83 -ാം വയസിൽ തനിച്ച് ലോകം ചുറ്റിക്കാണാനിറങ്ങിയ ഒരു മുത്തശി, ഇവരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്ന ചില പാഠങ്ങൾ!

By Web TeamFirst Published May 9, 2021, 10:34 AM IST
Highlights

തന്റെ പെൻഷനിൽ നിന്ന് പണം മാറ്റിവച്ചും പൂക്കളും, കരകൗശല വസ്തുക്കൾ വിറ്റും സഞ്ചരിക്കാനുള്ള പണം അവർ കണ്ടെത്തിയെന്ന് 2016 ൽ അവരെ കണ്ടുമുട്ടിയ റഷ്യൻ ബ്ലോഗറായ എകറ്റെറിന പപ്പീന ഒരു ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി. അവരുമായുള്ള ഒരു ചിത്രം പാപ്പിന സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചു. 

യാത്ര ചെയ്യാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ, പലപ്പോഴും പല ബുദ്ധിമുട്ടുകൾ കൊണ്ടും നമ്മൾ അത് പിന്നേയ്ക്ക് മാറ്റി വയ്ക്കാറുണ്ട്. എന്നാൽ, തീരെ പ്രതീക്ഷിക്കാതെ കടന്നുവന്ന ഈ പകർച്ചവ്യാധി നമ്മെ പലതും ഓർമപ്പെടുത്തുന്നു. സമയവും കാലവും ആർക്കും വേണ്ടിയും കാത്ത് നിൽക്കില്ലെന്നും, നമ്മളുടെ സ്വപനങ്ങളും ആഗ്രഹങ്ങളും പിന്നത്തേയ്ക്ക് മാറ്റി വയ്ക്കരുതെന്നുമുള്ള ഒരു വല്ലാത്ത തിരിച്ചറിവാണ് അത് നമുക്ക് നൽകുന്നത്. പ്രായത്തെ മറികടന്ന്, തന്റെ സ്വപ്നങ്ങളുടെ പുറകെ പോയ ഒരു മുത്തശ്ശിയുണ്ടായിരുന്നു. സൈബീരിയൻ നഗരമായ ക്രാസ്നോയാർസ്കിൽ നിന്നുള്ള എലീന എർകോവ. അവരുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു രാജ്യങ്ങൾ ചുറ്റി കാണുക എന്നത്. തന്റെ 83 -ാം വയസ്സിൽ അവർ ആ ആഗ്രഹത്തിനായി തുനിഞ്ഞിറങ്ങി. തന്റെ സ്വപ്നങ്ങളെ പിന്തുടരാൻ ആരോഗ്യവും, പ്രായവും ഒന്നും ഒരു തടസ്സമല്ലെന്ന് അവർ തെളിയിച്ചു. ബാബ ലെന എന്നറിയപ്പെടുന്ന അവർ 2019 ൽ തന്റെ 91 -ാം വയസ്സിൽ അന്തരിച്ചു. പക്ഷേ, ജീവിതം ഒരാഘോഷമാക്കണമെന്നും, നമ്മുടെ ആഗ്രഹങ്ങളെ പിന്തുടരാൻ ഒന്നും ഒരു തടസമാകരുതെന്നും അവരുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.  

