ദേശീയ പൗരത്വ രജിസ്റ്റർ കോർഡിനേറ്റർ പ്രതീക് ഹജേലയെ അസമിൽ നിന്ന് നാടുകടത്തിയത് എന്തിന്?

By Web TeamFirst Published Oct 19, 2019, 1:13 PM IST
Highlights

ബിജെപി വൃത്തങ്ങൾ സുപ്രീം കോടതിയുടെ ഈ സ്ഥലംമാറ്റ ഉത്തരവിനെ തങ്ങളുടെ നിലപാടുകളുടെ വിജയം എന്നാണ് കണക്കാക്കുന്നത്. "NRC നടപ്പിലാക്കുന്നതിൽ ഹജേല അമ്പേ പരാജയപ്പെട്ടു എന്ന് ഞങ്ങൾ എത്രയോ കാലമായി പറഞ്ഞുകൊണ്ടിരിക്കുന്നു. അതിപ്പോൾ സുപ്രീം കോടതിയും സമ്മതിച്ചിരിക്കുന്നു. കണ്ടില്ലേ..? 

'ആരാണ് ഇന്ത്യൻ പൗരൻ, ആരാണ് നുഴഞ്ഞുകയറ്റക്കാരനായ വിദേശി?' അസമിൽ ആദ്യമായി ഇങ്ങനെ ഒരു ചോദ്യമുയരുന്നതും പുരികക്കൊടികൾ ചുളിയുന്നതും 1931 -ൽ ബ്രിട്ടീഷ് സെൻസസ് കമ്മീഷണറായ സിഎസ് മുള്ളൻ 'ഭൂമോഹികളായ ബംഗാളികൾ ആസാമിലേക്ക് നുഴഞ്ഞുകയറുന്നതിനെ'പ്പറ്റി ഒരു ലേഖനമെഴുതുന്നതോടെയാണ്. അസമിലെ ജനങ്ങളുടെ പൊതുജീവിതത്തെയും രാഷ്ട്രീയസാഹചര്യങ്ങളെയും എന്നെന്നേക്കുമായി തിരുത്തിക്കുറിക്കാൻ പോന്നതായിരുന്നു ആ പ്രബന്ധം. അത് തുറന്നുവിട്ട കൊടുങ്കാറ്റുകൾ അസമിന്റെ മണ്ണിൽ കലാപക്കൊടികളുയർത്തി, ആ മണ്ണിൽ ചോരവീഴ്ത്തി.

ഈ ലേഖനം പ്രസിദ്ധീകൃതമായതിന് എട്ടുപതിറ്റാണ്ടുകൾക്കിപ്പുറം, 2015 -ൽ പ്രതീക് ഹജേല എന്ന മധ്യപ്രദേശ് കേഡർ ഐഎഎസ്സുകാരനെ, അസമിലെ 'നുഴഞ്ഞുകയറ്റ' പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരമുണ്ടാക്കാൻ ചുമതലപ്പെടുത്തിക്കൊണ്ട് സുപ്രീം കോടതി ഉത്തരവായി. അദ്ദേഹം 1951 -ലെ സെൻസസിലെ പ്രസിദ്ധീകൃതമായിരുന്ന ദേശീയ പൗരത്വ രജിസ്റ്റർ ( National Register ഓഫ് Citizens or NRC) കാലാനുസൃതമായി പരിഷ്കരിക്കാൻ ഇറങ്ങിപ്പുറപ്പെട്ടു. ബംഗ്ലാദേശ് എന്ന രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ 1971  മാർച്ച് 24 -ന് അർധരാത്രിക്ക് മുമ്പ് ഇന്ത്യയിലേക്ക് വന്നിട്ടുള്ളവർ അല്ലെങ്കിൽ ഇന്ത്യയിൽ ഉണ്ടായിരുന്നവർ എല്ലാം തന്നെ ഇന്ത്യൻ പൗരന്മാരാണ് എന്ന സങ്കല്പത്തിൽ ഊന്നിയതാണ് NRC യുടെ അസ്തിത്വം.

