നീളന്‍മുടിയും താടിയും? ശരിക്കും യേശുവിന്‍റെ രൂപം ഇതാണോ? പഠനങ്ങള്‍ പറയുന്നത്...

By Web TeamFirst Published Jan 3, 2020, 4:06 PM IST
Highlights

അതിൽ അദ്ദേഹം ഇങ്ങനെ പറയുന്നു, “നീളമുള്ള വസ്ത്രങ്ങളിൽ നടക്കുന്ന, വ്യാപാര സ്ഥലങ്ങളിൽ അഭിവാദ്യം വാങ്ങുന്ന, പള്ളികളിലും, വിരുന്നുകളിലും ഏറ്റവും പ്രധാനപ്പെട്ട ഇരിപ്പിടങ്ങളെ കരസ്ഥമാക്കാൻ ആഗ്രഹിക്കുന്ന എഴുത്തുകാരെ സൂക്ഷിക്കുക."

നൂറ്റാണ്ടുകളായി, നമ്മൾ കണ്ടു ശീലിച്ച യേശുക്രിസ്‍തുവിന്റെ രൂപത്തിന് നീളമുള്ള മുടിയും, താടിയും, വെളുത്ത നീളൻ കുപ്പായവും, നീലക്കണ്ണുകളുമാണുള്ളത്. നമ്മൾ കണ്ടു ശീലിച്ച രൂപം തന്നെയാണോ യഥാർത്ഥത്തിൽ യേശുവിനുണ്ടായിരുന്നത്? അല്ലെന്നാണ് പറയുന്നത്. കാരണം ബൈബിളിൽ യേശുവിന്റെ രൂപം എങ്ങും വിവരിക്കുന്നില്ല. യഥാർത്ഥത്തിൽ നമ്മളീ കാണുന്ന യേശുവല്ല യേശു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. നമ്മൾ കണ്ടുശീലിച്ച യേശുവിന്റെ രൂപം വാസ്തവത്തിൽ ബൈസന്‍റൈൻ കാലഘട്ടത്തിലെ സൃഷ്‍ടിയാണ്.

ഇന്നത്തെ യേശുവിന്റെ രൂപം യഥാർത്ഥത്തിൽ ഗ്രീക്ക്-റോമൻ ദേവന്‍റെ പ്രതിച്ഛായയെ അടിസ്ഥാനമാക്കി സൃഷ്ടിക്കപ്പെട്ടതാണ്. ഗ്രീസിലെ ഒളിമ്പിയയിലെ സ്യൂസ് ക്ഷേത്രത്തിനകത്താണ് നീളമുള്ള മുടിയും, താടിയുമുള്ള സിയൂസിന്റെ കൂറ്റൻ പ്രതിമ കാണാവുന്നതാണ്. ആ സ്യൂസിന്റെ രൂപത്തിലാണ് യേശുവിനെ ആ കാലഘട്ടത്തിലെ കലാകാരന്മാർ ചിത്രീകരിച്ചത്. പിന്നീടുള്ള കാലങ്ങളിൽ അത് പിന്തുടർന്ന് പോരുകയായിരുന്നു. നീളമുള്ള മുടിയും, താടിയും ദൈവികതയുടെ അടയാളമായിട്ടാണ് അന്നത്തെ കാലത്ത് കണ്ടിരുന്നത്. ഒന്നാം നൂറ്റാണ്ടിലെ രാജാക്കന്മാർക്ക് നീളമുള്ള മുടിയുണ്ടായിരുന്നു. ക്രിസ്‍തുവിന്റെ സ്വർഗ്ഗീയ ഭരണത്തെ സൂചിപ്പിക്കാനായി ബൈസന്‍റൈൻ കലാകാരന്മാർ അദ്ദേഹത്തെ നീളമുള്ള മുടിയോടുകൂടി കുറച്ചുകൂടി ചെറുപ്പമായ സ്യൂസിന്റെ പ്രതിരൂപത്തിൽ വരയ്ക്കുകയായിരുന്നു.