പ്രായത്തിന്റെ അവശതകളെ മറികടന്ന് ചുറുചുറുക്കുള്ള മനസ്സുമായി അവർ കണ്ട് തീർത്ത ഇടങ്ങൾ അനവധിയാണ്. ജർമ്മനി, റഷ്യ, മംഗോളിയ, ഇറ്റലി, സ്പെയിൻ, ഇസ്താംബുൾ, തായ്ലൻഡ് എന്നിവയാണ് അവർ യാത്ര നടത്തിയിട്ടുള്ള ചില രാജ്യങ്ങൾ. അവരുടെ ഫേസ്ബുക് പേജ് ഇപ്പോഴും സജീവമാണ്. അതുകൊണ്ട് തന്നെ ആ യാത്രയുടെ ചിത്രങ്ങൾ നമുക്ക് കാണാം. അവർ എല്ലായ്‌പ്പോഴും ഒരു ഉത്സാഹിയായ  സഞ്ചാരിയായിരുന്നുവെന്ന് ആ ചിത്രങ്ങൾ പറയുന്നു. മംഗോളിയയിലെ യെനിസി നദിയിൽ റാഫ്റ്റിംഗിന് പോയ അവർ ജർമ്മനിയിൽ മോട്ടോർ ബൈക്ക് ഓടിച്ചു, ഇസ്രായലിൽ ഒരു ഒട്ടകത്തിന്റെ പുറത്ത് യാത്ര നടത്തി, തായ്‌ലൻഡിലെ ടോൺസായ് ബേയിലെ പാർട്ടിയിൽ പങ്കെടുത്തു, തീർത്തും സാഹസികമായിരുന്നു ആ യാത്രകൾ.

1927 -ൽ ജനിച്ച എലീനയ്ക്ക് മൂന്ന് വയസ്സുള്ളപ്പോൾ, മാതാപിതാക്കളെ നഷ്ടമായി. പതിനാലാം വയസ്സിൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ പരീക്ഷണങ്ങൾ എലീന അനുഭവിച്ചു.  ആ കാലത്ത്, എലീന ഒരു കൊയ്ത്തുകാരിയായി ഒറെൻബർഗിൽ ജോലി ചെയ്യുകയായിരുന്നു. അവിടെ വച്ചാണ് തന്റെ ഭാവി ഭർത്താവിനെ അവർ കണ്ടുമുട്ടുന്നത്. എന്നാൽ, ആ കുടുംബ ജീവിതത്തിൽ നിരവധി പീഡനങ്ങൾ അവർക്ക് അനുഭവിക്കേണ്ടി വന്നു. അവരുടെ ഭർത്താവ് ഒരു തികഞ്ഞ മദ്യപാനിയായിരുന്നു. അവരെയും മകളെയും പലപ്പോഴും അയാൾ ആക്രമിക്കുമായിരുന്നു. ഒടുവിൽ, അയാളെ ഉപേക്ഷിച്ച് തനിയെ ജീവിക്കാൻ അവർ തീരുമാനിച്ചു. അവരെ സംബന്ധിച്ചിടത്തോളം, യാത്രകൾ  അവരുടെ ആ ദുരിതപൂർണമായ ജീവിതത്തിൽ നിന്നുള്ള ഒരു വിടുതലായിരുന്നു, പൂർണമായ സ്വതന്ത്ര്യമായിരുന്നു. അത് അവർക്ക് എന്തെന്നില്ലാത്ത സന്തോഷം നൽകി.

എന്നാൽ, എലീനയുടെ ചെറുപ്പകാലത്ത്, യാത്ര ചെയ്യാനുള്ള പണം അവരുടെ കൈവശമുണ്ടായിരുന്നില്ല. കൂടാതെ സോവിയറ്റ് യൂണിയനിൽ വളർന്ന അവർക്ക് യാത്ര ചെയ്യാൻ പരിമിതികളുണ്ടായിരുന്നു. യൂണിയന് ചുറ്റും സഞ്ചരിക്കാൻ അനുമതിയുണ്ടെങ്കിലും അതിന് പുറത്തേക്ക് പോകാൻ അനുമതിയില്ലായിരുന്നു. 1970 -കളിൽ, അവരുടെ നാൽപതാം വയസ്സിൽ, ലെനയ്ക്ക് പ്രാഗ്, പോളണ്ട്, കിഴക്കൻ ജർമ്മനി എന്നിവിടങ്ങളിലേക്ക് പോകാൻ അവസരം ലഭിച്ചു. സോവിയറ്റ് യൂണിയന് പുറത്ത് യാത്ര ചെയ്യാൻ അനുവാദമുള്ള ചില രാജ്യങ്ങളായിരുന്നു അവ.  