ആ പ്രാഥമിക സങ്കല്പത്തിന്റെ അടിസ്ഥാനത്തിൽ, അസമിൽ ഇന്ന് കഴിഞ്ഞുപോരുന്ന ജനങ്ങളെ ഈ പട്ടികയിൽ ഉൾപ്പെടുത്താൻ വേണ്ടി വളരെ വലിയ തോതിലുള്ള ഒരു പ്രവർത്തനത്തിന് തുടക്കമായി. ജനങ്ങളോട് അവർ ഇന്ത്യൻ പൗരന്മാരാണെന്ന് തെളിയിക്കുന്ന രേഖകളുമായി ഹാജരാകാൻ സർക്കാർ നിർദേശിച്ചു. പൗരന്മാർ കൊണ്ടുവരുന്ന രേഖകൾ പരിശോധിച്ച് അവരുടെ പൗരത്വം ഉറപ്പിച്ച ശേഷം, പ്രസ്തുത രജിസ്റ്ററിൽ അംഗത്വം നൽകാൻ നിർദേശം വന്നു. നിരവധി തവണ കാലാവധി നീട്ടി നീട്ടി, ഒടുവിൽ സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്ന് NRC -യിൽ പേര് രജിസ്റ്റർ ചെയ്യപ്പെടേണ്ട അവസാന തീയതി 2019 ഓഗസ്റ്റ് 31 എന്ന് നിജപ്പെടുത്തപ്പെട്ടു. ആ തീയതിയും കഴിഞ്ഞു. അതോടെ രണ്ടുലക്ഷത്തിൽപരം പേർ ഇന്ത്യൻ പൗരന്മാരല്ല എന്ന അവസ്ഥ സംജാതമായി.

ഹജേലയുടെ കാർമ്മികത്വത്തിൽ നടന്ന NRC രജിസ്റ്റർ അപ്പ്ഡേഷൻ എന്ന ഈ അഭ്യാസം അദ്ദേഹത്തിന് നൽകിയ കുപ്രസിദ്ധി ചില്ലറയൊന്നുമല്ലായിരുന്നു. നിരവധിപേരുടെ കണ്ണിലെ കരടാണ് ഈ സിവിൽ സർവീസ് ഉദ്യോഗസ്ഥനിന്ന്. അസമിലെ ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭംഗമുണ്ടാക്കി എന്നാണ് പലരും പറയുന്നത്. തുടക്കം മുതൽ NRC -യെ പിന്തുണച്ചിരുന്ന ബിജെപി പോലും ഇന്ന് ഹജേലയ്ക്കെതിരെ തിരിഞ്ഞിരിക്കുന്ന അവസ്ഥയാണുള്ളത്. ഇതിനിടയിലും, ഒരു വിവാദങ്ങൾക്കും നിൽക്കാതെ ഹജേല തികഞ്ഞ മൗനത്തിലായിരുന്നു.

എന്നാൽ, ഒക്ടോബർ 18 -ന് പ്രഭാതം പൊട്ടിവിടർന്നത്, പത്രങ്ങളിൽ ഹജേലയുടെ പേരും കൊണ്ടാണ്. ഹജേലയെ എത്രയും പെട്ടെന്ന് മധ്യപ്രദേശിലേക്ക് സ്ഥലം മാറ്റാൻ സുപ്രീം കോടതി ഉത്തരവായിരിക്കുന്നു.  സുപ്രീം കോടതിയുടെ പക്ഷത്തുനിന്നും ഇങ്ങനെ ഒരു ഇടപെടൽ തീർത്തും അപ്രതീക്ഷിതമായിരുന്നു എന്നുവേണം പറയാൻ. ഇങ്ങനെ ഒരു ഉത്തരവിന് വിശേഷിച്ച് ഒരു കാരണവും ചൂണ്ടിക്കാണിക്കാതിരുന്ന കോടതി, "ഒരുത്തരവും അകാരണമായി പുറപ്പെടുവിക്കപ്പെടില്ല" എന്നുമാത്രം പറഞ്ഞു.

"ഹജേലയുടെ ജീവന് ഭീഷണിയുള്ളതുകൊണ്ടാണ് ഈ അടിയന്തര നടപടി" എന്ന് രഹസ്യവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇടയ്ക്കിടെ ഭീഷണി സന്ദേശങ്ങൾ കിട്ടാറുണ്ട് എങ്കിലും, ഹജേലയുടെ സുരക്ഷക്ക് ഒരു കുറവും വരുത്തിയിട്ടില്ല എന്ന് അസം പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ Scroll.in-നോടും പറഞ്ഞു. പല മന്ത്രിമാരെക്കാളും കൂടുതൽ സുരക്ഷാ ഹജേലക്ക് നല്കിയിട്ടുണ്ടത്രെ. എന്നാൽ, സ്ഥലംമാറ്റ വിഷയത്തിൽ ഇതുവരെ ഹജേലയുടെ ഒരു പ്രതികരണവും ലഭ്യമായിട്ടില്ല.

എന്നും ഒരു വിവാദനായകൻ, ഹജേല..!

