പ്ലേ​ഗ് കാലത്താണ് ആധുനിക ശാസ്ത്രത്തിന് അടിത്തറയിട്ട മഹത്തരമായ ആ നേട്ടങ്ങള്‍ ഉണ്ടായത്...

By Web TeamFirst Published Apr 19, 2020, 6:47 PM IST
Highlights

ന്യൂട്ടന്‍റെ തലയില്‍ ആപ്പിള്‍ (apple) വീണു എന്നും അത് അദ്ദേഹത്തെ ഗുരുത്വാകര്‍ഷണനിയമത്തിലേക്ക് നയിച്ചു എന്നുമുള്ള കഥ ഏകാന്തവാസകാലഘട്ടത്തിലേതാണ്. 

ബ്യൂബോണിക് പ്ലേഗിന്‍റെ അവസാനത്തെ വ്യാപക ആക്രമണം യൂറോപ്പിലുണ്ടായത് 17 -ാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിലാണ്. നഗരങ്ങളേയും ഗ്രാമങ്ങളേയും ആക്രമിച്ച  'കറുത്ത മരണം' ഇംഗ്ലണ്ടില്‍ പതിനായിരക്കണക്കിനാളുകളുടെ ജീവനെടുത്തു.

 

കൊറോണ പോലുള്ള മഹാമാരികള്‍ മനുഷ്യന് ഒരു പുതിയ അനുഭവമല്ല. യുദ്ധവും ക്ഷാമവും പോലെ, മനുഷ്യജീവിതത്തെ പിടിച്ചുലക്കുന്ന പൊതുവിപത്തായ മഹാമാരികള്‍ ലോകചരിത്രത്തിന്‍റെ ഗതിമാറ്റങ്ങള്‍ക്ക് പലപ്പോഴും കാരണമായിട്ടുണ്ട്. ഭൂരിപക്ഷം ആളുകളെയും ശാരീരികവും മാനസികവുമായി തളര്‍ത്തുന്ന ഒരനുഭവമാണ് മഹാമാരിയുടെ ഭീതിജനകമായ പടര്‍ച്ച. പക്ഷേ, അപൂര്‍വം ചിലരില്‍ മാരകവും സ്ഫോടനാത്മകവുമായ ബാഹ്യ അന്തരീക്ഷം സര്‍ഗ്ഗാത്മകതയുടെ ഒരു ആന്തരിക വിസ്ഫോടനത്തിനു ഹേതുവായി മാറുന്നു. 

AD 1347 -ല്‍ ആരംഭിച്ച് യൂറോപ്പില്‍ പടര്‍ന്നുപിടിച്ച 'കറുത്ത മരണം' (Black death) എന്നറിയപ്പെടുന്ന ബ്യൂബോണിക് പ്ലേഗ് (Bubonic plague) പരക്കെ നാശം വരുത്തുകയും യൂറോപ്യന്‍ ജനതയുടെ മൂന്നിലൊന്നിനെ മരണത്തിലേക്ക് തള്ളിവിടുകയും ചെയ്തു. മധ്യേഷ്യയിലോ മംഗോളിയയിലോ ആരംഭിച്ചു എന്നു കരുതപ്പെടുന്ന 'കറുത്ത മരണങ്ങള്‍' ഇറ്റലി വഴി യൂറോപ്പിലാകെ പടരുകയായിരുന്നു. കൊറോണ എന്ന മഹാമാരിയും വ്യാപകമായി പടര്‍ന്ന ആദ്യ യൂറോപ്യന്‍ രാജ്യം ഇറ്റലിയാണ് എന്നത് ശ്രദ്ധേയമാണ്. 