എന്നാൽ, ആദ്യകാല ക്രിസ്ത്യാനികൾ, ക്രിസ്‍തുവിനെ താടിയില്ലാതെ മുടിനീട്ടിവളർത്താത്ത ഒരു സാധാരണ മനുഷ്യനായിട്ടാണ് ചിത്രീകരിച്ചത്. യേശുവിന്റെ സമയത്ത്, സമ്പന്നർ പ്രത്യേക അവസരങ്ങളിൽ അവരുടെ ഉയർന്ന പദവി കാണിക്കാനായി നീളമുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു. യേശുവിന്റെ ഒരു വചനത്തിൽ അതിന്റെ സൂചന കാണാം, അതിൽ അദ്ദേഹം ഇങ്ങനെ പറയുന്നു, “നീളമുള്ള വസ്ത്രങ്ങളിൽ നടക്കുന്ന, വ്യാപാര സ്ഥലങ്ങളിൽ അഭിവാദ്യം വാങ്ങുന്ന, പള്ളികളിലും, വിരുന്നുകളിലും ഏറ്റവും പ്രധാനപ്പെട്ട ഇരിപ്പിടങ്ങളെ കരസ്ഥമാക്കാൻ ആഗ്രഹിക്കുന്ന എഴുത്തുകാരെ സൂക്ഷിക്കുക." (മർക്കോസ് 12 അധ്യായം, 38-39 വാക്യങ്ങൾ). ഇതിൽ നിന്ന് യേശു ശരിക്കും അത്തരം വസ്ത്രങ്ങൾ ധരിച്ചിരുന്നില്ലെന്ന് അനുമാനിക്കാം.

 

യേശുവിന്റെ കാലത്ത് പുരുഷൻമാർ കാൽമുട്ട് വരെ നീളമുള്ള കുപ്പായമാണ് ധരിച്ചിരുന്നത്. സ്ത്രീകൾ കണങ്കാലു വരെ നീളമുള്ള ഉടുപ്പുകളും ധരിച്ചിരുന്നു. തെക്ല എന്ന സ്ത്രീ ഒരു ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചപ്പോൾ, അത് ആളുകൾക്കിടയിൽ വലിയ നടുക്കമുണ്ടാക്കിയെന്ന് ബൈബിളില്‍ കാണാം. ഇതിൽനിന്നും സ്ത്രീകൾ നീളമുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നുവെന്നും, പുരുഷന്മാർ നീളംകുറഞ്ഞ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് എന്നും മനസിലാക്കാം. സ്വാഭാവികമായും ഒരു സാധാരണക്കാരനായ യേശുവും നീളം കുറഞ്ഞ വസ്ത്രമാണ് ധരിച്ചതെന്ന് ഇത് തെളിയിക്കുന്നു. അത് മാത്രവുമല്ല, ആ കാലത്ത് വസ്ത്രത്തിന്റെ മുകളിൽ ഒരു മേലങ്കി ധരിക്കുന്ന പതിവുണ്ടായിരുന്നു. ഹിമേഷൻ എന്നു വിളിക്കുന്ന അത് യേശുവും ധരിച്ചിരുന്നതായി നമ്മുക്ക് കാണാം. കാരണം ഒരു സ്ത്രീ തന്നെ സുഖപ്പെടുത്താൻ ആഗ്രഹിച്ചപ്പോൾ ഇത് സ്‍പർശിച്ചതായി (ഉദാഹരണത്തിന്, മർക്കോസ് 5, 27 -ാം വാക്യം കാണുക ) സുവിശേഷത്തിൽ പറയുന്നു. ഒരു വലിയ കമ്പിളിപോലെ തോന്നിച്ചിരുന്ന, കട്ടികുറഞ്ഞതും, ഊഷ്‍മളതയ്ക്കായി ധരിക്കാറുള്ളതുമായിരുന്നു അത്.

 

ഈ മേലങ്കിയുടെ ഗുണനിലവാരവും, വലുപ്പവും, നിറവും സമൂഹത്തിൽ ഒരു വ്യക്തിക്കുണ്ടായിരുന്ന അധികാരത്തിനും അന്തസ്സിനും അനുസരിച്ച് വ്യത്യാസപ്പെട്ടിരുന്നു. പർപ്പിൾ, ചില തരം നീല എന്നിവ ആഡംബരത്തിനെയും, ആദരവിനേയും സൂചിപ്പിക്കുന്നു. ഇവ രാജകീയ നിറങ്ങളായിരുന്നു, കാരണം അവ നിർമ്മിക്കാൻ ഉപയോഗിച്ച ചായങ്ങൾ വളരെ അപൂർവവും ചെലവേറിയതുമായിരുന്നു. വെളുത്ത വസ്ത്രം ധരിച്ചിരുന്ന യേശു സാധാരണക്കാരുടെ പ്രതിനിധിയായിരുന്നു. യേശുവിനെ ഒരു സാധാരണ മനുഷ്യനായിട്ടാണ് അന്നത്തെ കാലത്ത് അവതരിപ്പിച്ചിരുന്നത്.

