
വിചിത്രമായ പലതും കടൽത്തീരത്ത് വന്നടിയുന്നത് ചിലപ്പോഴൊക്കെ നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ, ഒരു കെട്ടിടം മുഴുവനായി കടൽത്തീരത്ത് വന്നടിയുന്നത് ചിന്തിക്കാൻ സാധിക്കുമോ? എൽ സാൽവദോറിലെ കോസ്റ്റ ഡെൽ സോളിലെ കടൽത്തീരത്താണ് ഒരു സുപ്രഭാതത്തിൽ ദുരൂഹമായ സാഹചര്യത്തിൽ തകർന്ന ഒരു വില്ല കണ്ടെത്തിയത്. രാത്രിയിൽ എങ്ങനെയാണ് അത് അവിടെയെത്തിയതെന്ന് ആർക്കും ഒരുപിടിയുമില്ല. വില്ലയ്ക്ക് കുറച്ച് കാലത്തെ പഴക്കമുണ്ടെന്ന് അനുമാനിക്കപ്പെടുന്നു. എന്നിരുന്നാലും, ഈ വില്ല ശക്തമായ കൊടുങ്കാറ്റിന്റെ ഇരയായിരിക്കാമെന്നും കരുതുന്നുണ്ട്. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് എൽ സാൽവഡോർ തീരത്ത് ഭീകരമായ ചുഴലിക്കാറ്റ് വീശിയതായി റിപ്പോർട്ടുണ്ട്.
പുന്റില്ല ബീച്ചിലെ ഉപേക്ഷിക്കപ്പെട്ട ഈ വില്ലയെ ജനപ്രിയമാക്കിയത് ടിക് ടോക്ക് ചെയ്യുന്ന സാൽവഡോർ നിവാസിയുടെ ചോലോപാൻസ വ്ലോഗ്‌സാണ്. അദ്ദേഹം ആ കെട്ടിടം സന്ദർശിക്കുകയും, അതിന്റെ വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. വൈറലായി മാറിയ ആ വീഡിയോ നാല്പത് ലക്ഷത്തിൽ പരം ആളുകൾ കണ്ടു കഴിഞ്ഞു. തുടർന്ന് യാത്രക്കാർ സൈറ്റിലേക്ക് ഒഴുകാൻ തുടങ്ങി. കെട്ടിടത്തിന്റെ ചരിത്രത്തെ കുറിച്ച് ആർക്കും കാര്യമായ അറിവൊന്നുമില്ല. എന്നിരുന്നാലും ദിനപത്രമായ ലാ പ്രെൻസ ഗ്രാഫിക്ക, അതിന്റെ ഭൂതകാലത്തെക്കുറിച്ച് അടുത്തിടെ എഴുതുകയുണ്ടായി.
ഏകദേശം 28 വർഷം മുമ്പ്, വില്ല എന്ന് വിളിക്കപ്പെടുന്നത് ഇത് പ്യൂർട്ടോ വെൻചുറ എന്ന് പേരുള്ള ഒരു ഹോട്ടലായിരുന്നു. ഒരിക്കൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി, മണൽ കടൽത്തീരത്തിലേക്ക് ഇറക്കി ഹോട്ടൽ പണിയാൻ ഉടമകൾ തീരുമാനിച്ചു. എന്നാൽ കെട്ടിടത്തിന്റെ അടിത്തറയെ ഇത് ദുർബലമാക്കി. 1998 -ൽ എൽ സാൽവഡോറിൽ ആഞ്ഞടിച്ച മിച്ച് ചുഴലിക്കാറ്റിൽ ഈ ഹോട്ടലും തകർന്നിരിക്കാമെന്ന് കരുതപ്പെടുന്നു. എന്നിരുന്നാലും ഇത് സ്ഥിരീകരിച്ചിട്ടില്ല. കടൽ തിരമാലകളും ഉപ്പുവെള്ളവും കാരണം ഈ ഹോട്ടൽ തകർന്നതായും പറയപ്പെടുന്നു. അതിനുശേഷം അത് ഒരു ക്രിസ്ത്യൻ പള്ളിയുടെ ആസ്ഥാനമായി മാറി. പക്ഷേ ഘടന മോശമായത്തോടെ, അത് വീണ്ടും ഉപേക്ഷിക്കപ്പെട്ടു.
ഇന്ന്, തകർന്ന ആ കെട്ടിടം കഴിഞ്ഞ കാലത്തെ ഓർമ്മിപ്പിച്ച് കൊണ്ട് കടൽത്തീരത്ത് അവശേഷിക്കുന്നു. തിരമാലകൾക്കിടയിൽ നിൽക്കുന്ന അത് കാണാൻ പകൽ ആളുകൾ വരുന്നു. എന്നാൽ വൈകീട്ടാകുമ്പോഴേക്കും കെട്ടിടത്തിൽ വെള്ളം കയറും. ചുവരുകളിൽ വലിയ വിള്ളലുകൾ ഉണ്ടെങ്കിലും, എപ്പോൾ വേണമെങ്കിലും തകർന്നുവീഴാമെങ്കിലും, ഉപേക്ഷിക്കപ്പെട്ട അതിന്റെ മുകളിലത്തെ നിലയിൽ കയറി ആളുകൾ സെൽഫികൾ എടുക്കുന്നു. ഒറ്റപ്പെട്ട് നിൽക്കുന്ന ആ കെട്ടിടത്തിന്റെ ചുറ്റിപ്പറ്റി നിരവധി പേടിപ്പെടുത്തുന്ന കഥകളും പ്രചരിക്കുന്നു. രാത്രി കാലങ്ങളിൽ ഉയരമുള്ള ഒരു കറുത്ത മനുഷ്യനെ ശൂന്യമായ ആ കെട്ടിടത്തിൽ നടക്കുന്നത് കാണാറുണ്ടെന്നും നാട്ടുകാർ പറയുന്നു. എന്നിരുന്നാലും കടൽത്തീരത്ത് വില്ലയുടെ അവശിഷ്ടങ്ങൾ എങ്ങനെ വന്നുവെന്നത് ഇപ്പോഴും അവ്യക്തമാണ്. സമുദ്രത്തിൽ രൂപപ്പെട്ട ശക്തമായ ഒരു കൊടുങ്കാറ്റ് അവയെ കരയിലേക്ക് കൊണ്ടുവന്നിരിക്കാമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. അതല്ല, അവശിഷ്ടങ്ങൾ വളരെക്കാലമായി രഹസ്യമായി സൂക്ഷിച്ചിരിക്കാമെന്നും, ഇപ്പോൾ മാത്രമാണ് ലോകത്തിന് അതിനെ കുറിച്ച് അറിവ് ലഭിച്ചതെന്നും ചിലർ പറയുന്നു.