നൂറ്റാണ്ടോളം യൂറോപ്പിനെ പിടിച്ചുലച്ച 'കറുത്ത മരണം' വ്യാപകമായ സാമൂഹ്യമാറ്റങ്ങള്‍ക്ക് കാരണമായി. ഈ വ്യാധിയുടെ ആദ്യആക്രമണം 1350 -കളില്‍ ഒതുങ്ങിയെങ്കിലും അടുത്ത നാല് നൂറ്റാണ്ടുകളില്‍ ബ്യൂബോണിക് പ്ലേഗ് യൂറോപ്പിനെ ഇടവിട്ടിടവിട്ട് ആക്രമിച്ചുകൊണ്ടിരുന്നു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍റെ (WHO) കണക്കനുസരിച്ച് ഇപ്പോഴും ഓരോ വര്‍ഷവും 1000 -ത്തിനും 3000 -ത്തിനും ഇടയ്ക്ക് ബ്യൂബോണിക് പ്ലേഗ് കേസുകള്‍ ഉണ്ടാകുന്നുണ്ട്. 

ബ്യൂബോണിക് പ്ലേഗിന്‍റെ അവസാനത്തെ വ്യാപക ആക്രമണം യൂറോപ്പിലുണ്ടായത് 17 -ാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിലാണ്. നഗരങ്ങളേയും ഗ്രാമങ്ങളേയും ആക്രമിച്ച  'കറുത്ത മരണം' ഇംഗ്ലണ്ടില്‍ പതിനായിരക്കണക്കിനാളുകളുടെ ജീവനെടുത്തു. എലികള്‍ വഴിയും പടര്‍ന്ന് പ്ലേഗ് പലയിടത്തും ജനസമൂഹങ്ങളെ പൂര്‍ണമായും തുടച്ചുനീക്കി. മരിച്ചവരെ നല്ലരീതിയില്‍ മറവുചെയ്യാന്‍ ആളുകളില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. 

പ്ലേഗ് ബാധിച്ചവരുടെ വീടുകള്‍ അധികൃതര്‍ മുദ്രവെച്ച് ഒറ്റപ്പെടുത്തി. രോഗബാധിതരുള്ള വീടുകളിലെ മുഴുവന്‍ ആളുകളുടെയും മരണത്തിന് ഇത് കാരണമായി. ഇത്തരം വീടുകളുടെ മുന്‍വശത്ത് ചുവന്ന കുരിശടയാളം വരയ്ക്കുകയും ''ദൈവമേ ഞങ്ങളുടെ മേല്‍ കരുണയുണ്ടാകണമേ'' (Lord have mercy on us) എന്നെഴുതുകയും ചെയ്തു. രാത്രിയില്‍ ഈ വീടുകളില്‍ നിന്ന് മൃതദേഹങ്ങള്‍ കുതിരവണ്ടികളില്‍ നീക്കം ചെയ്ത് വലിയ പ്ലേഗ് കുഴികളിലേക്ക് തള്ളിയിടുകയായിരുന്നു പതിവ്. 

രാജാവ് ചാള്‍സ് രണ്ടാമനും (Charles 2) അനുചരവൃന്ദത്തിലെ പ്രഭുക്കന്മാരും ലണ്ടന്‍ ഉപേക്ഷിച്ച് ഓക്സ്ഫോര്‍ഡിലേക്ക് പോയി. അതുപോലെ നഗരം വിട്ടുപോകാന്‍ പ്രാപ്തിയുള്ള എല്ലാവരും മറ്റു സ്ഥലങ്ങളിലേക്ക് മാറി. ദരിദ്രരായ ആളുകള്‍ മറ്റു നിവൃത്തിയില്ലാതെ നഗരത്തില്‍ തന്നെ താമസിക്കുകയും  'കറുത്ത മരണ'ത്തിന് അടിമപ്പെടുകയും ചെയ്തു. 1665 -മെയ് മാസത്തില്‍ ആരംഭിച്ചു പടര്‍ന്നു പിടിച്ച വ്യാധി രണ്ടുവര്‍ഷം കൊണ്ട് ലണ്ടന്‍ നഗരത്തിലെ ആറിലൊന്ന് ജനങ്ങളുടെ ജീവനെടുത്തു. മൂന്നര നൂറ്റാണ്ടിനുശേഷം 2020 -ല്‍ കൊറോണ പടര്‍ന്നു പിടിക്കാന്‍ ആരംഭിച്ചപ്പോള്‍ എലിസബത്ത് രാജ്ഞി ബക്കിംഗ്ഹാം കൊട്ടാരം ഉപേക്ഷിച്ച് ലണ്ടനു പുറത്തുള്ള Windsor palace -ലേക്ക് താമസം മാറ്റി എന്നത് ചരിത്രത്തിന്‍റെ ഒരു ചെറിയ ആവര്‍ത്തനം. 

