
ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുളള ഭക്ഷ്യവസ്തു ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ ചോക്ലേറ്റ്. ഇന്ന് ലോക ചോക്ലേറ്റ് ദിനമാണ്. സന്തോഷ നിമിഷങ്ങളെ മധുരതരമാക്കിയ ചോക്ലേറ്റ് ലോകത്ത് ഏറ്റവും ജനപ്രിയ ഭക്ഷ്യ വസ്തുവാണ്. എന്നാൽ ചോക്ലേറ്റിനു പിന്നിലുള്ള ഒരു രസകരമായ കഥയുണ്ട്.
ഏതാണ്ട് 2000വര്‍ഷം മുന്‍പ് മായന്മാരുടെ കാലത്താണ് ചോക്ലേറ്റ് രുചി നാവുകളില്‍ ചേക്കേറിയത്. മധ്യ തെക്കെ അമേരിക്കയില്‍ വ്യാപകമായി കൊക്കോ മരങ്ങളുണ്ടായിരുന്നു. കൊക്കോ ബീനില്‍ നിന്നുളള ചോക്ലേറ്റിന് കയ്പു രസമായിരുന്നെങ്കിലും ഔഷധപാനീയമായി ഉപയോഗിച്ചു. പതിനാറാം നൂറ്റാണ്ട് വരെ അമേരിക്കയില്‍ മാത്രമായിരുന്നു ചോക്ലേറ്റ് ഉണ്ടായിരുന്നത്. സ്പാനിഷ് പര്യവേഷകനായ ഹെര്‍ണാണ്ടോ കോര്‍ട്ടെസ് ചോക്ലേറ്റിനെ യൂറോപ്പിന് പരിചയപ്പെടുത്തി. കയ്പ്പുരസരം കുറയ്ക്കാന്‍ പഞ്ചസാര കൂടി കലര്‍ത്തിയതോടെ പാനീയം കൂടുതല്‍ മധുരതരവും ജനപ്രിയവുമായി.
പത്തൊൻപതാം നൂറ്റാണ്ടോടെ പാനീയത്തില്‍ നിന്ന് ഖരാവസ്ഥയിലേക്ക് രൂപമാറ്റം സംഭവിച്ചു. ബ്രിട്ടീഷ് കന്പനിയായ ജെ എസ് ഫ്രൈ ആന്‍ഡ് സണ്‍സ് കൊക്കോ പൗഡറും കൊക്കോ ബട്ടറും പഞ്ചസാരയും ചേര്‍ത്ത ആദ്യത്തെ ചോക്ലേറ്റ് ബാര്‍ പുറത്തിറക്കി. ഇതോടെ ചോക്ലേറ്റ് വിപ്ലവം ലോകമെങ്ങുമെത്തി. ബാറിനൊപ്പം പാല്‍ ചേര്‍ത്തതോടെ മില്‍ക്ക് ചോക്ലേറ്റായി. പല രൂപത്തിലും ഫ്ലേവറുകളിലും ചോക്ലേറ്റ് നിത്യജീവിതത്തിന്‍റെ ഭാഗമായി. ചോക്ലേറ്റ് യൂറോപ്പില്‍ എത്തിയതിന്‍റെ വാര്‍ഷികമെന്ന നിലയിലാണ് 2009 മുതല്‍ ജൂലൈ 7 ലോക ചോക്ലേറ്റ് ദിനമായി ആഘോഷിക്കുന്നത്. അതിരുകളില്ലാത്ത മധുരത്തിലൂടെ ലോകത്തെ ഒരുമിപ്പിക്കുന്നുവെന്നാണ് ദിനസങ്കല്‍പ്പം. അധികമായാല്‍ അമൃതും അപകടമെന്ന് പറയുന്ന പോലെയാണ് ചോക്ലേറ്റ് ഉപയോഗവും. ശരീരഭാരം കൂട്ടുന്നതിനൊപ്പം രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കാനും പല്ലുകള്‍ക്ക് കേടുപാടുണ്ടാക്കാനും ചോക്ലേറ്റ് വഴിവെക്കും.