ന കാര്യം പഠിച്ചുവരികയാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. എന്നാല്‍, കുഞ്ഞിന് എന്ത് ചികില്‍സയാണ് നല്‍കിയതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയില്ല. 

12 വര്‍ഷത്തിനു ശേഷമാണ് ടെക്‌സസില്‍ മനുഷ്യരിലുള്ള പേവിഷ ബാധ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് വാര്‍ത്താ കുറിപ്പ് വിശദമാക്കുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം 600 മൃഗങ്ങളില്‍ പേവിഷ ബാധ കണ്ടെത്തിയിരുന്നു. ഇതില്‍ കൂടുതലും വവ്വാലുകള്‍ ആയിരുന്നു. പേ പിടിച്ച മൃഗങ്ങളുടെ കടിയേറ്റാലാണ് സാധാരണ മനുഷ്യരില്‍ പേവിഷ ബാധ വരുന്നത്. പേ പിടിച്ച മൃഗങ്ങളുടെ ഉമിനീര്‍ കണ്ണ്, മൂക്ക്, വായ, തൊലിയിലെ മുറിവ് എന്നിവയിലൂടെ അകത്തുചെന്നാലും പേവിഷബാധയുണ്ടാവാമെന്ന് വാര്‍ത്താ കുറിപ്പ് വിശദീകരിക്കുന്നു. പേവിഷം അകത്തുചെന്നാല്‍ അത് കേന്ദ്ര നാഡിവ്യവസ്ഥയെ ബാധിക്കുകയും മസ്തിഷ്‌ക രോഗങ്ങള്‍ക്കും മരണത്തിനും കാരണമാവുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 

click me!