മറ്റൊരു കാര്യം, യേശുവിന്റെ കാലിൽ ചെരുപ്പ് ഉണ്ടായിരുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. ആ കാലഘട്ടത്തിൽ എല്ലാവരും ചെരുപ്പ് ധരിച്ചിരുന്നതായിട്ടാണ് മനസിലാക്കേണ്ടത്. ചാവുകടലിനും മസാഡയ്ക്കും അടുത്തുള്ള മരുഭൂമിയിലെ ഗുഹകളിൽ, യേശുവിന്റെ കാലം മുതൽ  തന്നെ ചെരുപ്പുകൾ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. അതിനാൽ അവ എങ്ങനെയായിരുന്നുവെന്ന് നമുക്ക് കൃത്യമായി അറിയാൻ സാധിക്കും. അവ വളരെ ലളിതമായിരുന്നു, കട്ടിയുള്ള ലെതർ കഷ്‍ണങ്ങൾ കൊണ്ട് തുന്നിച്ചേർത്ത അവയുടെ മുകളിൽ കാൽവിരലുകളിലൂടെ കടന്നുപോകുന്ന ലെതർ സ്ട്രാപ്പുകളും കാണാം.

യേശുവിന്റെ വസ്ത്രധാരണത്തെ കുറിച്ച് നമുക്ക് ഏകദേശം ഒരു രൂപം മനസിലാക്കാൻ സാധിച്ചു. അതുപോലെ തന്നെ മറ്റൊരു പ്രത്യേകത യേശു ഒരു യഹൂദനായിരുന്നു എന്നതാണ്. പൗലോസിന്റെ കത്തുകൾ ഉൾപ്പെടെ വിവിധ സാഹിത്യങ്ങളിൽ ഇത് ആവർത്തിച്ചുകാണാം. എബ്രായർക്കുള്ള കത്തിൽ പറയുന്നതുപോലെ: "നമ്മുടെ കർത്താവ് യഹൂദയിൽ നിന്നാണ് വന്നതെന്ന് വ്യക്തമാണ്."  'ഏകദേശം 30 വയസ്സ് പ്രായമുള്ള' ഒരു യഹൂദനെ ഈ സമയത്ത് എങ്ങനെ സങ്കൽപ്പിക്കാനാകുമെന്ന് ലൂക്കോസ് 3-ാം അധ്യായത്തിൽ പറയുന്നതും ഇതിന്റെ തെളിവാണ്. അതുപോലെതന്നെ അദ്ദേഹത്തിന് ഇരുണ്ട നിറമായിരുന്നു എന്നും പറയപ്പെടുന്നു.

ദുരാ-യൂറോപോസിന്റെ മൂന്നാം നൂറ്റാണ്ടിലെ പള്ളിയിലെ ചുവരുകളിൽ മോശയുടെ ചിത്രീകരണത്തിൽ ഒരു യഹൂദ സന്യാസി എങ്ങനെയെന്ന് കാണിക്കുന്നു. ചായം പൂശാത്ത വസ്ത്രത്തിലാണ് അതിൽ യേശുവിനെ സങ്കൽപ്പിച്ചിരിക്കുന്നത്. എന്തുതന്നെയായാലും, ഇപ്പോഴത്തെ ബൈസന്റൈൻ യേശുവിന്റെ രൂപത്തിനേക്കാളും, ചരിത്രപരമായ യേശുവിനെ സങ്കൽപ്പിച്ചാൽ അദ്ദേഹം മുടി നീട്ടിവളർത്താത്ത, നേരിയ താടിയുള്ള, ചെറിയ സ്ലീവുകളുള്ള മുട്ടുവരെയുള്ള വസ്ത്രം ധരിച്ച ഒരാളായിരുന്നു എന്ന് തെളിവുകൾ സമർത്ഥിക്കുന്നു.   

click me!