ജൗമ, യുദ്ധം വികൃതമാക്കിയ ഒരു കുരുന്നു മുഖം

Published : Aug 23, 2019, 11:11 AM ISTUpdated : Aug 23, 2019, 11:36 AM IST
ജൗമ, യുദ്ധം വികൃതമാക്കിയ ഒരു കുരുന്നു മുഖം

Synopsis

നിശ്ശബ്ദതയുടെ ഒരു നിമിഷാർദ്ധത്തിനു ശേഷം ചെകിടടപ്പിക്കുന്ന ഒരു സ്ഫോടനമായിരുന്നു. ജൗമ ഇരുന്നിരുന്നത് വിൻഡോ സീറ്റിലായിരുന്നു. സ്ഫോടനം ആ ഗ്ലാസ്സിനെ ചിതറിത്തെറിപ്പിച്ചു. 

ഇത് ജൗമ. അവനു വെറും മൂന്നുവയസ്സുള്ളപ്പോഴാണ് ഒരു വ്യോമാക്രമണം അവനെ ഗുരുതരമായി പരിക്കേൽപ്പിക്കുന്നത്. ആഭ്യന്തര യുദ്ധത്തിന്റെ കെടുതികളാൽ കലുഷിതമായ  സിറിയയുടെ വടക്കൻ അതിർത്തിപ്രദേശങ്ങളിലൊന്നിൽ പാർത്തിരുന്ന ഒരു കുർദ് കുടുംബമായിരുന്നു അവന്റേത്. വ്യോമാക്രമണങ്ങൾ കടുത്തപ്പോൾ അവർ വീടുവിട്ടോടിപ്പോകുകയായിരുന്നു. 

ആ മരുഭൂമിയിലെ നോക്കെത്താദൂരത്തോളം നീണ്ടു കിടക്കുന്ന റോഡിലൂടെ അവരുടെ ബസ് പതുക്കെ നീങ്ങിക്കൊണ്ടിരുന്നു. ആകാശത്ത് പെട്ടെന്നൊരു കറുത്ത പൊട്ട് പ്രത്യക്ഷപ്പെട്ടു. നിമിഷങ്ങൾ കഴിയുന്തോറും ആ പൊട്ടിനു വലിപ്പം കൂടിക്കൂടി വന്നു. ഒടുവിൽ വലിയൊരു മൂളക്കമായി അത് അവരുടെ തലക്കുമുകളിലൂടെ കടന്നുപോയി. 

നിശ്ശബ്ദതയുടെ ഒരു നിമിഷാർദ്ധത്തിനു ശേഷം ചെകിടടപ്പിക്കുന്ന ഒരു സ്ഫോടനമായിരുന്നു. ജൗമ ഇരുന്നിരുന്നത് വിൻഡോ സീറ്റിലായിരുന്നു. സ്ഫോടനം ആ ഗ്ലാസ്സിനെ ചിതറിത്തെറിപ്പിച്ചു. പൊട്ടിച്ചിതറിയ ചില്ലത്രയും തുളച്ചു കയറിയത് അവന്റെ കുരുന്നു മുഖത്തായിരുന്നു. ബോധം തെളിഞ്ഞപ്പോഴേക്കും അവന്റെ ഇരുകണ്ണുകളുടെയും കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. മുറിവുകൾ ഏറെക്കുറെ കരിഞ്ഞിട്ടുണ്ടെങ്കിലും, പൊടിപൊടിയായുള്ള ചില്ലുചീളുകൾ ഇന്നും അവന്റെ മുഖത്തുനിന്നും ഇടയ്ക്ക് പൊടിയുന്ന ചോരയ്‌ക്കൊപ്പം അടർന്നുവീഴുന്നുണ്ട്.

ആ അപകടത്തിൽ അവന്റെ അച്ഛന് കാലിലെ പല വിരലുകളും  നഷ്ടമായി. അവർ അച്ഛനും അമ്മയും മക്കളും എല്ലാവരും കൂടി ലെബനനിൽ അഭയം തേടിയിരിക്കുകയാണ്. അതിർത്തിപ്രദേശത്തെ അഭയാർത്ഥികൾ തിങ്ങിപ്പാർക്കുന്ന ഒരു ദരിദ്രമായ പട്ടണത്തിലാണ് അവർ പറക്കുന്നത്. പതിനഞ്ചു ലക്ഷത്തോളം അഭയാർത്ഥികളുണ്ട് ഇവിടെ. ഒരു കുടുസ്സുമുറിയിലാണ് എല്ലാവരും കൂടി കഴിഞ്ഞു കൂടുന്നത്. 

സ്ഫോടനം ജൗമയുടെ കാഴ്ച പൂർണ്ണമായും നഷ്ടമാക്കി. അത് പക്ഷേ, അവന്റെ സ്പർശത്തെയും, കേൾവിയെയും, ഗന്ധത്തെയും കൂടുതൽ ശക്തമാക്കി. സ്ഫോടനം ജീവിതം തകർത്തുവെങ്കിലും, മുഖം വികൃതമാക്കി എങ്കിലും, അവൻ മറ്റേതൊരു കുഞ്ഞിനേയും പോലെ വികൃതിയുള്ള ഒരു നാലുവയസ്സുകാരനാണ്. അവന്റെ അച്ഛനും അമ്മയും മറ്റേതൊരാളും മക്കളെ സ്നേഹിക്കുന്നപോലെതന്നെ ജൗമയെ സ്നേഹിക്കുന്നുണ്ട്. അവന് ക്യാമറ കൗതുകമാണ്. പുതുതായി പരിചയപ്പെട്ട ടർക്കിഷ് ഭാഷാ വിവർത്തകയും അവന് അത്ഭുതമാണ്. രണ്ടും അവൻ തന്റെ കൈവിരൽത്തുമ്പിന്റെ കാഴ്ചയാൽ തൊട്ടറിയാൻ ശ്രമിക്കുന്നു. 

ലബനനിൽ അവർക്ക് സഹായങ്ങൾ നൽകാനും, യൂറോപ്പിൽ അഭയം തേടാൻ അവരെ സഹായിക്കാനും ഇന്ന് ശ്രമങ്ങൾ നടക്കുന്നുണ്ട്, അതിന് സ്വാഭാവികമായ കാലതാമസം നേരിടുന്നുണ്ടെങ്കിലും. യുദ്ധങ്ങൾ നമുക്കുമുന്നിൽ ഒരു മുന്നറിയിപ്പുപോലെ ബാക്കിവെച്ചുപോകുന്ന ഇത്തരത്തിലുള്ള ചിലതുണ്ട്.  

 

 കടപ്പാട് : ബിബിസി 

PREV
click me!

Recommended Stories

കാച്ചിൽ; വലിയ മുതൽമുടക്കില്ല, വിളവും കുടുതൽ
നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങി, പിന്നാലെ എഐയെ വിവാഹം ചെയ്ത് യുവതി; പങ്കാളിക്ക് മുന്‍വിധികളില്ലെന്ന് വെളിപ്പെടുത്തൽ