അഭിഭാഷക ധരിച്ച വസ്ത്രത്തെ കോടതിയില്‍ പരസ്യമായി ചോദ്യം ചെയ്ത് ജഡ്ജി; പോസ്റ്റ് വൈറൽ

Published : Sep 25, 2026, 02:08 PM IST
Mariah Medina

Synopsis

ജഡ്ജി തന്നെ ബെഞ്ചിന് അടുത്തേക്ക് വിളിപ്പിക്കുകയും, ജൂറി വിചാരണയ്ക്ക് ഈ വസ്ത്രം അനുയോജ്യമാണോ എന്ന് ചോദിച്ച് തമാശ രൂപത്തിൽ പരിഹസിക്കുകയും ചെയ്തു. കാറിൽ ബ്ലേസർ / കോട്ട് കരുതിയിട്ടുണ്ടോ എന്നും ജഡ്ജി ചോദിച്ചു.

കോടതിയിൽ വെച്ച് താൻ ധരിച്ച വസ്ത്രത്തെക്കുറിച്ച് ജഡ്ജി പരസ്യമായി വിമർശനം ഉന്നയിച്ചതായി വെളിപ്പെടുത്തി ടെക്സസ് സ്വദേശിയായ ക്രിമിനൽ ഡിഫൻസ് വക്കീലും മുൻ ടിവി അവതാരകയുമായ മരിയ മെദീന. സോഷ്യൽ മീഡിയയിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സാന്റാ അന്റോണിയോയിലെ ബെക്സാർ കൗണ്ടി ഗവൺമെന്റ് കെട്ടിടത്തിൽ വെച്ചു നടന്ന കോടതി നടപടിക്രമത്തിനിടയിലാണ് സംഭവം. താൻ ധരിച്ചിരുന്ന സ്ലീവ്‌ലെസ്സ് ആയ ഗ്രേ കളർ ഷിഫ്റ്റ് ഡ്രസ് കോടതിക്ക് അനുയോജ്യമല്ലെന്ന് ജഡ്ജി യോലണ്ട ഹഫ് വിമർശിക്കുകയായിരുന്നു എന്ന് മരിയ മെദീന പറയുന്നു.

സംഭവത്തെക്കുറിച്ച് മരിയ മെദീന പറയുന്നത് ഇങ്ങനെ; താൻ ധരിച്ചിരുന്ന വസ്ത്രം മാധ്യമപ്രവർത്തകയായിരുന്ന കാലത്തും മറ്റ് കോടതികളിൽ പോയപ്പോഴും നിരവധി തവണ ധരിച്ചിട്ടുള്ളതാണ്. എന്നാൽ, ജഡ്ജി തന്നെ ബെഞ്ചിന് അടുത്തേക്ക് വിളിപ്പിക്കുകയും, ജൂറി വിചാരണയ്ക്ക് ഈ വസ്ത്രം അനുയോജ്യമാണോ എന്ന് ചോദിച്ച് തമാശ രൂപത്തിൽ പരിഹസിക്കുകയും ചെയ്തു. കാറിൽ ബ്ലേസർ / കോട്ട് കരുതിയിട്ടുണ്ടോ എന്നും ജഡ്ജി ചോദിച്ചു. ഇത് തനിക്ക് ഏറെ നിരാശയുണ്ടാക്കിയെന്നും ലൈസൻസ് ലഭിച്ചതിനുശേഷമുള്ള ആദ്യത്തെ മോശം അനുഭവമാണെന്നും അവർ എക്സ് (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

എങ്കിലും കോടതിയുടെ അധികാരത്തെയും നിയമങ്ങളെയും താൻ ബഹുമാനിക്കുന്നുവെന്നും ഇനിമുതൽ ഈ ജഡ്ജിയുടെ കോടതിയിൽ വരുമ്പോൾ വസ്ത്രത്തിന് മുകളിൽ കോട്ട് ധരിക്കുമെന്നും അവർ വ്യക്തമാക്കി. ഈ സംഭവത്തിന് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മരിയ മെദീനയ്ക്ക് പിന്തുണയുമായി എത്തിയ ചിലർ, ജഡ്ജിയുടെ നടപടി തികച്ചും മോശവും അപമാനകരവുമാണെന്നും വസ്ത്രത്തിൽ കുഴപ്പമില്ലെന്നും അഭിപ്രായപ്പെട്ടു. പരസ്യമായി അപമാനിക്കുന്നതിന് പകരം ജഡ്ജിക്ക് ഇത് സ്വകാര്യമായി പറയാമായിരുന്നു എന്നും ചിലർ ചൂണ്ടിക്കാണിച്ചു.

അതേസമയം, കോടതികൾ വളരെ ഗൗരവമുള്ള സ്ഥലങ്ങളാണെന്നും അവിടെ കർശനമായ വസ്ത്രരീതികൾ പാലിക്കണമെന്നും ജഡ്ജിയെ അനുകൂലിച്ചുകൊണ്ട് ചിലർ വാദിച്ചു. സ്ലീവ്‌ലെസ്സ് വസ്ത്രങ്ങൾ ധരിക്കുമ്പോൾ അതിന് മുകളിൽ ജാക്കറ്റോ ബ്ലേസറോ ധരിക്കേണ്ടത് മര്യാദയാണെന്നും ചിലർ അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

കേൾവിശക്തിയില്ലാത്ത ഡ്രൈവർ, ഭിന്നശേഷി സൗഹാർദ്ദപരമായി മാറണ്ടേ ഇന്ത്യയും? പോസ്റ്റ്
തനിത്തങ്കമാണ് നിങ്ങളുടെ ഹൃദയം; പെൻഷനില്ല, ഡ്രൈവർക്കും വീട്ടുജോലിക്കാരിക്കുമായി സേവിം​ഗ്സ് തുടങ്ങി യുവാവ്