ഗവേഷകരെ ഞെട്ടിച്ചു കൊണ്ട് രഹസ്യകേന്ദ്രത്തിൽ ജുറാസിക് ഫോസിലുകൾ, പഠിച്ച ശേഷം പ്രദർശിപ്പിക്കും

By Web TeamFirst Published Jul 22, 2021, 10:34 AM IST
Highlights

ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇവ ഇങ്ങനെ കേടുകൂടാതെ ലഭിച്ചതില്‍ അവിടുത്തെ പ്രകൃതിക്കും കാര്യമായ പങ്കുണ്ട് എന്നും ഹ്യൂഗ്സ് പറയുന്നു.

കോട്ട്സ്വോള്‍ഡ്സിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ നിന്നും ആയിരക്കണക്കിന് ജുറാസിക് ഫോസിലുകള്‍ കണ്ടെത്തിയിരിക്കുകയാണ്. നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ നിന്നുള്ള ഒരു സംഘമാണ് ഇത് കണ്ടെത്തിയത്. യുകെ -യില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പ്രധാനപ്പെട്ട ജുറാസിക് സൈറ്റാണ് ഇത് എന്നാണ് കരുതുന്നത്. 

നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ പാലിയന്‍റോളജിസ്റ്റ് ആയ ഡോ. ടിം എവിന്‍ പറയുന്നു, 'എന്‍റെ കരിയറിലെ തന്നെ ഏറ്റവും നല്ല ശാസ്ത്രീയ കണ്ടുപിടിത്തമാണ് ഇത്. കൂടാതെ വളരെ പ്രാധാന്യമര്‍ഹിക്കുന്ന കണ്ടുപിടിത്തം കൂടിയാണിത്. കാരണം, വ്യത്യസ്ത തരത്തിലുള്ള ഫോസിലുകളാണ് ഇവിടെ കണ്ടെത്തിയത്. ലോകത്തിന്‍റെ പല ഭാഗത്തുനിന്നുമുള്ള ഗവേഷണങ്ങള്‍ക്ക് ഇത് ഉപകരിക്കുമെന്നാണ് കരുതുന്നത്. ഈ കാലഘട്ടത്തിലെ ഭൂമിശാസ്ത്രപരമായ സൈറ്റുകളിൽ ഇത് അഭൂതപൂർവമാണ്. ബ്രിട്ടണില്‍ മാത്രമല്ല ലോകത്തിലെല്ലായിടത്തുമായി.' 

ഇവിടെനിന്നും കണ്ടെത്തിയ ഫോസിലുകള്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ വിവിധ ഗവേഷണങ്ങള്‍ക്ക് വിധേയമാവും. അവിടെ അവ വൃത്തിയാക്കുകയും പഠിക്കുകയും ചിലതെല്ലാം പ്രദര്‍ശിപ്പിക്കുകയും ചെയ്യും. നാച്ചുറല്‍‌ ഹിസ്റ്ററി മ്യൂസിയം ക്യുറേറ്റര്‍ സോയി ഹ്യൂഗ്സ് പറയുന്നതും അത് തന്നെയാണ്. ഇങ്ങനെയൊരു അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല എന്ന്. 'ഇത് അതിശയകരമാണ്, അത്ഭുമാം വിധമാണ് അവ സംരക്ഷിക്കപ്പെട്ടിരുന്നത്. അതില്‍ പലതും മനോഹരമായ പ്രദര്‍ശന വസ്തുക്കള്‍ പോലുമാണ്. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇവ ഇങ്ങനെ കേടുകൂടാതെ ലഭിച്ചതില്‍ അവിടുത്തെ പ്രകൃതിക്കും കാര്യമായ പങ്കുണ്ട്' എന്നും ഹ്യൂഗ്സ് പറയുന്നു. 

ലോക്ക് ഡൗണ്‍ സമയത്ത് ഹോബി ഫോസില്‍ ഹണ്ടേഴ്സ് ആയ ന്യൂവും സാലിയുമാണ് ഇവ കണ്ടെത്തിയത്. 'ഈ മഹാമാരിക്കാലത്ത് ഒരുപാട് സമയമുണ്ട് വെറുതെ. ന്യൂവ് ഒരുപാട് കാര്യങ്ങള്‍ വായിക്കുകയും ഇങ്ങനെയുള്ള സ്ഥലങ്ങളെ കുറിച്ച് പഠിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെയാണ് ഗൂഗിള്‍ മാപ്പില്‍ ഒരു ക്വാറി പ്രത്യക്ഷപ്പെടുന്നത്. ലോക്ക് ഡൌണ്‍ കഴിഞ്ഞ ഉടനെ പെര്‍മിഷനെടുത്തു, വരാനും പരിശോധിക്കാനും' എന്ന് സാലി പറയുന്നു. പിന്നീടാണ്, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നിന്നുമുള്ള സംഘം എത്തുന്നതും അവ പഠിക്കാനായിട്ടുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നതും. 

ഏതായാലും ഭൂമി എന്തെല്ലാം അത്ഭുതങ്ങൾ നിറഞ്ഞതാണ്. എന്തെല്ലാം ജീവികളും എന്തെല്ലാം മാറ്റങ്ങളും നടന്ന ശേഷമാണ് അവ ഇക്കാണുന്ന പോലെ ആയത്. ഇനിയും എന്തെല്ലാം മാറ്റങ്ങൾക്ക് അവ വിധേയമാവും. ഒരുകാലത്ത് ലോകത്തെ വിറപ്പിച്ച ദിനോസറുകളെ കുറിച്ചുള്ള പുതിയ വിവരങ്ങളിലേക്ക് നയിക്കും ഈ കണ്ടെത്തലെന്ന് കരുതാം.

click me!