ബ്യൂബോണിക് പ്ലേഗ് എന്ന മഹാമാരി മരണം വിതച്ച് മരണം കൊയ്യുന്ന അതീവ ഭീതിജനകമായ അന്തരീക്ഷത്തിലാണ് ആധുനിക ശാസ്ത്രത്തിന് അടിത്തറയിട്ട മഹത്തരമായ ചില നേട്ടങ്ങള്‍ ഉണ്ടായത് എന്നത് വിസ്മയകരമായ ഒരു വസ്തുതയാണ്. ഐസക് ന്യൂട്ടന്‍ എന്ന മഹാനായ ശാസ്ത്രജ്ഞന്‍ അദ്ദേഹത്തിന്‍റെ വിപ്ലവകരമായ ശാസ്ത്രസിദ്ധാന്തകള്‍ ആവിഷ്കരിച്ചത്  'കറുത്ത മരണ'ത്തിന്‍റെ താണ്ഡവ നാളുകളിലാണ്. 

1665 -ല്‍ പ്ലേഗ് ബാധ തുടങ്ങുമ്പോള്‍ ഐസക് ന്യൂട്ടന് പ്രായം വെറും 23 വയസ്സായിരുന്നു. പഴയ ജൂലിയന്‍ കലണ്ടര്‍ അനുസരിച്ച് ന്യൂട്ടന്‍റെ ജനനം 1642 ഡിസംബര്‍ 25 -ന് ക്രിസ്മസ് ദിനത്തിലായിരുന്നു. മഹാനായ ഗലീലിയോയുടെ മരണവും 1642 -ലായിരുന്നു. 

പ്ലേഗ് പടര്‍ന്നതോടെ കാംബ്രിഡ്ജ് യൂണിവേഴ്സിറ്റി അടച്ചു. കാംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലെ വിദ്യാര്‍ത്ഥി ആയിരുന്നു ന്യൂട്ടന്‍. ഏതാനും മാസങ്ങള്‍ക്കു മുമ്പ് മാത്രം ബിരുദപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം കലാശാല അടച്ചതോടെ 60 മൈല്‍ അകലെയുള്ള Woolsthorpe Manor എന്ന തന്‍റെ ഗ്രാമീണ വസതിയിലേക്ക് മടങ്ങി. അവിടെ ശാന്തമായ അന്തരീക്ഷത്തില്‍ ശാസ്ത്രീയ ഗവേഷണത്തിന്‍റെ അഗാധതലങ്ങളിലേക്ക് ന്യൂട്ടന്‍റെ മനസ് പാഞ്ഞു. 