എന്നാൽ, യാത്രകൾ വളരെ ചെലവേറിയതായിരുന്നു. അതിനുള്ള സമയമോ പണമോ ഇല്ലാത്തതിനാൽ ആ യാത്രകൾ തല്ക്കാലം വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നു. എന്നാൽ 83 -ാം വയസ്സിൽ യാത്ര ചെയ്യാനുള്ള അഭിനിവേശം അവർ വീണ്ടും പൊടിതട്ടിയെടുത്തു. അവർ ഒരിക്കൽ കൂടി ലോകത്തെ കാണാൻ ആഗ്രഹിച്ചു. അവർ തനിയെയാണ് സ്ഥലങ്ങൾ എല്ലാം സന്ദർശിച്ചിരുന്നത്. അപരിചിതർ പലപ്പോഴും മുത്തശ്ശിയെ സഹായിക്കുകയും അവരുമായി ചങ്ങാത്തത്തിലാവുകയും ചെയ്തു. ‘ഞാൻ എല്ലാവരുമായും പെട്ടെന്ന് കൂട്ടാകും. കാരണം എന്റെ ഈ പ്രായത്തിലും യാത്ര ചെയ്യാനുള്ള കഴിവ് കണ്ട് ആളുകൾ ആശ്ചര്യപ്പെടുന്നു. അവർ എന്നെ എല്ലായിടത്തും സഹായിക്കാൻ തയ്യാറാകുന്നു. കടൽ കാണാൻ സഹായിക്കുന്നു, റെസ്റ്റോറന്റുകളിൽ കൂട്ട് വരുന്നു’ അവർ ഒരിക്കൽ ഇൻഡിപെൻഡന്റിനോട് പറഞ്ഞു.  

തന്റെ പെൻഷനിൽ നിന്ന് പണം മാറ്റിവച്ചും പൂക്കളും, കരകൗശല വസ്തുക്കൾ വിറ്റും സഞ്ചരിക്കാനുള്ള പണം അവർ കണ്ടെത്തിയെന്ന് 2016 ൽ അവരെ കണ്ടുമുട്ടിയ റഷ്യൻ ബ്ലോഗറായ എകറ്റെറിന പപ്പീന ഒരു ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി. അവരുമായുള്ള ഒരു ചിത്രം പാപ്പിന സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചു. ആ ചിത്രം ഓൺ‌ലൈനിൽ വൈറലാകുകയും ഫേസ്ബുക്കിൽ 14,000 ഷെയറുകൾ നേടുകയും ചെയ്തു. അതിനുശേഷം, എലീനയുടെ ചെറുമകൻ അവർക്കായി ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവ ആരംഭിക്കുകയും യാത്രയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തു. അവസാന ഘട്ടത്തിൽ അവർക്ക് കാൻസർ ബാധിച്ചുവെങ്കിലും, അവർ തന്റെ യാത്രകൾ മുടക്കിയില്ല. അവർക്ക് ഫേസ്ബുക്കിൽ 8,000 -ത്തിലധികം ഫോളോവേഴ്‌സും ഇൻസ്റ്റാഗ്രാമിൽ 5,000 -ലധികം ഫോളോവേഴ്‌സും യൂട്യൂബിൽ 750 -ലധികം സബ്‌സ്‌ക്രൈബർമാരും ഉണ്ടായിരുന്നു. മുത്തശ്ശി 2019 -ൽ മരിച്ചിട്ടും, അവർ ഇന്നും ആളുകളുടെ മനസ്സിൽ ജീവിക്കുന്നു. മരണത്തിന് എട്ട് വർഷം മുമ്പാണ് എലീന യാത്രകൾ ആരംഭിച്ചത്. ഈ പ്രായത്തിൽ യാത്രകൾ നടത്താൻ, അതും ഒറ്റയ്ക്ക് എത്ര പേർക്ക് സാധിക്കുമെന്നത് ഊഹിക്കാവുന്നത്തെ ഉള്ളൂ. എന്നിട്ടും അവർക്ക് അതിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് തന്റെ സ്വപ്നത്തെ പിന്തുടരാനുള്ള അവരുടെ അടങ്ങാത്ത ആഗ്രഹത്തിന്റെ ഫലമാണ്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!