Jessa Dillow Crisp : കുട്ടിയായിരുന്നപ്പോൾ വീട്ടുകാർ തന്നെ ലൈംഗികാടിമയാക്കി വിറ്റു, കൊടുംപീഡനം, ഇന്ന് സംരക്ഷക

By Web TeamFirst Published Jan 25, 2022, 12:53 PM IST
Highlights

കാനഡയിലും, യുഎസ്എ -യുടെ അതിർത്തിക്കപ്പുറവും താൻ കടത്തപ്പെട്ടതായി അവൾ പറയുന്നു. സഹായത്തിനായി ആരെയെങ്കിലും സമീപിക്കാൻ അവൾ ഭയന്നു. പരാതിയുമായി പൊലീസിനെ സമീപിക്കാൻ അവൾ ആശങ്കപ്പെട്ടു. കാരണം അവളെ പീഡിപ്പിക്കുന്നവരിൽ പൊലീസുകാരും ഉൾപ്പെട്ടിരുന്നു. 

മനുഷ്യക്കടത്ത് അതിജീവിച്ച ഒരു ആക്ടിവിസ്റ്റാണ് ജെസ്സ ഡില്ലോ ക്രിസ്പ്(Jessa Dillow Crisp). കുട്ടിയായിരുന്നപ്പോൾ തന്നെ ലൈംഗിക അടിമയാക്കപ്പെട്ടവൾ. ലൈംഗിക തൊഴിലിലേക്ക് അവളെ തള്ളിവിട്ടതോ സ്വന്തം വീട്ടുകാരും. ഒടുവിൽ തന്റെ 21 -ാം വയസ്സിൽ ആ കനേഡിയൻ യുവതി(Canadian woman) പീഡനത്തിന്റെ തടവറയിൽ നിന്ന് രക്ഷപ്പെട്ടു. സ്കൂളിൽ പോയി, പഠിച്ചു. ക്ലിനിക്കൽ മെന്റൽ ഹെൽത്ത് കൗൺസിലിംഗിൽ എംഎ ബിരുദം നേടി. ഇന്ന് വിവാഹിതയായ അവൾ മനുഷ്യക്കടത്ത് തടയാൻ പ്രവർത്തിക്കുന്ന ബ്രിഡ്ജ്ഹോപ്പിന്റെ സഹസ്ഥാപകയും സിഇഒയുമാണ്.  

ഒരു ചെറിയ പെൺകുട്ടിയായിരുന്നപ്പോൾ തന്നെ ജെസ്സിയെ സ്വന്തം കുടുംബാംഗങ്ങൾ തന്നെ പീഡിപ്പിക്കുകയും അപരിചിതരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ വിൽക്കുകയും ചെയ്തു. ഇത് കൂടാതെ കുട്ടികളുടെ പോണോഗ്രാഫർമാർ അവളുടെ ചിത്രങ്ങൾ എടുത്തു. അവളെ സ്കൂളിൽ പോകാൻ അവർ അനുവദിച്ചിരുന്നില്ല. പകരം ടൊറന്റോയ്ക്ക് സമീപമുള്ള മോട്ടലുകളിലും വേശ്യാലയങ്ങളിലുമായിരുന്നു അവൾ ദിനവും പോയിരുന്നത്. "എന്റെ കിടപ്പുമുറിയുടെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയാൽ, അടുത്തുള്ള വിദ്യാലയം കാണാമായിരുന്നു. ജനാലക്കരികിൽ നിൽക്കുമ്പോഴെല്ലാം, ഞാൻ ആ സ്കൂളിലേയ്ക്ക് തന്നെ നോക്കി നിൽക്കും. അവിടെ കുട്ടികൾ കളിക്കുന്നത് എനിക്ക് കാണാമായിരുന്നു. അവർക്കൊപ്പം കളിക്കാനും, ക്ലാസ് മുറികളിൽ ഇരുന്ന് പഠിക്കാനും ഞാൻ ആഗ്രഹിച്ചു" അവൾ പറഞ്ഞു. എന്നാൽ, അവൾക്ക് ചുറ്റുമുള്ളവർ അവളെ ഒന്നിനും കൊള്ളില്ലെന്നും, സെക്സിന് മാത്രമേ ഉപകരിക്കൂവെന്നും പറഞ്ഞുകൊണ്ടിരുന്നു. അവളും അത് വിശ്വസിച്ചു.

കുറച്ച് കൂടി വലുതായപ്പോൾ അവൾ പകൽ സമയത്ത് ഒരു ഹോട്ടലിൽ ജോലി ചെയ്യാൻ നിർബന്ധിതയായി. രാത്രിയിൽ ഒരു ലൈംഗികത്തൊഴിലാളിയായി വിൽക്കപ്പെടുകയും ചെയ്തു. കാനഡയിലും, യുഎസ്എ -യുടെ അതിർത്തിക്കപ്പുറവും താൻ കടത്തപ്പെട്ടതായി അവൾ പറയുന്നു. സഹായത്തിനായി ആരെയെങ്കിലും സമീപിക്കാൻ അവൾ ഭയന്നു. പരാതിയുമായി പൊലീസിനെ സമീപിക്കാൻ അവൾ ആശങ്കപ്പെട്ടു. കാരണം അവളെ പീഡിപ്പിക്കുന്നവരിൽ പൊലീസുകാരും ഉൾപ്പെട്ടിരുന്നു. ഈ സംഭവങ്ങളെല്ലാം എപ്പോഴെങ്കിലും പുറത്ത് പറഞ്ഞാൽ ജയിലിൽ പോകുമെന്ന് അവർ അവളെ ഭീഷണിപ്പെടുത്തി.  

