
പലതരത്തിലുള്ള ആസക്തികൾക്ക് മനുഷ്യൻ അടിമപ്പെട്ടു പോകുന്നത് സാധാരണമാണ്. എന്നാൽ, അമേരിക്കൻ സ്വദേശിയായ ഒരു മനുഷ്യന് അമിതമായ ആസക്തി മദ്യത്തോടോ പുകയില ഉൽപ്പന്നങ്ങളോടോ ഒന്നുമല്ല. ട്യൂണ മത്സ്യത്തോടാണ്. വെറും ഇഷ്ടമല്ല ഓരോ ദിവസവും നേരം പുലർന്നാൽ ഇദ്ദേഹം കഴിക്കാനും കുടിക്കാനും എന്തിന് മണക്കാൻ പോലും ആഗ്രഹിക്കുന്നത് ട്യൂണ മത്സ്യം ആണ്. കൻസസിലെ ലോറൻസിൽ നിന്നുള്ള 'ട്യൂണ ടൈലർ' എന്നറിയപ്പെടുന്ന മനുഷ്യനാണ് ഇത്തരത്തിൽ വിചിത്രമായ ഒരു ആസക്തിക്ക് അടിമപ്പെട്ടിരിക്കുന്നത്.
"മൈ സ്ട്രേഞ്ച് അഡിക്ഷൻ: സ്റ്റിൽ അഡിക്ഷൻ?" എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ടൈലർ തന്റെ വിചിത്രമായ ഈ ആസക്തിയെക്കുറിച്ച് തുറന്നു പറഞ്ഞത്. കാനുകളിൽ ലഭിക്കുന്ന ട്യൂണ മത്സ്യത്തോടാണ് ഇദ്ദേഹത്തിന് ആസക്തി. ഈ അമിതമായ ഭ്രമം മൂലം ഓരോ ദിവസവും 15 ക്യാൻ വരെ ട്യൂണ മത്സ്യം ഇദ്ദേഹം കഴിക്കാറുണ്ട്. എന്തിനേറെ പറയുന്നു ജ്യൂസ് അടിച്ചു കുടിക്കുന്നത് പോലും ട്യൂണയാണ്. കൂടാതെ എപ്പോഴും അതിൻറെ മണം ശ്വസിച്ചുകൊണ്ടിരിക്കാനും ഇയാൾ ആഗ്രഹിക്കുന്നു. യാത്ര ചെയ്യുമ്പോൾ പോലും മണക്കുന്നതിനായി ട്യൂണ മത്സ്യത്തിന്റെ ചെറിയ കാനുകൾ ഇദ്ദേഹം പോക്കറ്റിൽ സൂക്ഷിക്കാറുണ്ട്.
ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ടൈലറിന്റെ ഈ മത്സ്യത്തോടുള്ള അമിതമായ ഭ്രമം കുട്ടിക്കാലം മുതൽ തന്നെ ഉള്ളതാണെന്നാണ് അദ്ദേഹത്തിൻറെ അമ്മ ഉർസുല പറയുന്നത്. കുട്ടിക്കാലത്ത് സാധാരണയായി കുട്ടികൾ സമ്മാനമായി ആഗ്രഹിക്കുന്നത് ചോക്ലേറ്റും മറ്റു കളിപ്പാട്ടങ്ങളും ഒക്കെ ആയിരുന്നെങ്കിൽ ടൈലറെ സന്തോഷിപ്പിച്ചിരുന്നത് ട്യൂണ കാനകളും മറ്റു മീനുകളും സമ്മാനമായി നൽകുന്നതായിരുന്നു എന്നാണ് അമ്മ പറയുന്നത്. അമിതമായ ഈ ഭ്രമമാണ് ട്യൂണർ ടൈലർ എന്ന പേര് തന്നെ ഇദ്ദേഹത്തിന് സമ്മാനിച്ചത്.