മൂന്നുവർഷമായി ആരെയും ഫോൺ ചെയ്തിട്ടില്ല, എങ്കിലും ഇന്നും ഈ നഗരത്തിലുണ്ട് ദാവൂദ് ഇബ്രാഹിം എന്ന അണ്ടർ വേൾഡ് ഡോൺ

Published : Dec 04, 2019, 03:20 PM ISTUpdated : Dec 04, 2019, 03:32 PM IST
മൂന്നുവർഷമായി ആരെയും ഫോൺ ചെയ്തിട്ടില്ല, എങ്കിലും ഇന്നും  ഈ നഗരത്തിലുണ്ട് ദാവൂദ് ഇബ്രാഹിം എന്ന അണ്ടർ വേൾഡ് ഡോൺ

Synopsis

മദ്യലഹരിയിലാണ് ദാവൂദ് ആ ഫോൺ വിളി നടത്തിയതെന്നും, അതുകൊണ്ടുതന്നെ സംസാരത്തിനിടെ നാക്ക് കുഴയുന്നുണ്ടായിരുന്നെന്നും അന്ന് ദില്ലിപൊലീസ് ചീഫ് പറഞ്ഞിരുന്നു. 

ഇന്ത്യ തേടുന്ന കൊടുംകുറ്റവാളികളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തിരിക്കുന്നയാൾ... ഒരുകാലത്ത് മുംബൈ അധോലോകത്തെ ഉള്ളംകൈയിലെ വെച്ച് പന്താടിയിരുന്ന ഡി കമ്പനിയുടെ ഡോൺ, ദാവൂദ് ഇബ്രാഹിം കഴിഞ്ഞ മൂന്ന് വർഷമായി ആരെയെങ്കിലും ഒന്ന് ഫോൺ ചെയ്തിട്ട്. അവസാനമായി ദാവൂദ് വിളിച്ച ഫോൺ കോൾ ദില്ലിപൊലീസ് ഇന്റർസെപ്റ്റ് ചെയ്തിരുന്നു, 2016 നവംബറിൽ. 1993 -ലാണ് മുംബൈ ബോംബുസ്ഫോടനത്തെത്തുടർന്ന് പൊലീസ് അറസ്റ്റുചെയ്യും എന്നായപ്പോഴാണ് ദാവൂദ് മുംബൈ വിട്ട് ദുബായ് വഴി കറാച്ചിയിലേക്ക് കടക്കുന്നത്.  റോ നൽകിയ രഹസ്യവിവരത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് അവർ ദാവൂദിന്റെ കറാച്ചി നമ്പർ നിരീക്ഷണത്തിൽ സൂക്ഷിച്ചതിന്റെ ഫലമായിട്ടാണ് അത് സാധ്യമായത്. ആ അവസാന കോൾ പതിനഞ്ചു മിനിറ്റോളം നീണ്ടുനിന്നു. അടുത്ത ഏതോ അനുയായിയുമായിട്ടായിരുന്നു ദാവൂദിന്റെ ഫോൺ സംഭാഷണം. കോളിന്റെ മറുതലക്കൽ ആരാണ് എന്നത് വ്യക്തമായിരുന്നില്ല. 

മദ്യലഹരിയിലാണ് ദാവൂദ് ആ ഫോൺ വിളി നടത്തിയതെന്നും, അതുകൊണ്ടുതന്നെ സംസാരത്തിനിടെ നാക്ക് കുഴയുന്നുണ്ടായിരുന്നെന്നും അന്ന് ദില്ലിപോലീസ് ചീഫ് പറഞ്ഞിരുന്നു. അത് തികച്ചും വ്യക്തിപരമായ ഒരു കുശലാന്വേഷണം മാത്രമായിരുന്നു എന്നും അധോലോകത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒന്നായിരുന്നില്ല എന്നും പൊലീസ് അന്ന് പറഞ്ഞിരുന്നു. അന്ന് ആ കോൾ സംബന്ധിച്ച വിവരങ്ങൾ ഇന്റലിജൻസ് ബ്യൂറോ, റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങ് എന്നിവയും അന്വേഷണവിധേയമാക്കിയിരുന്നു. 