'കറുത്ത മരണ'ത്തിന്‍റെ നാളുകള്‍ ന്യൂട്ടന്‍റെ അപ്രതിരോധ്യമായ പ്രതിഭയുടെ മുന്നില്‍ ജ്ഞാനത്തിന്‍റെ സുവര്‍ണ ദിനങ്ങളായി മാറി. ആ നാളുകളില്‍ ന്യൂട്ടന്‍ കടഞ്ഞെടുത്ത ശാസ്ത്രീയാശയങ്ങള്‍ ഇന്നുവരെ ശാസ്ത്രത്തിന്‍റെ വിവിധ മേഖലകളിലെ അടിസ്ഥാനതത്വങ്ങളായി തുടരുന്നു. ന്യൂട്ടന്‍റെ വിപ്ലവം (Newtonian Revolution) മനുഷ്യന്‍റെ ചിന്ത, സംസ്കാരം, ദര്‍ശനം തുടങ്ങിയവയെ എല്ലാം മാറ്റിമറിച്ചു. 1665-66 കാലത്തെ കറുത്ത മരണത്തിന്റെ കാലം എന്ന് ദുഖാത്മകമായി ഒരു വിഭാഗം ചരിത്രകാരന്മാര്‍ വിളിച്ചപ്പോള്‍, ശാസ്ത്രലോകം അതിന് ന്യൂട്ടന്‍റെ അത്ഭുതങ്ങളുടെ വര്‍ഷം (Year of wonders - Annus mirabilis) എന്ന പേര് നല്‍കി. 

ഈ അത്ഭുത വര്‍ഷത്തില്‍ 23 -കാരനായ ന്യൂട്ടന്‍ നല്‍കിയ സംഭാവനകള്‍ പ്രധാനമായും നാല് മേഖലകളിലാണ്. കലനശശാസ്ത്രം (calculus), പ്രകാശപഠനം (optics), ഗുരുത്വാകര്‍ഷണം ( laws of motion), എന്നിവയില്‍ ന്യൂട്ടന്‍ വികസിപ്പിച്ചെടുത്ത ആശയങ്ങളും ക്രോഡീകരിച്ച നിയമങ്ങളും ശാസ്ത്രത്തിന്‍റെ ചരിത്രത്തിലെ എക്കാലത്തെയും വലിയ സംഭാവനകളില്‍ ഉള്‍പ്പെടുന്നു. പില്‍ക്കാലത്ത് ന്യൂട്ടന്‍ തന്നെ പറഞ്ഞത് തന്‍റെ ജീവിതത്തിലെ ഏറ്റവും ഫലപ്രദമായ ദിനങ്ങളായിരുന്നു ഈ കാലഘട്ടം എന്നാണ്.

ആധുനിക ശാസ്ത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു ഗണിത ശാസ്ത്രശാഖയാണ് കലനശാസ്ത്രം (calculus). ന്യൂട്ടന് മുമ്പ് തന്നെ ഭാരതീയ ഗണിത ശാസ്ത്രജ്ഞര്‍ കലനശാസ്ത്രത്തിന് തുടക്കം കുറിച്ചിരുന്നു. ഭാരതീയ ഗണിത ശാസ്ത്രത്തിന്‍റെ ഈ സംഭാവനകള്‍ ഒരുപക്ഷേ അന്ന് യൂറോപ്പില്‍ എത്തിയിരുന്നില്ല. പാശ്ചാത്യശാസ്ത്രലോകത്തില്‍ കലനശാസ്ത്രത്തിന് തുടക്കം കുറിച്ചവരായി അറിയപ്പെടുന്നത് ന്യൂട്ടനും ജര്‍മ്മന്‍ ഗണിത ശാസ്ത്രജ്ഞനായ Leibniz ഉം ആണ്. 1666 -ന്‍റെ അവസാനത്തോടെ ന്യൂട്ടന്‍ തന്‍റെ കലനശാസ്ത്രപഠനങ്ങള്‍ക്ക് പൂര്‍ണരൂപം നല്‍കി. ന്യൂട്ടന്‍റെ അത്ഭുതവര്‍ഷത്തിലെ മഹത്തരമായ സംഭാവനയായി ഇത് കരുതപ്പെടുന്നു. 

