ആദ്യം യാസിൻ മാലിക്, ഇപ്പോളിതാ ജാവേദ് മീർ - 1990-ലെ കശ്മീർ വ്യോമസേനാ രക്തസാക്ഷികൾക്ക് നീതി കിട്ടിത്തുടങ്ങിയോ?

By Web TeamFirst Published Oct 19, 2019, 3:55 PM IST
Highlights

എൺപതുകളുടെ അവസാനത്തോടെ  പാക് അധീന കശ്മീരിൽ ചെന്ന് തീവ്രവാദപരിശീലനം നേടി തിരിച്ചുവന്ന  യാസീൻ മാലികിനെയും ജാവേദ് മീറിനെയും പോലുള്ളവരാണ് തൊണ്ണൂറുകളിൽ കശ്മീരിൽ അശാന്തിയുടെ വിത്തുകൾ വിതച്ചത്. 

'നൽക' എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന ജാവേദ് മീർ ഒരു കൊടുംഭീകരനാണ്. ജെകെഎൽഎഫ് എന്ന നിരോധിത സംഘടനയുടെ പ്രവർത്തകനായ ജാവേദ് കഴിഞ്ഞ ഇരുപത്തൊമ്പതു വർഷമായി പിടികിട്ടാപ്പുള്ളിയാണ്. എൺപതുകളുടെ അവസാനത്തോടെ  പാക് അധീന കാശ്മീരിൽ ചെന്ന് തീവ്രവാദപരിശീലനം നേടി തിരിച്ചുവന്ന യാസീൻ മാലികിനെയും ജാവേദ് മീറിനെയും പോലുള്ളവരാണ് തൊണ്ണൂറുകളിൽ കാശ്മീരിൽ അശാന്തിയുടെ വിത്തുകൾ വിതച്ചത്. പാകിസ്ഥാനിൽ നിന്നും മറ്റു പല വിദേശരാജ്യങ്ങളിൽനിന്നും ഒക്കെ ഫണ്ടുകൾ സ്വീകരിച്ചുകൊണ്ട് താഴ്‌വരയിൽ നിരവധി കുറ്റകൃത്യങ്ങൾക്ക് ചുക്കാൻ പിടിച്ചതും അവർ തന്നെയാണ്. 1990 -ൽ  ഇന്ത്യൻ എയർഫോഴ്‌സിന്റെ സ്ക്വാഡ്രൺ ലീഡർ രവി ഖന്ന അടക്കം നാലുപേരെ വെടിവെച്ചുകൊന്ന കേസിൽ പൊലീസ് തേടിക്കൊണ്ടിരിക്കുന്ന പ്രതികളിൽ ഒരാളായ  ജാവേദ് മീറിനെ സിബിഐ ഒക്ടോബർ 16 -നാണ് അറസ്റ്റു ചെയ്തത്. ഒക്ടോബർ 23 -ന് കോടതി ഇതേ കേസിൽ ജാവേദിനെ വിസ്തരിച്ചുതുടങ്ങും.

1990  ജനുവരി 25 -ന്, റിപ്പബ്ലിക് ദിനത്തിന്റെ തലേദിവസം കാശ്മീരിൽ വന്നിറങ്ങിയതായിരുന്നു വ്യോമസേനയുടെ സംഘം. നാല്പതോളം പേർ, വ്യോമസേനാ ആസ്ഥാനത്തുനിന്നും ഒരു ബസ് അവരെ കൊണ്ടുപോകാൻ വരുന്നതും കാത്ത് നിൽക്കുകയായിരുന്നു. അതിനിടയിലാണ് ബൈക്കുകളിൽ വന്ന ഭീകരസംഘം നിരായുധരായ വ്യോമസേനാംഗങ്ങൾക്കുനേരെ യന്ത്രത്തോക്കുകളാൽ വെടിയുതിർക്കുന്നത്. നിമിഷനേരം കൊണ്ട് നിരവധിപേർ വെടിയേറ്റുവീണു. അക്കൂട്ടത്തിൽ സ്ക്വാഡ്രൺ ലീഡർ രവി ഖന്ന, കോർപ്പറൽ ഡിബി സിങ്, കോർപ്പറൽ ഉദയ് ശങ്കർ, എയർമാൻ അജാദ് അഹ്‌മദ്‌ എന്നിവർ കൊല്ലപ്പെട്ടു. ആ ആക്രമണത്തിൽ ഇന്നുവരെ കോടതിയിൽ വിചാരണ തുടങ്ങാനായിരുന്നില്ല.  

