
ജോലിക്ക് പോവാതെ തന്നെ ശമ്പളം കിട്ടിയിരുന്നുവെങ്കിൽ, ആരായാലും ആശിച്ച് പോകും അല്ലേ? അതുപോലെ സ്പെയിനിൽ നിന്നുള്ള ഒരു ജീവനക്കാരൻ ആറ് വർഷമാണ് ജോലിക്ക് പോവുകയേ ചെയ്യാതെ തന്റെ ശമ്പളം കൈപ്പറ്റിക്കൊണ്ടിരുന്നത്.
ആറ് വർഷത്തേക്ക് ജോലിയുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും ഇയാൾ ചെയ്തിരുന്നില്ല. എന്നാൽ, എല്ലാ മാസവും കൃത്യമായി ശമ്പളം വാങ്ങുന്നുണ്ടായിരുന്നു. ഒടുവിൽ, ഇയാളുടെ ദീർഘകാലത്തെ സേവനത്തിന് ആദരിക്കപ്പെടാൻ എത്തിയപ്പോഴാണ് ഇയാൾ ഇത്രയും വർഷം ജോലിക്കെത്തിയിരുന്നില്ല എന്ന സത്യം എല്ലാവരും അറിയുന്നത്.
1990 -ലാണ്, ജോക്വിൻ ഗാർസിയ എന്നയാൾ സ്പെയിനിലെ കാഡിസിലെ ഒരു മുനിസിപ്പൽ വാട്ടർ സ്ഥാപനത്തിൽ പ്ലാന്റ് സൂപ്പർവൈസറായി ജോലിക്ക് കയറിയത്. കമ്പനിയിലെ തന്റെ മേലധികാരികൾ തമ്മിലുണ്ടായ ആശയക്കുഴപ്പം മുതലെടുത്താണ് ഇയാൾ ജോലിയിൽ നിന്ന് മുങ്ങി നടന്നത്. ഇവിടെ രണ്ട് വകുപ്പുകളുണ്ടായിരുന്നു. രണ്ട് വകുപ്പും മറ്റേ വകുപ്പിനാണ് ഇയാളുടെ ചുമതല എന്ന് ധരിച്ച് വയ്ക്കുകയായിരുന്നു.
ജോലി ചെയ്യാതെ തന്നെ വർഷം 36 ലക്ഷം രൂപ ഇയാൾ ശമ്പളമായി വാങ്ങി. ഗാർസിയയെ നിയമിച്ചത് 1995 മുതൽ 2015 വരെ കാഡിസ് നഗരത്തിന്റെ ഡെപ്യൂട്ടി മേയറായിരുന്ന ജോർജ്ജ് ബ്ലാസ് ഫെർണാണ്ടസ് ആയിരുന്നു. അദ്ദേഹം പറഞ്ഞത്, “വാട്ടർ കമ്പനി അയാളുടെ കാര്യം നോക്കുന്നുണ്ടാകും എന്നാണ് ഞങ്ങൾ കരുതിയത്. പക്ഷേ അങ്ങനെയല്ലായിരുന്നു. 20 വർഷത്തെ സേവനത്തിന് ആദരിക്കാൻ പോകുമ്പോഴാണ് ഞങ്ങൾ ആ സത്യം അറിഞ്ഞത്” എന്നായിരുന്നു.
2010 -ലാണ്, സ്ഥാപനത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ചതിന് ഗാർസിയയ്ക്ക് അവാർഡ് നൽകാൻ കമ്പനി തീരുമാനിച്ചത്. അപ്പോഴാണ് എല്ലാവരും സത്യം അറിഞ്ഞത്. എന്തുകൊണ്ടാണ് ഒരു ജോലിയും ചെയ്യാത്തതെന്നും ജോലിക്ക് വരാത്തതെന്നും ചോദിച്ചപ്പോൾ അയാൾ കൃത്യമായ മറുപടിയൊന്നും നൽകിയില്ലത്രെ.
ഗാർസിയയുടെ വക്കീൽ പറഞ്ഞത് ആളുകൾ ജോലിസ്ഥലത്ത് ഇയാളെ ഒറ്റപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തുകൊണ്ടാണ് ഇയാൾ ജോലിക്ക് വരാതിരുന്നത് എന്നാണ്. എന്തായാലും, ആറ് വർഷം ജോലിക്ക് വരാത്തതിനാൽ 25 ലക്ഷം പിഴയൊടുക്കാൻ ഇയാളോട് പിന്നീട് കോടതി ആവശ്യപ്പെട്ടു.
ദിവസേന കാശും കളഞ്ഞ് ഓഫീസിൽ പോയി ജോലി ചെയ്യേണ്ടതുണ്ടോ? പോസ്റ്റുമായി യുവതി, അനുകൂലിച്ച് നെറ്റിസൺസ്