ന്യൂട്ടന്‍റെ  രണ്ടാമത്തെ സംഭാവന പ്രകാശപഠനത്തിലായിരുന്നു (optics). പ്രകാശത്തിന്‍റെ ഗുണങ്ങളെ സമഗ്രമായി മനസിലാക്കുവാനുള്ള ശ്രമത്തില്‍ പല പരീക്ഷണങ്ങളും നടത്തി. 22 അടി നീളമുള്ള ഒരു അറയായിരുന്നു പരീക്ഷണകാലത്തെ ഈ അറയുടെ ജനല്‍പാളിയില്‍ ഉണ്ടാക്കിയ സുഷിരത്തിലൂടെ എത്തിയ പ്രകാശനാളിയെ ഒരു ഒരു പ്രിസത്തിലൂടെ (prism) കടത്തിവിട്ടു. പ്രിസം ഈ വെള്ള പ്രകാശത്തെ വിവിധ വര്‍ണ്ണങ്ങളായി തിരിച്ചു. വര്‍ണ്ണരാജിയിലെ എല്ലാ വര്‍ണ്ണങ്ങളും സൂര്യപ്രകാശത്തില്‍ അടങ്ങിയിരിക്കുന്നു എന്നു ന്യൂട്ടന്‍ തെളിയിച്ചു. 

ന്യൂട്ടന്‍റെ തലയില്‍ ആപ്പിള്‍ (apple) വീണു എന്നും അത് അദ്ദേഹത്തെ ഗുരുത്വാകര്‍ഷണനിയമത്തിലേക്ക് നയിച്ചു എന്നുമുള്ള കഥ ഏകാന്തവാസകാലഘട്ടത്തിലേതാണ്. തന്‍റെ വീടിനു ചേര്‍ന്നുള്ള തോട്ടത്തിലേക്കു നോക്കി ചിന്താധീനനായിരുന്നു ന്യൂട്ടന്‍റെ പ്രതിഭ അത്ഭുതകരമായ ഒരു മനനത്തിലൂടെ ശാസ്ത്രത്തിന്‍റെ അടിസ്ഥാന നിയമങ്ങളിലൊന്ന് ഖനനം ചെയ്തെടുത്തു. ആപ്പിളിന്‍റെ താഴേക്കുള്ള പതനവും ഭൂമിക്കു ചുറ്റുമുള്ള ചന്ദ്രന്‍റെ പ്രയാണവും ഗുണപരമായി ഒന്നാണെന്നും രണ്ടിന്‍റേയും പിന്നില്‍ ഒരേതരം ബലമാണ് പ്രവര്‍ത്തിക്കുന്നതെന്നും ന്യൂട്ടന്‍ തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവ് സാര്‍വ്വലൌകിക ഗുരുത്വാകര്‍ഷണ നിയമം രൂപപ്പെടുത്തുന്നതിന് അദ്ദേഹത്തെ സഹായിച്ചു. 

ഗുരുത്വാകര്‍ഷണത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്കൊപ്പം ന്യൂട്ടന്‍ ചലനത്തെ ശാസ്ത്രീയമായി അപഗ്രഥിച്ചു. കലനശാസ്ത്രത്തില്‍ സ്വന്തമായി നടത്തിയ മുന്നേറ്റങ്ങള്‍ ഇവിടെ അദ്ദേഹത്തിനു സഹായമായി. കലനശാസ്ത്രം, പ്രകാശപഠനം, ഗുരുത്വാകര്‍ഷണം, ചലനപഠനം എന്നിവയ്ക്ക് അടിത്തറയിട്ട 1665-66 - എന്ന മഹാമാരിക്കാലം ന്യൂട്ടന്‍റെ ജീവിതത്തില്‍ മാത്രമല്ല മനുഷ്യചരിത്രത്തിലെ തന്നെ അത്ഭുതനേട്ടങ്ങളുടെ ഒരു വര്‍ഷമായി മാറി.  

(ലേഖകന്‍ പൂനെ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഭൌതികശാസ്ത്രത്തില്‍ പിഎച്ച്ഡി എടുത്തു. ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ പിന്തുണയോടെ ഭാരതത്തിലെ കലനശാസ്ത്രത്തിന്‍റെ ആരംഭത്തെ കുറിച്ച് പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം നടത്തി. ശാസ്ത്രചരിത്രത്തില്‍ ഗവേഷണം തുടരുന്നു.)
 

click me!