എന്നാലും, അവൾ രക്ഷപ്പെടാനുള്ള വഴികൾ ആലോചിച്ചുകൊണ്ടിരുന്നു. ഒടുവിൽ 2010 -ൽ, യുഎസ്സിൽ ഒരു സംരക്ഷണ ഭവനം നടത്തിയിരുന്ന ഒരു സ്ത്രീയുടെ സഹായത്തോടെ അവൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞു. ടൂറിസ്റ്റ് വിസയിൽ അമേരിക്കയിൽ പ്രവേശിച്ച അവൾക്ക് 6 മാസത്തിന് ശേഷം വിസയുടെ കാലാവധി കഴിഞ്ഞപ്പോൾ എന്നാൽ കാനഡയിലേക്ക് മടങ്ങേണ്ടി വന്നു. അവൾ തിരികെ എത്തി വാൻകൂവറിൽ താമസമാക്കി. കാരണം അത് അവളുടെ കുടുംബത്തിൽ നിന്ന് വളരെ അകലെയുള്ള ഒരിടമായിരുന്നു. വാൻകൂവറിലെ ഒരു സംരക്ഷണ ഭവനത്തിൽ അവൾ പ്രവേശിച്ചു. അവിടെ വച്ചാണ് വേഷം മാറിയ ഒരു പെൺപിമ്പുമായി അവൾ സൗഹൃദത്തിലായത്. ആ സ്ത്രീയൊരു പിമ്പാണെന്ന് അറിയാതെ ജെസ്സ അവരോട് അടുത്തു. അവർ ഒരുമിച്ച് ഹോക്കി കണ്ടു, അത്താഴത്തിന് പോയി, അടുത്ത സുഹൃത്തുക്കളായി. "അവൾ എന്നോട് വലിയ സ്നേഹം നടിച്ചു. ഞാൻ അത് കണ്ണുമടച്ച് വിശ്വസിച്ചു. എന്നാൽ ചതിയായിരുന്നു. ഒരു രാത്രി, ഹോക്കി കാണാൻ അവൾ എന്നെ അവളുടെ അപ്പാർട്ട്മെന്റിലേക്ക് ക്ഷണിച്ചു. എന്നാൽ അവിടെ വച്ച് ഞാൻ കൂട്ടബലാത്സംഗത്തിന് ഇരയായി. അവൾ എന്നെ തകർത്തു" ജെസ്സ പറഞ്ഞു. 2010 -ലെ വിന്റർ ഒളിമ്പിക്‌സിൽ വച്ച് ആ സ്ത്രീ ജെസ്സയെ വിറ്റു.  

എന്നാൽ, പക്ഷേ അവിടെ നിന്ന് രക്ഷപ്പെടാൻ അവൾക്കായി. 2010 ഏപ്രിൽ 16 -ന് പുതിയ വിസ ലഭിക്കാനും യു.എസിലേക്ക് മടങ്ങാനും അവളെ ആദ്യം സഹായിച്ച യുഎസിലെ അതേ സംരക്ഷണ ഭവനത്തിലേക്ക് ഒരിക്കൽ കൂടി എത്താനും അവൾക്ക് കഴിഞ്ഞു. അവിടെ വച്ച് ജെസ്സ കോളേജിൽ ചേർന്ന് പഠിക്കാൻ തുടങ്ങി. വിദ്യാർത്ഥിയായിരിക്കുമ്പോൾ, അവൾ തന്റെ ഭാവി ഭർത്താവ് ജോണിനെ കണ്ടുമുട്ടി. 2015 ജൂണിൽ ഇരുവരും വിവാഹിതരായി. 2017 -ൽ, അവളും അവളുടെ ഭർത്താവും ചേർന്ന് ബ്രിഡ്ജ്ഹോപ്പ് സ്ഥാപിച്ചു. ഇന്ന് അവൾ ലോകമെമ്പാടും അവളുടെ അതിജീവനത്തിന്റെ കഥ പറയുന്നു. അഭിഭാഷകരെയും നിയമപാലകരെയും മെഡിക്കൽ വിദ്യാർത്ഥികളെയും ഒപ്പം കൂട്ടി അതിജീവിതകളെ തിരിച്ച് ജീവിതത്തിലേയ്ക്ക് കൊണ്ടുവരാൻ സഹായിക്കുന്നു. "ഏകദേശം 12 വർഷമായി ഞാൻ സ്വതന്ത്രയാണ്. എന്നിട്ടും ഇപ്പോഴും എന്റെ വേദനയുടെ ആഴം കുറയുന്നില്ല. പലപ്പോഴും ഉറക്കത്തിൽ ഞാൻ വിൽക്കപ്പെടുന്നതായി സ്വപ്‍നം കണ്ട് ഞെട്ടി എഴുന്നേൽക്കുന്നു" അവൾ പറഞ്ഞു.  

click me!