ആക്രമണത്തെത്തുടർന്നു നടന്ന പൊലീസ് അന്വേഷണത്തിൽ നിരവധി ദൃക്‌സാക്ഷികൾ  യാസിൻ മലിക് അടക്കമുള്ള അക്രമണസംഘത്തിലെ പലരെയും തിരിച്ചറിഞ്ഞു. തുടരന്വേഷണം നടത്തിയ സിബിഐ ടാഡ ചുമത്തി, കുറ്റപത്രവും സമർപ്പിച്ചിരുന്നു അന്ന്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി മാറിമാറി വന്ന സർക്കാരുകളുടെ ഭാഗത്തുനിന്നും ഈ കേസ് മുന്നോട്ടു കൊണ്ടുപോകുന്ന കാര്യത്തിൽ തികഞ്ഞ ഉദാസീനമനോഭാവമാണ്  ഉണ്ടായിട്ടുള്ളത്. 
 
ഏറെനാളത്തെ കാലതാമസത്തിനുശേഷം, പുൽവാമ ആക്രമണം ഉണ്ടായപ്പോഴാണ് വിചാരണയ്ക്കും അന്വേഷണത്തിനും ഒക്കെ വീണ്ടും ചൂടുപിടിക്കുന്നത്. സർജിക്കൽ സ്ട്രൈക്കുകളും മറ്റും നടത്താൻ ഇന്ത്യയ്ക്ക് വ്യോമസേനയുടെ പിന്തുണ കാര്യമായി ഉണ്ടായിരുന്ന പശ്ചാത്തലത്തിലാണ് ഈ പഴയ കേസിൽ നീതി നടപ്പിലാക്കണം എന്നുള്ള മുറവിളി വ്യോമസേനയുടെ ഭാഗത്തു നിന്ന് വീണ്ടും ഉയർന്നതും ആ ദിശയിൽ കാര്യങ്ങൾ പുരോഗമിച്ചതും. ഇതേത്തുടര്‍ന്ന് നടത്തിയ നിയമനീക്കത്തിലാണ് 2019  ഏപ്രിൽ മാസം 2007 -ലെ ഏർപ്പെടുത്തിയ സ്റ്റേ കോടതി നീക്കുന്നതും, എൻഐഎ പഴയ മറ്റൊരു കേസിൽ യാസീൻ മലിക്കിനെ അറസ്റ്റുചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുന്നതും. ഭീകരവാദികൾക്ക് ധനം സമാഹരിച്ചുനൽകി എന്ന പേരിൽ എൻഐഎയാണ് മലിക്കിനെ കസ്റ്റഡിയിലെടുത്തത്. എൻഐഎ നടത്തിയ തുടരന്വേഷണങ്ങളാണ് ഇപ്പോൾ സിബിഐ മുഖാന്തിരം ജാവേദ് മീർ എന്ന മറ്റൊരു പ്രതിയുടെ അറസ്റ്റിലും കലാശിച്ചിരിക്കുന്നത്. 

വാർ മെമ്മോറിയലിൽ ഉൾപ്പെടാതെ പോയിരുന്ന സ്ക്വാഡ്രൺ ലീഡർ രവി ഖന്നയടക്കമുള്ള അന്നത്തെ രക്തസാക്ഷികളുടെ പേരുകൾ അവിടെ ആലേഖനം ചെയ്യപ്പെടുന്നത് ഈയടുത്താണ്. അതുപോലെ, പതിറ്റാണ്ടുകളായി കശ്മീർ രാഷ്ട്രീയത്തിലെ തന്റെ സ്വാധീനം പ്രയോജനപ്പെടുത്തിക്കൊണ്ട് വിചാരണയിൽ നിന്ന് രക്ഷപ്പെട്ടു നടന്നിരുന്ന യാസീൻ മാലികും ജാവേദ് മീറും അടക്കമുള്ളവർ ഇതാ ഇപ്പോൾ വിചാരണയെ നേരിടാൻ പോവുകയാണ്. 

click me!