കഴിഞ്ഞ കുറേ വർഷങ്ങളായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും, വിവിധ രാഷ്ട്രീയ പാർട്ടികളുടെയും, മീഡിയയുടെയും ഒക്കെ വിമർശനങ്ങൾക്ക് വിധേയനാണ് ഹജേല. NRC യിലെ ക്രമക്കേടുകളുടെ പേരിൽ ഹജേലയുടെ പേരിൽ രണ്ടു കേസുകളും ചാർജ്ജ് ചെയ്യപ്പെട്ടിട്ടുണ്ട്. ഹിന്ദുക്കൾക്കെതിരെ നിലപാടെടുത്തു എന്ന് ബിജെപി പോലും ഹജേലയെ വിമർശിക്കുന്നു. ദുർഗാ പൂജയ്ക്കിടെ മഹാരാഷ്ട്രയിലെ ഒരു സംഘടന ഹജേലയെ മഹിഷാസുരനായും ചിത്രീകരിക്കുകയുണ്ടായി. അദ്ദേഹത്തെ പ്രതിസ്ഥാനത്തു നിർത്തിക്കൊണ്ടുള്ള വാട്സാപ്പ് സന്ദേശങ്ങളുടെ പെരുമഴയാണ് ഇന്ന്. ഒരു റോഹിംഗ്യനെ ഇന്ത്യൻ പൗരത്വം നൽകി രജിസ്റ്ററിൽ ഉൾപ്പെടുത്തി എന്നത് ഹജേലയ്ക്കുമേൽ ബിജെപി ഉന്നയിക്കുന്ന മറ്റൊരു ആരോപണമാണ്. 

ബിജെപി വൃത്തങ്ങൾ സുപ്രീം കോടതിയുടെ ഈ സ്ഥലംമാറ്റ ഉത്തരവിനെ തങ്ങളുടെ നിലപാടുകളുടെ വിജയം എന്നാണ് കണക്കാക്കുന്നത്. "NRC നടപ്പിലാക്കുന്നതിൽ ഹജേല അമ്പേ പരാജയപ്പെട്ടു എന്ന് ഞങ്ങൾ എത്രയോ കാലമായി പറഞ്ഞുകൊണ്ടിരിക്കുന്നു. അതിപ്പോൾ സുപ്രീം കോടതിയും സമ്മതിച്ചിരിക്കുന്നു. കണ്ടില്ലേ..? എന്തായാലും ഹജേലക്ക് തടി കഴിച്ചിലാക്കാനുള്ള ഒരു വഴിയായി ഈ ഉത്തരവ്" എന്നാണ് അസമിലെ സിൽചറിൽ നിന്നുള്ള ബിജെപി എംപി രാജ്ദീപ് റോയ് പറഞ്ഞത്." ഹജേല കോടിക്കണക്കിന് രൂപ പാഴാക്കി, ലക്ഷക്കണക്കിന് പേരെ ഉപദ്രവിക്കുകയും ചെയ്തു. ഇത് എവിടെയെങ്കിലും ഒന്ന് ചെന്നവസാനിക്കണമായിരുന്നല്ലോ... ഇങ്ങനെ കഴിഞ്ഞത് ഒരർത്ഥത്തിൽ നന്നായി" എന്ന് മറ്റൊരു ബിജെപി നേതാവ് ശന്തനു നായിക് പറഞ്ഞു.

സുപ്രീം കോടതിയുടെ ഉത്തരവ് അപ്രതീക്ഷിതമായ ഒന്നായിരുന്നു എന്ന് സംസ്ഥാന സർക്കാരും പറഞ്ഞുവെങ്കിലും ഉത്തരവിനെ അവരും സ്വാഗതം ചെയ്യുന്നുണ്ട്. ഹജേലയ്ക്കെതിരെ പലപ്പോഴും സംസ്ഥാന ഗവണ്മെന്റ് സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായിട്ടുണ്ട്. അസം-മേഘാലയ കേഡറിലുള്ള ഹജേലക്ക് ഒരു ഇന്റർ കേഡർ ട്രാൻസ്ഫറിലൂടെ മാത്രമേ മധ്യപ്രദേശ് കേഡറിലേക്ക് പോകാനാവൂ. അതിനുവേണ്ട നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാകും എന്ന് സംസ്ഥാന സർക്കാർ പറഞ്ഞു.

NRC -യിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെ പരാതികൾ പരിഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നതേയുള്ളൂ. ഈ ഘട്ടത്തിൽ, അപ്പ്ഡേഷന്റെ തുടക്കം മുതൽ അതിന്റെ അമരക്കാരനായിരുന്ന, അതേപ്പറ്റി ആഴത്തിലുള്ള പഠനങ്ങൾ നടത്തിയിട്ടുള്ള പ്രതീക് ഹജേല എന്ന ഐഎഎസ് ഉദ്യോഗസ്ഥനെ പ്രസ്തുത പ്രക്രിയ പൂർത്തീകരിക്കും മുമ്പ് സ്ഥലംമാറ്റിയത് NRC -യിൽ നിന്ന് ഒഴിവാക്കപ്പെട്ട ലക്ഷക്കണക്കിന് പേർക്ക് അത്ര നല്ല വാർത്തയല്ല എന്നാണ് പൊതുവേ പറയപ്പെടുന്നത്.

click me!