1993  മാർച്ച് 12 -ന്  പന്ത്രണ്ടിടങ്ങളിൽ നടത്തിയ കാർബോംബ് സ്‌ഫോടനങ്ങൾ അന്ന് 250 -ൽ പരം പേരുടെ ജീവനെടുത്തിരുന്നു. ആയിരത്തിലധികം പേർക്ക് സ്‌ഫോടനങ്ങളിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. ആ ആക്രമണങ്ങളിൽ ഒന്നാം പ്രതിയാണ് ദാവൂദ് ഇബ്രാഹിം. 2001 -ൽ അമേരിക്കയിൽ 9/11 ആക്രമണങ്ങൾ നടക്കും വരെ മുംബൈ ബോംബുസ്ഫോടന പരമ്പര തന്നെയായിരുന്നു, ആധുനിക ലോകത്തെ ഏറ്റവും വലിയ ഭീകരാക്രമണവുമായി കണക്കാക്കപ്പെട്ടിരുന്നത്. സംഘടിതമായ കുറ്റകൃത്യങ്ങളുടെ പേരിൽ ഇന്റർപോൾ ലിസ്റ്റിലും ദാവൂദുണ്ട്. ഫോർബ്‌സ് മാസികയുടെ ലോക കുറ്റവാളി ലിസ്റ്റിൽ നാലാം സ്ഥാനമാണ് ദാവൂദ് ഇബ്രാഹിമിന്റേത്. അൽക്വയിദ ബന്ധങ്ങളുടെ പേരിൽ 2003 ഒക്ടോബറിൽ  അമേരിക്കൻ സർക്കാർ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചതാണ് ദാവൂദിനെ.

ഒസാമാ ബിൻ ലാദനുമായി വളരെ അടുപ്പം ദാവൂദ് കാത്തുസൂക്ഷിച്ചിരുന്നു എന്നാണ് കരുതപ്പെടുന്നത്. ലഷ്കർ ത്വയ്യിബ അടക്കം ഇന്ത്യൻ മണ്ണിൽ അശാന്തിയുടെ വിത്തുകൾ വിതക്കുന്ന പല തീവ്രവാദസംഘടനയ്ക്കും വേണ്ട ഫണ്ടുകൾ തരപ്പെടുത്തിയിരുന്നത് ദാവൂദ് ഇബ്രാഹിം ആയിരുന്നു. 

പ്രതിരോധവകുപ്പിലെ രഹസ്യകേന്ദ്രങ്ങളിൽ നിന്നുള്ള വിവരപ്രകാരം, ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവൽ, ദാവൂദ് ഇബ്രാഹിമിനായി ഗൾഫിലും, യൂറോപ്പിലുമെല്ലാം കടുത്ത സമ്മർദ്ദങ്ങൾ ചെലുത്തിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ദാവൂദും സഹോദരൻ അനീസ് ഇബ്രാഹിമും ഒന്നും ഇപ്പോൾ സെൽഫോൺ ഉപയോഗിക്കുന്നില്ലത്ര. ഈ സമ്മർദ്ദങ്ങളെത്തുടർന്ന്, മുംബൈയിലെ ബിസിനസുകാർക്ക് ദാവൂദിന്റെ അടുത്ത അനുയായിയായ ചോട്ടാ ഷക്കീലിൽ നിന്ന് ഇടയ്ക്കിടെ വന്നെത്തുമായിരുന്ന ഭീഷണിക്കോളുകളും കുറഞ്ഞിട്ടുണ്ടത്രെ. 

ഫോൺ ഉപയോഗം പാടെ നിർത്തിയിട്ടുണ്ടെങ്കിലും, ദാവൂദ് ഇബ്രാഹിം ഇപ്പോഴും കറാച്ചിയിൽ തന്നെയുണ്ടെന്ന് ദില്ലി പൊലീസ് പറയുന്നു. എന്നാൽ ഫോൺ വിളി കുറഞ്ഞത്, ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യസ്ഥിതി ക്ഷയിച്ചു എന്നതരത്തിലുള്ള അഭ്യൂഹങ്ങളിലേക്ക്  നയിച്ചിട്ടുണ്ട്. ദാവൂദ് ഇബ്രാഹിമിന് ഹാർട്ട് അറ്റാക്ക് വന്നു എന്നും അദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത്, ചികിത്സതേടി എന്നുമൊക്കെയുള്ള  വാർത്തകൾ പ്രചരിച്ചിരുന്നത് അദ്ദേഹത്തിന്റെ സഹോദരൻ അനീസ് നിഷേധിച്ചിരുന്നു. 


 

PREV
click me!

Recommended Stories

പലസ്തീന് വേണ്ടി പൊടിഞ്ഞ കണ്ണീർ, സുഡാനിൽ ഈയാംപാറ്റകളെ പോലെ മരിച്ച് വീഴുന്ന മനുഷ്യർ
'10 വർഷമായി, കുടുംബവുമായി ജർമ്മനിയിൽ താമസം, പക്ഷേ... എന്തോ ചിലത് നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങണം'; യുവതിയുടെ കുറിപ്പ് വൈറൽ