മകള്‍ ഓടിക്കുന്ന ബസില്‍ പിതാവ് കണ്ടക്ടര്‍; ആവേശം പടര്‍ത്തുന്ന ഒരു ജീവിതകഥ!

By Web TeamFirst Published Apr 16, 2022, 3:38 PM IST
Highlights

ഡ്രൈവറായ പിതാവ് കിടപ്പായപ്പോള്‍ മകള്‍ പകരക്കാരിയായി, കൊവിഡ് കാരണം ബസ് നിര്‍ത്തിയപ്പോള്‍ വായ്പയെടുത്ത് അവളത് വിലയ്ക്കുവാങ്ങി. ഇപ്പോള്‍ അവള്‍ ഓടിക്കുന്ന ബസില്‍ അച്ഛന്‍ കണ്ടക്ടര്‍!
 

കൊല്‍ക്കത്ത പോലൊരു തിരക്കേറിയ നഗരത്തില്‍ ബസ് ഓടിക്കുക എളുപ്പമുള്ള കാര്യമല്ല. ഇടുങ്ങിയ റോഡുകളും, ട്രാഫിക്കും, തിരക്കേറിയ ചന്തകളും വാഹനം ഓടിക്കുന്നത് ദുഷ്‌കരമാക്കുന്നു. എന്നാല്‍ തിരക്കേറിയ ആ റൂട്ടില്‍ പുഷ്പം പോലെ ഒരു സ്വകാര്യ ബസ് ഓടിക്കുകയാണ് 21 കാരിയായ കല്‍പന മൊണ്ടോള്‍. വെറും എട്ടു വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ വളയം പിടിക്കാന്‍ ശീലിച്ച അവള്‍ ഇന്ന് നഗരത്തിലെ 34C-റൂട്ടിലെ ഒരു സ്വകാര്യ ബസിന്റെ ഡ്രൈവറാണ്. ഒരുപക്ഷേ, കൊല്‍ക്കത്തയില്‍ ബസ് ഓടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയും അവള്‍ തന്നെയായിരിക്കും.    

കൊല്‍ക്കത്തയിലെ നോപാരയിലാണ് കല്‍പനയുടെ വീട്. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അവള്‍ക്ക് പഠിപ്പ് പാതിവഴിയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു. അവള്‍ക്ക് ഒരു മൂത്ത സഹോദരിയും, രണ്ട് ചേട്ടന്മാരുമുണ്ട്. അവരെല്ലാം ഒരു ഒറ്റമുറി വീട്ടിലാണ് താമസം. 

ബസ് ഓടിക്കാനുള്ള അവളുടെ ആഗ്രഹം ഡ്രൈവറായ അച്ഛന്റെ കൈയില്‍ നിന്ന് പകര്‍ന്ന് കിട്ടിയതാണ്. കുട്ടിക്കാലത്ത് തന്നെ അച്ഛന്റെ യാത്രകളില്‍ അവളും ഭാഗമായിരുന്നു. ഭാരമുള്ള വാഹനങ്ങള്‍ ഓടിക്കാന്‍ അവള്‍ പഠിക്കുന്നത് എട്ടാമത്തെ വയസ്സിലാണ്. മെയിന്‍ റോഡില്‍ ഓടിക്കില്ലെങ്കിലും, ഇടവഴികളില്‍ ഓടിച്ച് അവളുടെ കൈ തെളിഞ്ഞു. പത്താമത്തെ വയസ്സായപ്പോഴേക്കും അവള്‍ ഒരു മികച്ച ഡ്രൈവറായി.  

ജീവിതം അങ്ങനെ മുന്നോട്ട് പോയ്‌കൊണ്ടിരിക്കുമ്പോള്‍, അവളുടെ കൗമാരപ്രായത്തില്‍ അച്ഛന് ഒരു അപകടം സംഭവിക്കുന്നു. തുടര്‍ന്ന്, അദ്ദേഹം കിടപ്പിലായി. കുടുംബത്തിന് മറ്റ് വരുമാന മാര്‍ഗങ്ങളില്ലായിരുന്നു. എങ്ങനെ അതിജീവിക്കുമെന്ന കാര്യം കീറാമുട്ടിയായി. ആകെ അറിയാവുന്ന ജോലി വാഹനം ഓടിക്കലാണ്,പിന്നെ എന്തുകൊണ്ട് അത് ചെയ്തുകൂടാ എന്നവള്‍ ചിന്തിച്ചു. 

 

 

അമ്മ മംഗോള മകളുടെ തീരുമാനത്തെ പിന്തുണച്ചു. അങ്ങനെ അച്ഛന്‍ ഓടിച്ചിരുന്ന അതെ വണ്ടി മകള്‍ ഓടിക്കാന്‍ തുടങ്ങി.  എന്നാല്‍ ലൈസന്‍സ് ലഭിക്കേണ്ട പ്രായമായില്ലായിരുന്നു അവള്‍ക്ക്. അവള്‍ പലപ്പോഴും പോലീസിന്റെ പിടിയിലാകുകയും പിഴ അടയ്ക്കേണ്ടി വരികയും ചെയ്തിരുന്നു. എന്നിട്ടും അവള്‍ ഡ്രൈവിംഗിനെ സ്‌നേഹിച്ചു. വാഹനം ഓടിച്ചു, കുടുംബത്തെ പോറ്റി.

അപ്പോഴാണ് മഹാമാരി പിടി മുറുകുന്നത്. പകര്‍ച്ചവ്യാധിയെ അതിജീവിക്കാന്‍ കുടുംബം പാടുപെടുന്നതിനിടയില്‍ കല്‍പനയ്ക്ക് കഴിഞ്ഞ വര്‍ഷം ലൈസന്‍സ് ലഭിച്ചു. എന്നാല്‍ അപ്പോഴേക്കും നഷ്ടം മൂലം വാഹനം നിരത്തില്‍ ഇറക്കേണ്ടെന്ന് ബസ്സുടമ തീരുമാനിച്ചു. അവളുടെ കുടുംബം വീണ്ടും പട്ടിണിയിലായി. വരുമാനമില്ലാതെ അവര്‍ വലഞ്ഞു. 

അപ്പോഴും അതിനെ അതിജീവിക്കാന്‍ കല്പന ഒരു മാര്‍ഗ്ഗം കണ്ടെത്തി, ഉടമയില്‍ നിന്ന് ബസ് വാങ്ങുക. കുടുംബം ആ ബസ് വിലയ്ക്ക് വാങ്ങി. ഇപ്പോള്‍ ഗഡുക്കളായി പണമടയ്ക്കുകയാണ് അവര്‍. മാത്രുമല്ല മകള്‍ ബസ് ഓടിക്കുമ്പോള്‍ അച്ഛന്‍ കണ്ടക്ടറായി ജോലി ചെയ്യുന്നു. അപകടത്തില്‍ നിന്ന് മോചനം നേടിയ അദ്ദേഹത്തിന് ഇപ്പോള്‍ അത്യാവശ്യം നടക്കാം. എല്ലാ യാത്രയിലും സഹായിയായി അമ്മയും അവര്‍ക്കൊപ്പമുണ്ട്. 

പൊലീസ് വകുപ്പില്‍ ഒരു ഡ്രൈവറായി ചേരണമെന്നതാണ് അവളുടെ ഏറ്റവും വലിയ ആഗ്രഹം. അതിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ അവള്‍.  
 

click me!