
വിവാദ 'ആള്‍ദൈവം' നിത്യാനന്ദ ഇന്ത്യ വിട്ടതിന് ശേഷം ഇപ്പോൾ ഇതാ 'കൈലാസ' എന്നപേരിൽ സ്വന്തമായി ഒരു രാജ്യം സ്ഥാപിക്കാൻ ഒരുങ്ങുകയാണ്. പാസ്സ്പോർട്ടില്ലാതെ ഇന്ത്യയിൽനിന്നും പലായനം ചെയ്ത അയാൾ ഇപ്പോൾ കൈലാസ രാജ്യമുണ്ടാക്കിയതിനെക്കുറിച്ചാണ് പുതിയ വാര്‍ത്തകള്‍. പാസ്പോർട്ട് ഇല്ലാതെ എങ്ങനെയാണ് നിത്യാനന്ദ രാജ്യം വിട്ടത് എന്ന് ജനങ്ങൾ അത്ഭുതപ്പെട്ടിരിക്കുമ്പോഴാണ് പുതിയ രാജ്യവിശേഷം. ഇത് വെറും ഊഹമല്ല. അയാളുടെ വെബ്‌സൈറ്റിയിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് ഇതെല്ലാം. സ്വന്തം രാജ്യത്ത് ഹിന്ദുവായി തുടരാൻ കഴിയാത്ത ലോകത്തിലെ എല്ലാ ഹിന്ദുക്കൾക്കും വേണ്ടിയാണ് നിത്യാനന്ദ അതിരുകളില്ലാത്ത ഈ രാജ്യം സ്ഥാപിച്ചത് എന്നാണ് വെബ്സൈറ്റ് അവകാശപ്പെടുന്നത്.
നിത്യാനന്ദയുടെ യഥാർത്ഥ പേര് രാജശേഖരൻ എന്നാണ്. 2005 -ൽ ബാംഗ്ലൂരിൽ സ്വന്തമായി ഒരു ആശ്രമം തുടങ്ങിയതിനുശേഷമാണ് അയാൾ പ്രശസ്തനാകാൻ തുടങ്ങുന്നത്. 2012 -ൽ ഒരു നടിയുമായുള്ള വിവാദ വീഡിയോ പുറത്തു വന്നപ്പോൾ നിത്യാനന്ദ കൂടുതല്‍ കുപ്രസിദ്ധി നേടി. തുടർന്ന് അയാളെ ബലാത്സംഗക്കുറ്റം ചുമത്തി അറസ്റ്റും ചെയ്തു. മതത്തിന്‍റെയും ആത്മീയതയുടെയും മറവിൽ ഒരു ശിഷ്യയെ ആക്രമിച്ചത്തിനെ തുടർന്ന് ഇയാളുടെ പേരിൽ മറ്റൊരു ബലാത്സംഗ കേസ്സും ഉണ്ട്. കഴിഞ്ഞമാസം അഹമ്മദാബാദിലെ അദ്ദേഹത്തിൻ്റെ ആശ്രമത്തിൽ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന വാർത്ത ഏറെ വിവാദമായിരുന്നു. തുടർന്ന് ഒളിവിൽ പോയ അയാൾ രാജ്യംവിട്ടതായി പോലീസുകാർ അറിയിച്ചിരുന്നു.
സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിത്യാനന്ദ ഇക്വഡോറിനടുത്ത് ഒരു ദ്വീപ് വാങ്ങിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിത്യാനന്ദയുടെ പുതിയ രാജ്യത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവരുമ്പോൾ അയാള്‍ ശരിക്കും ഓഷോയുടെ പാതകൾ പിന്തുടരുകയാണോ എന്ന് സംശയിച്ചു പോകും.
കാരണം ഓഷോയും സ്വന്തമായി ഒരു നഗരം സ്ഥാപിക്കുകയുണ്ടായി. ഓഷോ എന്ന പേരിൽ പ്രസിദ്ധിയാർജ്ജിച്ച രജനീഷ് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. അവിടെ ഒറിഗൺ എന്ന സംസ്ഥാനത്ത് സ്വന്തമായി ഒരു നഗരവും സ്ഥാപിച്ചു. എന്നാല്‍, വൈകാതെ ഇത് ആന്‍റലോപ് നഗരത്തിന്‍റെ സമാധാനവും ചൈതന്യവും നശിപ്പിക്കാൻ ഇടയായി. 80 -കളിൽ നഗരപദവി നേടിയ ഈ സമൂഹം ഓഷോയുടെ ശിഷ്യന്മാരുടെ കൈവശമായിരുന്നു. ക്രമേണ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി അത് മാറി. യുദ്ധം, ചാരവൃത്തി, കുടിയേറ്റത്തട്ടിപ്പ് കേസുകൾ തുടങ്ങിയവ ആന്‍റലോപ്പിനെയും സമൂഹത്തെയും ഭീതിയിലാഴ്ത്തി. ഒരുകണക്കിന് നോക്കിയാൽ നിത്യാനന്ദ ചെയ്യുന്നതും അതാവില്ലേ?
നിത്യാനന്ദയെ യുഎസിലെ ഏറ്റവും കുപ്രസിദ്ധ ആരാധനാ നേതാക്കളിൽ ഒരാളായ ജിം ജോൺസിനുമായും ചിലർ താരതമ്യപ്പെടുത്തുന്നുണ്ട്. ജിം ജോൺസ് ഒരു 'ആത്മീയ നേതാവാ'യിരുന്നു.
അയാള്‍ സ്വന്തമായി ഒരു ആരാധനാ രീതി കൊണ്ടുവരികയും ആയിരക്കണക്കിന് ശിഷ്യന്മാരെ സ്വന്തമാക്കുകയും ചെയ്തു. നിത്യാനന്ദയെപ്പോലെ ജോൺസും ജോൺസ്‍ടൗണ്‍ എന്ന പേരിൽ സ്വന്തം നഗരം സ്ഥാപിച്ചു. എന്നിട്ടവിടെ തന്‍റെ അനുയായികൾക്കൊപ്പം താമസിച്ചു.
ജിം ജോണ്‍സ്
ജോൺസ് തന്‍റെ സഹവർത്തികളുമായി ചേർന്ന് ഒരു പദ്ധതി ഉണ്ടാക്കി. അതനുസരിച്ച് അയാളുടെ അനുയായികളെ പറഞ്ഞുപറഞ്ഞ് ഒരു കൂട്ടആത്മഹത്യയ്ക്ക് അയാൾ പ്രേരിപ്പിച്ചു. 1978 -ൽ തൊള്ളായിരത്തോളം അനുയായികളെ ജോൺസ്‍ടൗണിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇത് പിന്നീട് 9/11 ആക്രമണത്തിന് മുൻപ് നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയായി കണക്കാക്കപ്പെട്ടു.
ആദ്യം ജോൺസ്‍ ടൗൺ. പിന്നെ രജനീശപുരം. ഇപ്പോഴിതാ കൈലാസയും.